26 March Tuesday

ബംഗാളിൽ പത്രിക നൽകാനെത്തിയ സിപിഐ എം വനിതാ സ്ഥാനാർഥിയെ കൊലപ്പെടുത്താൻ തൃണമൂൽ ശ്രമം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 24, 2018

തൃണമൂൽ വധശ്രമത്തിനിരയായ സിപിഐ എം വനിതാ സ്ഥാനാർഥി രാഖി റോയ്

കൊൽക്കത്ത > പശ്ചിമ ബംഗാളിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പത്രിക  നൽകാനെത്തിയ  സിപിഐ എം വനിതാ നേതാവിനെ കൊലപ്പെടുത്താൻ തൃണമൂൽ ഗുണ്ടകളുടെ ശ്രമം. അരാംബാഗ് ജില്ലാ പരിഷത്തിലേക്കുള്ള സി പി ഐ എം സ്ഥാനാർത്ഥിയും വനിതാ നേതാവുമായ രാഖി റോയിയെയാണ് തൃണമൂൽ അക്രമികൾ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. 

ഗുരുതരമായി പരിക്കേറ്റ രാഖിയെ വിദഗ്ധ ചികിത്സക്കായി മാറ്റി. വനിതാ നേതാവിനെതിരെയുള്ള വധശ്രമത്തെ സിപിഐ എം അപലപിച്ചു .

നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂൽ അക്രമം കാരണം പത്രിക സമര്‍പ്പിക്കാന്‍ ഇടതുമുന്നണി ഉൾപ്പെടയുള്ള പ്രതിപക്ഷ കക്ഷികൾക്ക് കഴിഞ്ഞിരുന്നില്ല .  സിപിഐ എം ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികളുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പകല്‍ 11 മുതല്‍ മൂന്നുവരെ ഹൈക്കോടതി  പത്രിക സമർപ്പിക്കാൻ അധികസമയം അനുവദിച്ചിരുന്നു .എന്നാൽ  ഹൈക്കോടതി ഉത്തരവ് പ്രകാരം ലഭിച്ച അധികസമയവും സംസ്ഥാനവ്യാപകമായി അക്രമം സൃഷ്ടിച്ച്  തൃണമൂൽ കോൺഗ്രസ് അട്ടിമറിച്ചു. സംഘര്‍ഷത്തില്‍ രണ്ടിടത്തായി രണ്ടുപേര്‍  ഇതുവരെ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പത്രിക സമര്‍പ്പിക്കേണ്ട ​സര്‍ക്കാര്‍ ഓഫീസുകള്‍ തോക്കുകളടക്കമുള്ള ആയുധങ്ങളുമായി ഉപരോധിച്ച തൃണമൂൽ ഗുണ്ടകൾ   സംസ്ഥാനവ്യാപകമായി സിപിഐ എം പാര്‍ടി ഓഫീസുകള്‍ ആക്രമിച്ചു.
ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കാട്ടുവയില്‍ സിപിഐ എം ജില്ലാകമ്മിറ്റി അം​ഗം തപൻ കോണാരുടെ കൈ തൃണമൂൽ അക്രമി സംഘം  തല്ലിയൊടിച്ചു.

സിപിഐ എം റാലികള്‍ക്കെതിരെ കല്ലേറും ബോംബാക്രമണവുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. തൃണമൂല്‍ ആക്രമണത്തിനെതിരെ പ്രതിഷേധറാലി സംഘടിപ്പിച്ച സിപിഐ എം കേന്ദ്രകമ്മിറ്റി അം​ഗവും നിയമസഭാകക്ഷി നേതാവുമായ സുജന്‍ ചക്രവര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. നേതാക്കൾ ഉൾപ്പെടെ നിരവധി പാർടി പ്രവർത്തകർക്ക് പൊലീസ് നടപടികളിൽ  പരിക്കേറ്റു. 

ദക്ഷിണ 24 പര്‍​ഗാനാസ് ജില്ലയിലെ ബാരിപുരില്‍ തൃണമൂല്‍ ആക്രമണത്തിനെതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതിന്റെപേരിലാണ് സുജന്‍ ചക്രവര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്.സംസ്ഥാനത്തൊട്ടാകെ പത്രിക സമർപ്പിക്കേണ്ട എസ്ഡിഒ, ബ്ലോക്ക് ഓഫീസുകളുടെ മുമ്പില്‍ തൃണമൂലുകാര്‍ ആയുധങ്ങളുമായി റോന്തുചുറ്റുകയും പ്രതിപക്ഷ സ്ഥാനാർഥികളെയും പ്രവർത്തകരെയും തടയുകയും മർദിക്കുകയും ചെയ്തു. പത്രിക സമര്‍പ്പിക്കാനെത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കണമെന്ന കോടതി നിർദേശം കാറ്റില്‍ പറത്തി മമതയുടെ പൊലീസ് നോക്കുകുത്തികളായി.

പലയിടത്തും തൃണമൂല്‍ ആക്രമികളുടെ കാവല്‍ക്കാരായി മാറിയ പൊലീസ് പ്രതിപക്ഷകക്ഷി പ്രവർത്തകര്‍ക്കെതിരെ ലാത്തി വീശി. സംസ്ഥാനവ്യാപകമായി സിപിഐ എമ്മിന്റെ നിരവധി ഓഫീസുകൾ തകർത്ത് പത്രികകളും രേഖകളും നശിപ്പിച്ചു.

പൂർവ ബർദ്വമാൻ ജില്ലയിലെ കാട്ടുവ, പശ്ചിമ മെദിനിപ്പുർ ജില്ലയിലെ ചന്ദ്രകോണ, മൂർഷിദാബാദ് ജില്ലയിലെ ലാല്‍ബാഗ്, കിഴക്കൻ മെദിനിപ്പുർ ഹാൾദിയ, പാസ്കുറ ദക്ഷിണ 24 പർഗാനസ് ജില്ലയിലെ ഡയമണ്ട് ഹാർബർ എന്നിവിടങ്ങളില്‍ സിപിഐ എം ഓഫീസുകള്‍ തൃണമൂലുകാർ അടിച്ചു തകർത്തു. പാര്‍ടി ഓഫീസുകളിലുണ്ടായിരുന്ന സ്ഥാനാർഥികളെയും പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദിച്ചു.

മൂർഷിദാബാദില്‍ കോണ്‍ഗ്രസ് എംപി അബു ഹസ്സൻഖാൻ ചൗധരിയുടെ വാഹനം അടിച്ചുതകർത്തു. പ്രമുഖ കോണ്‍​ഗ്രസ് നേതാവ് മനോജ് ചക്രവർത്തിക്ക് മര്‍ദനമേറ്റ് തലപൊട്ട

മെയ് ഒന്നിനും മൂന്നിനും അഞ്ചിനുമാണ് ബം​ഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. കോടതിവിധിയെത്തുടർന്ന‌് തെരഞ്ഞെടുപ്പ് മാറ്റിവച്ചെങ്കിലും പുതിയ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. പ്രതിപക്ഷത്തെ പത്രികസമര്‍പ്പിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐഎം ഉൾപ്പെടെ നല്കിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് പത്രിക സമര്‍പ്പിക്കാന്‍ കോടതി ഒരു അവസരംകൂടി അനുവദിച്ചത്.

പ്രധാന വാർത്തകൾ
 Top