30 September Saturday
അർബുദമരുന്നിൽ താരതമ്യേന വിലകുറഞ്ഞ നാലെണ്ണംമാത്രമാണ്‌ പട്ടികയിൽ

അവശ്യമരുന്നുപട്ടികയിൽ 
ഒത്തുകളിയെന്ന്‌ ആക്ഷേപം ; കോവിഡ്‌ വാക്‌സിനുകളെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 14, 2022



ന്യൂഡൽഹി
ജനങ്ങളുടെ മരുന്നുചെലവ്‌ കുറയ്‌ക്കാനെന്ന പേരിൽ കേന്ദ്രസർക്കാർ തയ്യാറാക്കിയ ദേശീയ മരുന്നുപട്ടിക പ്രയോജനം ചെയ്യില്ലെന്ന്‌ ആശങ്ക. മരുന്നുനിർമാണ കമ്പനികളുമായി ഒത്തുകളിച്ച്‌ കേന്ദ്രം വൈകിപ്പിച്ച പട്ടികയിൽ രാജ്യത്ത്‌ മൊത്തം വിൽക്കുന്ന മരുന്നുകളുടെ 20 ശതമാനംപോലുമില്ല. കോവിഡ്‌ വാക്‌സിനുകളെ ഈ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. അർബുദമരുന്നുകളിൽ താരതമ്യേന വിലകുറഞ്ഞ നാലെണ്ണംമാത്രമാണ്‌ പട്ടികയിൽ.

കൂടുതൽ ഫലപ്രദമായ മരുന്നുകൾ പട്ടികയിൽനിന്ന്‌ ഒഴിവാക്കിയത്‌ ദുരൂഹമാണ്‌. അർബുദചികിത്സയിൽ ഫലപ്രാപ്‌തിയാണ്‌ പരമപ്രധാനമെന്നിരിക്കെ വിലകുറഞ്ഞ നാല്‌ മരുന്നിനെ പട്ടികയിൽ ഉൾപ്പെടുത്തിയശേഷം അർബുദചികിത്സ ചെലവ്‌ കുറയുമെന്ന്‌ അവകാശപ്പെടുന്നത്‌ തട്ടിപ്പാണ്‌. കൂടുതൽ അർബുദമരുന്നുകൾ അവശ്യമരുന്നുകളുടെ പട്ടികയിൽ കൊണ്ടുവരണമെന്നതാണ്‌ ലോകാരോഗ്യസംഘടനയുടെ നിലപാട്‌.

അവശ്യമരുന്ന്‌ പട്ടികയെന്ന ആശയം 1977ലാണ്‌ ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചത്‌. അക്കൊല്ലം ഇത്തരത്തിൽ പട്ടികയും പുറത്തിറക്കി. എന്നാൽ, ഇന്ത്യയിൽ 1996 മുതലാണ്‌ ഈ പട്ടിക തയ്യാറാക്കി തുടങ്ങിയത്‌. 2003, 2011, 2015 വർഷങ്ങളിൽ പട്ടിക പരിഷ്‌കരിച്ചു. മോദിസർക്കാർ വന്നശേഷം പരിഷ്‌കരണനടപടികൾ നീണ്ടു. വിദഗ്‌ധസമിതി റിപ്പോർട്ട്‌ വന്നിട്ട്‌ ഒരു വർഷം കഴിഞ്ഞു. മരുന്നുകളുടെ വില കുതിച്ചുകയറിയപ്പോൾ കേന്ദ്രം നോക്കുകുത്തിയായി. ഇപ്പോൾ പട്ടിക പ്രസിദ്ധീകരിച്ചെന്ന പേരിൽ വിലകുറയുമെന്ന്‌ അവകാശപ്പെടുന്ന സർക്കാർ ബഹുഭൂരിപക്ഷം ഔഷധങ്ങളുടെ വിലനിയന്ത്രണത്തിന്റെ കാര്യത്തിൽ മൗനത്തിലാണ്‌.

ഔഷധനിർമാണത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുമില്ല. കോവിഡ്‌ വാക്‌സിൻപോലും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിർമിക്കാൻ കേന്ദ്രം താൽപ്പര്യം കാട്ടിയില്ല. പരീക്ഷണകാലഘട്ടം കഴിഞ്ഞില്ലെന്ന പേരിലാണ്‌ കോവിഡ്‌ വാക്‌സിനുകളെ ഇപ്പോഴത്തെ പട്ടികയിൽനിന്ന്‌ ഒഴിവാക്കിയത്‌. കോവിഡ്‌ രൂക്ഷമായ കാലത്ത്‌ സൗജന്യവാക്‌സിൻ വിതരണത്തിന്‌ കേന്ദ്രം സന്നദ്ധമായത്‌ സുപ്രീംകോടതി ഇടപെടലിനുശേഷമാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top