21 October Monday

ബാബ്‌റി മസ്‌ജിദ്‌ കേസ്‌ : കല്യാൺ സിങ്‌ നേരിട്ട്‌ ഹാജരാകണം

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2019


ന്യൂഡൽഹി
ബാബ്‌റി മസ്‌ജിദ്‌ തകർത്തതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചന കേസിൽ മുൻ രാജസ്ഥാൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കല്യാൺസിങ്ങിന് വിചാരണ കോടതിയുടെ നോട്ടീസ്. സെപ്തംബർ 27ന് ലഖ്‌നൗ സിബിഐ കോടതിയിൽ നേരിട്ട് ഹാജരാകണം. കല്യാൺ സിങ്ങിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ അപേക്ഷ പരിഗണിച്ച് പ്രത്യേക ജഡ്‌ജി എസ് കെ യാദവിന്റേതാണ് നടപടി. ഗവർണർ എന്ന നിലയിൽ കല്യാൺ സിങ്ങിന് ലഭിച്ചിരുന്ന ഭരണഘടനാ പരിരക്ഷ ഇല്ലാതായതോടെയാണ് സിബിഐ കോടതിയെ സമീപിച്ചത്. 1993ൽ കുറ്റം ചുമത്തിയിരുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി.

1992 ഡിസംബർ ആറിന്‌ ബാബ്‌റി പള്ളി തകർത്തപ്പോൾ മുതി‌ർന്ന ബിജെപി നേതാക്കളായ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയവർക്കൊപ്പം ക്രിമിനൽ ഗൂഢാലോചനക്കുറ്റമാണ് അന്നത്തെ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ്ങിനെതിരെ ചുമത്തിയത്. 2001 മേയിൽ സെഷൻസ് കോടതി കേസ് റദ്ദാക്കിയെങ്കിലും 2017 ഏപ്രിലിൽ സുപ്രീംകോടതി പുനഃസ്ഥാപിച്ചു. രാജസ്ഥാൻ ഗവർണറായതിനാൽ വിചാരണയിൽനിന്ന് ഒഴിവാക്കിയ സുപ്രീംകോടതി പദവി ഒഴിയുന്നതോടെ കുറ്റം ചുമത്താമെന്ന് വ്യക്തമാക്കിയിരുന്നു. ഈ മാസം ഒമ്പതിനാണ്‌ ഗവർണർ സ്ഥാനമൊഴി‌ഞ്ഞത്‌. വീണ്ടും ബിജെപിയിൽ അംഗത്വമെടുത്ത് സജീവമായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top