09 August Sunday

തൂത്തുക്കുടി കസ്റ്റഡിക്കൊല : എസ്‌ഐ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020


ചെന്നൈ
തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ രഘു ഗണേഷിനെ സിബിസിഐഡി അറസ്റ്റ്‌ ചെയ്‌തു. കൊലക്കുറ്റം ചുമത്തിയാണ്‌ അറസ്റ്റ്‌. നേരത്തെ ലോക്കൽ പൊലീസ്‌ ദുരൂഹ മരണത്തിനാണ്‌ കേസെടുത്തിരുന്നത്‌. കോടതി ഉത്തരവിനെ തുടർന്നാണ്‌ അന്വേഷണം സിബിസിഐഡി ഏറ്റെടുത്തത്‌.വ്യാപാരി പി ജയരാജിനെയും മകൻ ബെനിക്‌സിനെയും രാത്രിമുഴുവൻ മർദിച്ചതായി മൊഴി. മർദനം നടന്ന സാത്താൻകുളം സ്‌റ്റേഷനിലെ‌ വനിതാ കോൺസ്റ്റബിളാണ്‌ ജുഡീഷ്യൽ കമീഷന്‌ മൊഴി നൽകിയത്‌. ലാത്തി  ഉപയോഗിച്ചായിരുന്നു‌ മർദനം. മൂന്നാം മുറയായ ഉരുട്ടലും നടന്നു. മർദിച്ച മുറിയിലെ മേശയിലാക്കെ രക്തമുണ്ടായിരുന്നതായും മൊഴിയിലുണ്ട്‌. ഇത്‌ പിന്നീട്‌ വൃത്തിയാക്കി.

ക്രൂരമായ മർദനം നടന്ന രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ്‌ കോൺസ്റ്റബിൾ രേവതിയാണ്‌ കസ്റ്റഡിമർദനത്തിന്റെ വിവരങ്ങൾ ജുഡീഷ്യൽ കമീഷനോട്‌ പറഞ്ഞത്‌. മദ്രാസ്‌ ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിൽ കോവില്‍പെട്ടി മജിസ്ട്രേറ്റ് നൽകിയ നാലു പേജുള്ള റിപ്പോർട്ടിലാണ്‌ സുപ്രധാന മൊഴിയുള്ളത്‌. വനിതാ കോണ്‍സ്റ്റബിളിന്റെ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഉന്നതപൊലീസുദ്യോഗസ്ഥരുടെ എതിർപ്പിനെ തുടർന്ന്‌ ആദ്യം കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മനുഷ്യാവകാശ കമീഷൻ ഇടപെടൽ
ദേശീയ മനുഷ്യാവകാശ കമീഷൻ തമിഴ്‌നാട്‌ ഡിജിപി, തൂത്തുക്കുടി എസ്‌പി എന്നിവർക്ക്‌ നോട്ടിസ്‌ അയച്ചു. ഇൻക്വസ്റ്റ്‌ റിപ്പോർട്ട്‌, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌, ചികിത്സാരേഖ, ജുഡീഷ്യൽ കമീഷൻ അന്വേഷണ റിപ്പോർട്ട്‌ എന്നിവ സഹിതം ആറാഴ്‌ചയ്‌ക്കുള്ളിൽ സംഭവത്തിൽ റിപ്പോർട്ട്‌ നൽകണമെന്നാവശ്യപ്പെട്ടാണ്‌ നോട്ടീസ്‌ നൽകിയത്‌.

ശിക്ഷ ഉറപ്പാക്കണം: രജനികാന്ത്‌
കേസിൽ ഉള്‍പ്പെട്ട എല്ലാ പൊലീസുകാരുടെയും ശിക്ഷ ഉറപ്പാക്കണമെന്ന്‌‌ രജനികാന്ത് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top