22 October Tuesday

ഡിവൈഎഫ‌്ഐ നേതാവ‌് അശോകിന‌് തമിഴകത്തിന്റെ വീരവണക്കം

വി കെ അനുശ്രീUpdated: Saturday Jun 15, 2019

മണ്ണിലടങ്ങില്ല... ജാതിഭ്രാന്തന്മാർ അരുംകൊലചെയ്ത ഡിവൈഎഫ‌്ഐ നേതാവ‌് അശോകിന്റെ സംസ്‌കാരച്ചടങ്ങുകൾ അഖിലേന്ത്യാ പ്രസിഡന്റ‌് മുഹമ്മദ‌് റിയാസിന്റെ നേതൃത്വത്തിൽ നടന്നപ്പോൾ


തിരുനെൽവേലി
തിരുനെൽവേലിയിൽ ജാതിഭ്രാന്തന്മാർ അരുംകൊലചെയ്ത ഡിവൈഎഫ‌്ഐ നേതാവ‌് അശോകിന‌് തമിഴകത്തിന്റെ അന്ത്യാഞ്ജലി. തിരുനെൽവേലി മെഡിക്കൽ കോളേജ‌് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഡിവൈഎഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് മുഹമ്മദ‌് റിയാസിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

വിലാപയാത്രയായി സ്വദേശമായ തച്ചനല്ലൂർ കരയിരുപ്പിലേക്ക‌് കൊണ്ടുപോയി. തമിഴ‌്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് എത്തിയ ആയിരക്കണക്കിന‌ു പാർടി പ്രവർത്തകരും സുഹൃത്തുക്കളും അനുഗമിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം എം എൻ എസ‌് വെങ്കിട്ടരാമൻ പാർടി പതാകയും മുഹമ്മദ‌് റിയാസ‌് ഡിവൈഎഫ‌്ഐ പതാകയും പുതപ്പിച്ചു. വ്യാഴാഴ്ച പകൽ രണ്ടിന‌് കരയിരുപ്പിൽ നടന്ന സംസ്കാരച്ചടങ്ങിനും വൻ ജനാവലി സാക്ഷ്യം വഹിച്ചു.

തൊട്ടുകൂടായ്മയ്ക്കെതിരായ സമരങ്ങളിൽ മുന്നണിപ്പോരാളിയായിരുന്നു അശോക‌്. രാപ്പകൽ ഭേദമില്ലാതെ സഹായവുമായി ഓടിയെത്തുന്ന പ്രിയ സഖാവ‌് ഇനിയില്ലെന്ന‌് ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ. കരഞ്ഞുതളർന്ന അമ്മ ആവുടയമ്മാളും അച്ഛൻ മുരുകനും നാടിന്റെ നൊമ്പരമായി. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ, സഹോദരങ്ങളായ മണിയുടെയും സതീഷിന്റെയും ദുഃഖം നിസ്സഹായരായി കണ്ടുനിൽക്കാനേ ജനക്കൂട്ടത്തിനായുള്ളൂ.

പ്രദേശവാസിയായ പേച്ചിരാജന്റെ നേതൃത്വത്തിൽ മേൽജാതിക്കാരായ ഏഴംഗ സംഘമാണ‌് അശോകിനെ ബുധനാഴ്ച രാത്രി കരയിരുപ്പ‌് ബസ‌് സ‌്റ്റോപ്പിൽ ആക്രമിച്ച‌് കൊലപ്പെടുത്തിയത‌്.  അറസ്റ്റ‌് വൈകിപ്പിച്ച പൊലീസ‌് നടപടിയിൽ പ്രതിഷേധിച്ച‌് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന‌് ബന്ധുക്കളും പാർടി പ്രവർത്തകരും പ്രഖ്യാപിച്ചിരുന്നു. സിപിഐ എം തമിഴ‌്നാട‌് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സിപിഐ എം, ഡിവൈഎഫ‌്ഐ പ്രവർത്തകരും വ്യാഴാഴ്ച വൈകിട്ടുവരെ റോഡ‌് ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ അക്രമിസംഘത്തിലെ മൂന്നുപേരെ അറസ്റ്റ‌് ചെയ്യാൻ പൊലീസ‌് നിർബന്ധിതരായി.

ഒന്നാം പ്രതി പേച്ചിരാജൻ ഉൾപ്പെടെ ബാക്കി നാലുപേരെയും രണ്ടുദിവസത്തിനകം അറസ്റ്റ‌് ചെയ്യും എന്ന‌് പൊലീസ‌് ഉറപ്പുനൽകി. അശോകിന്റെ കുടുംബത്തിന‌് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ളവ ഉറപ്പാക്കാമെന്ന‌് ജില്ലാ ഭരണനേതൃത്വവും ഉറപ്പുനൽകി. കൊലയിൽ പ്രതിഷേധിച്ച‌് ശനിയാഴ‌്ച രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിക്കാൻ ഡിവൈഎഫ‌്ഐ കേന്ദ്രഎക്‌സിക്യൂട്ടീവ്‌ കൗൺസിൽ  ആഹ്വാനം ചെയ‌്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top