04 December Friday

സമോസയിൽ ആലു ഉണ്ടോ, ബിഹാറിൽ ലാലുവുമുണ്ട് ; എതിരാളികൾക്ക്‌ നേരെ ലാലുവിന്റെ പരിഹാസം

എം പ്രശാന്ത‌്Updated: Tuesday Oct 20, 2020


ന്യൂഡൽഹി
‘സമോസയിൽ ആലു ഉള്ളിടത്തോളം ബിഹാറിൽ ലാലുവുണ്ടാകും’–- രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്ന എതിരാളികൾക്ക്‌ നേരെയാണ് ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ്‌ യാദവിന്റെ പരിഹാസം. നാല്‌ പതിറ്റാണ്ടിനിടെ ലാലുവിന്റെ അഭാവത്തിൽ ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ ആദ്യം. കാലിത്തീറ്റ കേസിൽ  ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ തടവിലുള്ള ലാലുവിന്‌ തെരഞ്ഞെടുപ്പിനു മുമ്പ് ജാമ്യം കിട്ടില്ല.  നവംബർ ഒമ്പതിന്‌ മാത്രമേ ജാമ്യഹര്‍ജി പരിഗണിക്കൂ. തൊട്ടടുത്ത ദിവസമാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്.

പ്രത്യക്ഷ സാന്നിധ്യമില്ലെങ്കിലും ലാലു മാര്‍​ഗനിര്‍ദേശവുമായി മുന്നിലുണ്ടെന്ന് ആർജെഡി നേതാക്കൾ.  കോവിഡ്‌ വ്യാപനം കണക്കിലെടുത്ത്‌ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്‌റ്റിറ്റ്യുട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസ്‌ ഡയറക്ടറുടെ വസതിയിലാണ്‌ ലാലു കഴിയുന്നത്‌. ട്വിറ്റർ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ലാലു സജീവം. ആർജെഡിയുടെ പോസ്‌റ്ററുകളിൽ നിറയുന്നത് മകൻ തേജസ്വി. ‘പുതിയ ചിന്ത, പുതിയ ബിഹാർ’ എന്ന മുദ്രാവാക്യമാണ്‌ ആർജെഡി ഉയർത്തുന്നത്‌.

എഴുപതുകളിൽ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക്‌ വന്ന ലാലു 1977ൽ 29–-ാം വയസ്സിൽ ലോക്‌സഭാംഗമായി. 1977 മുതൽ ബിഹാറിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും താരപ്രചാരകനാണ്‌ ലാലു. എതിരാളികളുടെ സംസാരരീതിയും മറ്റും ഹാസ്യശൈലിയിൽ അനുകരിച്ചും തമാശകൾ പൊട്ടിച്ചുമുള്ള  പ്രസംഗങ്ങൾക്ക്‌ ആരാധകരേറെ. അഞ്ചുവട്ടം ലോക്‌സഭാംഗം, നാലുവട്ടം എംഎൽഎ, രണ്ടുവട്ടം മുഖ്യമന്ത്രി, കേന്ദ്ര റെയിൽവേ മന്ത്രി–- ജയിലിലായെങ്കിലും രാഷ്ട്രീയജീവിതത്തിൽ ലാലുവിന് വിശ്രമമില്ല.

ലാലുവിനെ വേട്ടയാടി ആര്‍ജെഡിയെ തളയ്ക്കാനാണ് എതിര്‍പക്ഷത്തുള്ള മുഖ്യമന്ത്രി നിതീഷും ഉപമുഖ്യമന്ത്രി സുശീൽ മോഡിയും പ്രചാരണത്തിലുടനീളം ശ്രമിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top