09 August Sunday

തൂത്തുക്കുടി കസ്‌റ്റഡി കൊല : പൊലീസിന്‌ കുരുക്കായി സിസിടിവി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020


ചെന്നൈ
തൂത്തുക്കുടിയിൽ അച്ഛനെയും മകനെയും കസ്‌റ്റഡിയിൽ മർദിച്ചുകൊന്ന കേസിന്റെ എഫ്‌ഐആറിലെ പൊലീസ്‌ വാദങ്ങൾ പൊളിച്ച്‌ സിസിടിവി ദൃശ്യങ്ങൾ. ബെനിക്‌സ്‌ പൊലീസിനെ ആക്രമിച്ചു എത്തുൾപ്പെടെ എഫ്‌ഐആറിൽ രേഖപ്പെടുത്തിയത്‌ വ്യാജമെന്ന്‌ ദൃശ്യങ്ങൾ പറയുന്നു.

മരിച്ച  പി  ജയരാജും  മകൻ ജെ ബെനിക്‌സും ലോക്‌ഡൗൺ ലംഘിച്ചുവെന്നും പൊലീസിനെ ആക്രമിച്ചുവെന്നുമാണ്‌ എഫ്‌ഐആർ‌. പൊലീസിനെ ബെനിക്‌സ്‌ മർദിച്ചതായി ദൃശ്യത്തിലില്ല. പൊലീസിനോട് സംസാരിച്ച് ബെനിക്സ് മടങ്ങിവരുന്നത് വ്യക്തമാണ്‌. കടയ്ക്കുമുന്നിൽ സംഘർഷമോ വൻ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ല. 

കടയില്‍ രാത്രി ഒമ്പതിന്‌ വന്‍ ജനകൂട്ടം ആയിരുന്നെന്നും ഇത് ചോദ്യംചെയ്ത പൊലീസിനെ ആക്രമിച്ചുവെന്നുമാണ് എഫ്ഐആറിൽ പറയുന്നത്‌. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചു. അതിനെത്തുടർന്നാണ്‌ പരിക്കേറ്റതെന്നാണ്‌ പൊലീസ്‌ ഭാഷ്യം.  പൊലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടയ്‌ക്കാന്‍ ബെനിക്‌സ്‌ തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. കടയ്ക്കുമുന്നില്‍ അക്രമം നടന്നിട്ടില്ല.  സംഭവം നടക്കുന്നത്‌ 7.45നാണെന്നും ദൃശ്യങ്ങളിൽനിന്ന്‌ മനസ്സിലാക്കാം. ഇരുവരും അറസ്റ്റ്‌ പ്രതിരോധിക്കാൻ നിലത്തുകിടന്ന്‌ ഉരുണ്ടുവെന്നും അതിനെത്തുടർന്നാണ്‌ ആന്തരിക പരിക്കുകളെന്നവാദവും പൊളിഞ്ഞു. ജയരാജിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു കൊണ്ടുപോകുമ്പോൾ മകൻ ബെന്നിക്‌സ്‌ കടയ്‌ക്കുസമീപം നിൽകുന്നതും പിന്നീട്‌ ഇരുചക്ര വാഹനത്തിൽ പോകുന്നതുമാണ്‌ ദൃശ്യങ്ങളിൽ‌.

നാല്‌ ഇടിമുറിയെന്ന്‌ റിപ്പോർട്ട്‌
നിലവിൽ സസ്‌പെൻഷനിലുള്ള ഇന്‍സ്പെക്ടര്‍ ശ്രീധറിന്റെ മുറിക്ക് സമീപം നാല് ഇടിമുറിയുണ്ടെന്ന്‌ തൂത്തുക്കുടി ജില്ലാ ജഡ്ജി ഹൈക്കോടതിയുടെ മധുരെ ബഞ്ചിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടുവര്‍ഷമായി സിസിടിവി പ്രവര്‍ത്തിക്കുന്നില്ല. രേഖകള്‍ കൈമാറാന്‍ പൊലീസ് തയ്യാറാകുന്നില്ല. സാത്താന്‍കുളം സ്റ്റേഷനില്‍ മുമ്പ്‌ ഉരുട്ടിക്കൊല നടന്നെന്നും ഇതെല്ലാം ഒതുക്കിത്തീര്‍ത്തെന്നും റിപ്പോർട്ടിൽ പറയുന്നു

സ്റ്റേഷൻ ഏറ്റെടുക്കാൻ കോടതി ഉത്തരവ്‌
തൂത്തുക്കുടിയിലെ കുപ്രസിദ്ധമായ സാത്താൻകുളം പൊലീസ്‌ സ്‌റ്റേഷൻ ഹൈക്കോടതി ഏറ്റെടുത്തു. മദ്രാസ്‌ ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌‌. വ്യാപാരിയായ പി  ജയരാജിനെയും മകൻ ജെ ബെന്നിക്സിനെയും മർദിച്ചുകൊന്ന സംഭവത്തിൽ കോടതി സ്വമേധയാ അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു. അന്വേഷണവുമായി ‌ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ലെന്ന്‌ തൂത്തുക്കുടി ജില്ലാ ജഡ്ജി അറിയിച്ചതിനെത്തുടർന്നാണ്‌ അസാധാരണ നടപടി.

ജസ്റ്റിസുമാരായ പി എൻ പ്രകാശ്‌, ബി പുഗളേന്ദി എന്നിവരടങ്ങിയ ബെഞ്ച്‌  ജില്ലാ കലക്ടർ സന്ദീപ്‌ നന്ദുരിയോടും റവന്യൂ ഉദ്യോഗസ്ഥരോടും കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുക്കാൻ ആവശ്യപ്പെട്ടു. ഫോറൻസിക്‌ വകുപ്പ്‌ അഡീഷണൽ ഡയറക്ടറോട്‌ വിദഗ്ധ സംഘത്തെ അയച്ച്‌ തെളിവ്‌ ശേഖരിക്കാനും ആവശ്യപ്പെട്ടു.
കേസ്‌ സിബിഐക്ക്‌ കൈമാറുന്നതിൽ എതിർപ്പില്ലെന്നും അത്‌ സർക്കാരിന്റെ നയതീരുമാനമാണെന്നും കോടതി പറഞ്ഞു.

ശിക്ഷ ഉറപ്പാക്കണം–-സിബിസിഐ
തൂത്തുക്കുടിയിൽ മൊബൈൽ കട നടത്തുന്ന ജയരാജിനെയും മകൻ ഫെനിക്‌സിനെയും ലോക്‌ഡൗൺ ലംഘിച്ചുവെന്ന പേരിൽ പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ കൊലപ്പെടുത്തിയ സംഭവത്തെ കാത്തലിക്‌ ബിഷപ്‌സ്‌ കോൺഫറൻസ്‌ ഓഫ്‌ ഇന്ത്യ(സിബിസിഐ) അപലപിച്ചു. ജനങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ളവരിൽനിന്ന്‌ ഇത്രയും ക്രൂരത അംഗീകരിക്കാൻ കഴിയില്ല.  ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശിക്ഷ ഉറപ്പാക്കണം. കുടുംബത്തിന്‌ മതിയായ നഷ്ടപരിഹാരം സർക്കാർ നൽകണമെന്നും സിബിസിഐ അധ്യക്ഷൻ കർദ്ദിനാൾ ഓസ്‌വാൾഡ്‌ ഗ്രേഷ്യസ്‌ ആവശ്യപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top