24 April Wednesday

ഒരു വർഷമായിട്ടും വാക്കുപാലിക്കാത്ത സർക്കാരിനെതിരെ വീണ്ടും മഹാപ്രക്ഷോഭത്തിന് ഒരുങ്ങി കർഷകർ

എം അഖിൽUpdated: Saturday Jun 2, 2018

മഹാരാഷ്‌ട്രയിലെ ഐതിഹാസികമായ കിസാൻ ലോങ്‌ മാർച്ച്‌

ന്യൂഡൽഹി > ചരിത്രത്തിൽ ഇടംനേടിയ കർഷകപ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികത്തിൽ മഹാരാഷ്ട്രയിൽ വീണ്ടും മഹാപ്രക്ഷോഭത്തിന് ഒരുങ്ങി കർഷകർ. രാജ്യം ഉറ്റുനോക്കിയ കർഷകമുന്നേറ്റത്തിനു മുന്നിൽ മുട്ടുമടക്കിയ മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ ഒരുവർഷംമുമ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ കലക്ടറേറ്റുകളും തെഹസിൽ കാര്യാലയങ്ങളും ഉപരോധിച്ചു. 25 ജില്ലയിൽ അരങ്ങേറിയ പ്രക്ഷോഭത്തിൽ ആയിരക്കണക്കിനു കർഷകർ അണിനിരന്നു. ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ നഗരങ്ങളിലേക്കുള്ള പാൽ, പച്ചക്കറി വിതരണം മുടക്കി വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി.

കാർഷിക കടം എഴുതിത്തള്ളൽ, ആദായവിലയും ഭൂഅവകാശവും ഉറപ്പാക്കൽ, ക്ഷേമപെൻഷനുകൾ വർധിപ്പിക്കുക തുടങ്ങി സർക്കാർ നൽകിയ ഉറപ്പുകൾ എത്രയുംപെട്ടെന്ന് നടപ്പാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം ജൂൺ ഒന്നുമുതൽ പാൽ, പച്ചക്കറി വിതരണം മുടക്കി കർഷകർ നടത്തിയ പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കിയ സർക്കാർ കാർഷികകടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മഹാരാഷ്ട്രയിലെ കർഷകപ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കഴിഞ്ഞവർഷം ജൂൺ ആറിന് മധ്യപ്രദേശിലെ മന്ദ്സോറിൽ സമരം നടത്തിയ കർഷകർക്കുനേരെ പൊലീസ് നടത്തിയ വെടിവയ‌്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. മന്ദ്സോർ സംഭവത്തിന്റെ വാർഷികാചരണത്തിന്റെ ഭാഗമായി അഖിലേന്ത്യാ കിസാൻ കോ‐ഓർഡിനേഷൻ സമിതി നേതാക്കൾ ആറിന‌് മന്ദ്സോർ സന്ദർശിക്കും.

അഹമ്മദ് നഗർ ജില്ലയിലെ അകോൽ തെഹസിൽ കാര്യാലയത്തിനു മുന്നിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ അയ്യായിരത്തോളം കർഷകരും കർഷകത്തൊഴിലാളും പങ്കെടുത്തു. സിപിഐ എം, അഖിലേന്ത്യാ കിസാൻസഭ, സിഐടിയു നേതൃത്വത്തിൽ നടന്ന മഹാറാലിയെത്തുടർന്ന് കർഷകർ തെഹസിൽ കാര്യാലയം ഘെരാവോ ചെയ്തു. തെഹസിൽ കാര്യാലയത്തിനു മുന്നിൽ കർഷകർ പാൽ ഒഴുക്കി പ്രതിഷേധം രേഖപ്പെടുത്തി. അഖിലേന്ത്യാ കിസാൻസഭാ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിത് നവാലെ, സദാശിവ് സാബ്ലെ, നംദേ ഭാംഗ്റെ തുടങ്ങിയവർ പ്രക്ഷോഭത്തിന് നേതൃത്വം നൽകി.

കർഷകർക്ക് ഗുണകരമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കുന്നില്ലെന്ന് അശോക് ധാവ്ളെ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ കർഷകസമൂഹം കടുത്ത അമർഷത്തിലാണ്. 2016‐17 വർഷത്തിലെ കാർഷികകടങ്ങൾ എഴുതിത്തള്ളുകയെന്ന നിർണായക ആവശ്യം മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് പറയുന്നു. പാൽ ലിറ്ററിന് 27 രൂപ കുറഞ്ഞ താങ്ങുവില അനുവദിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. നിലവിൽ 17 രൂപയാണ്‌ താങ്ങുവില. നഗരമേഖലകളിൽ ആളുകൾ 55 രൂപയ്ക്കാണ് പാൽ വാങ്ങുന്നത്. എന്നാൽ, കർഷകർക്ക് അർഹതപ്പെട്ട തുക ലഭിക്കുന്നില്ല.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോർപറേറ്റുകളുടെ താൽപ്പര്യംമാത്രമാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകപ്രക്ഷോഭം ഒന്നാം വാർഷികം പിന്നിടുമ്പോഴും സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാൻ തയ്യാറായിട്ടില്ലെന്ന് അജിത് നവാലെ ചൂണ്ടിക്കാണിച്ചു. സർക്കാർ നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് അവരെ ഓർമിപ്പിക്കാനാണ് കർഷകർ ലോങ‌്മാർച്ച് സംഘടിപ്പിച്ചത്. വാഗ്ദാനങ്ങൾ ഉടൻ നടപ്പാക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയെങ്കിലും ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top