22 October Tuesday
നാസയും വിക്രമിന്റെ ചിത്രമെടുത്തു

ബൈ ബൈ വിക്രം ; പ്രതീക്ഷ മങ്ങിയതായി ഐഎസ്‌ആർഒ സൂചന

ദിലീപ്‌ മലയാലപ്പുഴUpdated: Thursday Sep 19, 2019

തിരുവനന്തപുരം >  വിക്രം ലാൻഡറിനെ ഉണർത്താനുള്ള ശ്രമങ്ങൾ വിജയം കണ്ടില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവം അസ്‌തമിക്കാൻ രണ്ട്‌ ദിവസംകൂടി മാത്രമാണ്‌ ബാക്കി. ഇതിനിടെ  ലാൻഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാമെന്നുള്ള പ്രതീക്ഷ മങ്ങിയതായാണ്‌ ഐഎസ്‌ആർഒ നൽകുന്ന സൂചന. 

 ചാന്ദ്രയാൻ–-2 ദൗത്യത്തിന്റെ പ്രധാന പേടകമായ ഓർബിറ്ററിൽ നിന്നും  ബംഗളൂരുവിലെ മിഷൻ കൺട്രോൾ സെന്ററിൽ നിന്നും തുടർച്ചയായി നൽകുന്ന സന്ദേശങ്ങളോട്‌ ഇതുവരെയും ലാൻഡർ പ്രതികരിച്ചിട്ടില്ല. അവസാനമായി വെള്ളിയാഴ്‌ചയും ശനിയാഴ്‌ച പുലർച്ചെയുമായി സന്ദേശങ്ങൾ നൽകും. ഇതുകൂടി കഴിഞ്ഞാൽ ശ്രമം ഉപേക്ഷിക്കേണ്ടിവരും. ചന്ദ്രനിലെ 14 ദിവസം നീളുന്ന പകൽ അവസാനിക്കുന്നത്‌ ശനിയാഴ്‌ചയാണ്‌.  സൂര്യപ്രകാശം ഇല്ലാതാകുന്നതോടെ ലാൻഡറിലെ സൗരോർജ പാനലും നിലയ്‌ക്കും.

ദക്ഷിണധ്രുവം അതിശൈത്യമേഖലയായതിനാൽ ഹൈഫ്രീക്വൻസി ആന്റിന, റിസീവർ, ട്രാൻസ്‌മിറ്റർ, ഡീകോഡിങ്‌ സർക്യൂട്ടുകൾ തുടങ്ങിയവയടക്കം  ലാൻഡറിലെ ഉപകരണങ്ങളെ ഇനി പ്രവർത്തിപ്പിക്കാൻ കഴിയില്ല.

 ദക്ഷിണധ്രുവത്തിൽ  പതുക്കെ ഇറങ്ങാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ഏഴിനാണ്‌ വിക്രം അപ്രതീക്ഷിതമായി നിയന്ത്രണംവിട്ട്‌ ഇടിച്ചിറങ്ങിയത്‌. ചാന്ദ്രപ്രതലത്തിന്‌ 2.1 കിലോമീറ്റർ മുകളിൽ ഭൂമിയുമായുള്ള ലാൻഡറിന്റെ ബന്ധം നഷ്ടപ്പെട്ടിരുന്നു. ദക്ഷിണധ്രുവത്തിൽ ഇറങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലത്തിന്‌ 30 മീറ്റർ അകലെയായി വീണുകിടക്കുന്ന നിലയിൽ ലാൻഡറിനെ ചാന്ദ്രയാൻ–-2 ന്റെ ഓർബിറ്റർ കണ്ടെത്തിയിരുന്നു.

 ധ്രുവത്തിന്‌ മീതെ പറക്കുമ്പോഴാണ്‌ ലാൻഡറിന്റെ തെർമൽ ഇമേജ്‌ ഓർബിറ്റർ പകർത്തിയത്‌. എന്നാൽ, ഈ ചിത്രത്തിന്‌ വ്യക്തത പോരായിരുന്നു. തുടർന്ന്‌ വീണ്ടും ഒരിക്കൽക്കൂടി ചിത്രമെടുത്തിരുന്നു. നാസയുടെ ചാന്ദ്രനിരീക്ഷണ ഓർബിറ്റർ ബുധനാഴ്‌ച ദക്ഷിണ ധ്രുവത്തിന്‌ മുകളിൽ എത്തിയപ്പോൾ വിക്രം ലാൻഡറിന്റെ ചിത്രം എടുക്കാൻ ശ്രമം നടത്തി. ഇതുസംബ്നധിച്ച വിശദാംശങ്ങൾ വരുംദിവസങ്ങളിലേ ലഭ്യമാകൂ.


പ്രധാന വാർത്തകൾ
 Top