31 March Tuesday

2020ലെ ജിഡിപി 5.4 ശതമാനം മാത്രമായിരിക്കും: മൂഡീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020


ന്യൂഡൽഹി
2020ലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം(ജിഡിപി) 5.4 ശതമാനം മാത്രമായിരിക്കുമെന്ന്‌ മൂഡീസ്‌ റിപ്പോർട്ട്‌. 6.6 ശതമാനമാകും ജിഡിപിയെന്ന്‌ നേരത്തെ മൂഡീസ്‌ പറഞ്ഞിരുന്നു. ഇതിൽനിന്നു വളരെ കുറവാണ്‌ ഉണ്ടാകുകയെന്ന്‌ മൂഡീസ്‌ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറഞ്ഞു. മാന്ദ്യം  മറികടക്കാൻ കേന്ദ്രസർക്കാർ ബജറ്റിൽ ഒരു പോംവഴിയും ശുപാർശ ചെയ്യുന്നില്ല. ഇപ്പോഴത്തെ സാമ്പത്തിക പാദത്തിൽ വളർച്ച നിരക്കിന്‌ അനുകൂലമായി മാറ്റങ്ങൾ പ്രകടമാണെങ്കിലും കുത്തനെയുള്ള വളർച്ചയുണ്ടാകില്ല. 2020ൽ 5.4 ശതമാനവും 2021ൽ 5.8 ശതമാനവുമാണ് മൂഡീസ്‌ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി.

ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കഴിഞ്ഞ രണ്ടു വർഷത്തിനിടെ കുത്തനെ താഴ്ന്നിരുന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ ഈ തിരിച്ചടി ഇന്ത്യ മറികടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അന്താരാഷ്ട്ര തലത്തിൽ തന്നെയുണ്ടായ സംഭവ വികാസങ്ങൾ അതിനു തിരിച്ചടിയായി. കൊറോണ വൈറസ് വ്യാപനത്തിന്റെ ഫലമായി ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഉടലെടുത്ത വെല്ലുവിളികള്‍ ഇന്ത്യയുടെ വീണ്ടെടുക്കലിനെ ബാധിക്കുമെന്നും മൂഡീസ് റിപ്പോർട്ടിൽ പറഞ്ഞു.
2020ല്‍ ചൈനയുടെ ജിഡിപി വളര്‍ച്ച 5.2 ശതമാനമായി കുറയുമെന്നും മൂഡീസ് റിപ്പോർട്ട് ചെയ്‌തു. 2021ല്‍ 5.7 ശതമാനം വളര്‍ച്ച  ചൈനയ്‌ക്കുണ്ടാകുമെന്നാണ് പ്രവചനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top