21 May Tuesday

ഉമർ ഖാലിദിന്‌ നേരെ വെടിയുതിർത്തവർ പിടിയിൽ

സ്വന്തം ലേഖകന്‍Updated: Wednesday Aug 22, 2018

ന്യൂഡല്‍ഹി > പാര്‍ലമെന്റിന് സമീപം ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനുനേരെ വെടിയുതിര്‍ത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തവര്‍ പൊലീസ് പിടിയിലായി. ഉത്തരവാദിത്തം ഏറ്റെടുത്ത് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട നവീന്‍ ദലാല്‍, ദര്‍വേശ് ഷാപൂര്‍ എന്നിവരാണ് ഞായറാഴ്ച ഹരിയാനയില്‍ പിടിയിലായത്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ഹരിയാന, പഞ്ചാബ് പൊലീസിന്റെ സഹായത്തോടെയാണ് ഡല്‍ഹി പൊലീസ് ഇവര്‍ക്കായി അന്വേഷണം നടത്തിയത്.


ഉമര്‍ഖാലിദിനെ അക്രമിച്ചത് തങ്ങളുടെ സ്വാതന്ത്യ്രദിന സമ്മാനമാണെന്നായിരുന്നു ഇവര്‍ അവകാശപ്പെട്ടത്്. സ്വാതന്ത്യ്രസമര പോരാളിയായിരുന്ന കര്‍ട്ടാര്‍ സിങ് സരാഭയുടെ ലുധിയാന ജില്ലയിലെ ഗ്രാമത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍വെച്ച് 17ന് പകല്‍ 12ന് കീഴടുങ്ങുമെന്ന് ഇവര്‍ പറഞ്ഞിരുന്നു. ഇത് പ്രതീക്ഷിച്ച് ഡല്‍ഹി പൊലീസ് പഞ്ചാബിലെ ഈ ഗ്രാമത്തില്‍ എത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.


കടുത്ത വിദ്വേഷം നിറഞ്ഞ വാക്കുകളാണ് ഇരുവരും വീഡിയോയിലൂടെ പറഞ്ഞത്. പാകിസ്ഥാന്‍ അനുകൂലികളെയാണ് തങ്ങള്‍ ആക്രമിച്ചതെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. വീഡിയോയില്‍ പ്രത്യിക്ഷപ്പെട്ടവരും അക്രമികളുടെ സിസിടിവി ദൃശ്യങ്ങളും  തമ്മില്‍ പൊലീസ് ഒത്തുനോക്കിയിരുന്നു. ഉമര്‍ ഖാലിദിന്റെയും ദൃക്സാക്ഷികളുടെയും മൊഴികളും പൊലീസ് ശേഖരിച്ചിരുന്നു. സ്വാതന്ത്യ്രദിനത്തിനു രണ്ടുദിവസം മുമ്പ് പാര്‍ലമെന്റിന് സമീപത്തെ അതിസുരക്ഷാമേഖലയിലെ കോണ്‍സ്റ്റിറ്റ്യുഷന്‍ ക്ളബ്ബിനു മുന്നിലാണ് ഉമര്‍ഖാലിദ് ആക്രമിക്കപ്പെട്ടത്.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top