30 May Saturday

എൻപിആർ : അമിത്‌ ഷായുടെ ഉറപ്പ്‌ കണ്ണിൽ പൊടിയിടൽ

എം പ്രശാന്ത‌്Updated: Saturday Mar 14, 2020



ന്യൂഡൽഹി
പൗരത്വ നിയമത്തിൽ വാജ്‌പേയ്‌ സർക്കാർ 2003ൽ കൊണ്ടുവന്ന ഭേദഗതി നിലനിൽക്കുന്നിടത്തോളം ദേശീയ ജനസംഖ്യാ രജിസ്‌റ്ററിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷാ കഴിഞ്ഞ ദിവസം രാജ്യസഭയിൽ നൽകിയ ഉറപ്പിന്‌ പ്രസക്തിയില്ല. എൻപിആറിൽ മൂന്ന്‌ ഉറപ്പാണ്‌ അമിത്‌ ഷാ രാജ്യസഭയിൽ നൽകിയത്‌. എൻപിആറിന്‌ ആരോടും രേഖകൾ ആവശ്യപ്പെടില്ല, എൻപിആർ ചോദ്യാവലിയിൽ ഇഷ്ടമുള്ളവയ്‌ക്ക്‌ മാത്രം ഉത്തരം നൽകിയാൽ മതി, ഉത്തരം നൽകിയില്ലെന്നതിനാൽ ആരെയും ‘സംശയിക്കപ്പെടുന്നവരായി’ മുദ്രകുത്തില്ല എന്നിങ്ങനെയായിരുന്നു ഷായുടെ ഉറപ്പ്‌. എന്നാൽ, 2003 ലെ ഭേദഗതി പ്രകാരം എൻപിആറിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എപ്പോൾ വേണമെങ്കിലും ദേശീയ ജനസംഖ്യാ രജിസ്‌റ്റർ (എൻആർസി) കേന്ദ്രത്തിന്‌ തയ്യാറാക്കാമെന്ന വ്യവസ്ഥയുണ്ട്‌. എൻആർസി തയ്യാറാക്കില്ലെന്നോ 2003 ലെ വ്യവസ്ഥ മാറ്റുമെന്നോ അമിത്‌ ഷാ പറഞ്ഞിട്ടില്ല. അതിനാൽ എൻആർസി ഉപയോഗപ്പെടുത്തി ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും ആദിവാസികൾക്കും മറ്റുമെതിരായി കേന്ദ്രം നീങ്ങുമെന്ന ആശങ്ക നിലനിൽക്കുകയാണ്‌.

അമിത്‌ ഷാ രാജ്യസഭയിൽ നൽകിയ മൂന്ന്‌ ഉറപ്പുകളും എൻപിആർ തയ്യാറാക്കുന്ന ഘട്ടത്തിൽ പാലിക്കേണ്ടവയാണെന്ന്‌ 2003 ലെ ഭേദഗതി ചട്ടങ്ങളിൽ പറയുന്നില്ല. എൻപിആർ എന്നത്‌ രാജ്യത്ത്‌ താമസിക്കുന്നവരുടെ പേരുവിവരം രേഖപ്പെടുത്തലാണ്‌. 2010ൽ യുപിഎ സർക്കാരാണ്‌ ആദ്യ എൻപിആർ തയ്യാറാക്കിയത്‌. 2015ൽ മോഡി സർക്കാർ എൻപിആർ പരിഷ്‌കരിച്ചു. 2020 ലെ സെൻസസിനൊപ്പം വീണ്ടും എൻപിആർ തയ്യാറാക്കാനാണ്‌ കേന്ദ്രനീക്കം. ഇതിൽ മാറ്റമില്ലെന്ന്‌ അമിത്‌ ഷായുടെ മറുപടി വ്യക്തമാക്കുന്നു.

എൻആർസി തയ്യാറാക്കുമ്പോൾ പ്രാദേശിക രജിസ്‌ട്രാർമാർ എൻപിആറിലൂടെ ശേഖരിക്കപ്പെട്ട വ്യക്തിവിവരങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കും. ഈ ഘട്ടത്തിലാണ്‌ ഏതെങ്കിലും വിവരങ്ങൾ ഇല്ലാതിരിക്കൽ, ചോദ്യങ്ങൾക്കുള്ള ഉത്തരത്തിൽ അവ്യക്തത തുടങ്ങിയ കാരണങ്ങളാൽ ആളുകളെ ‘സംശയിക്കപ്പെടുന്നവരുടെ’ പട്ടികയിൽ ഉൾപ്പെടുത്തുക. ഇത്തരത്തിൽ സംശയിക്കപ്പെടുന്നവർക്ക്‌ നിശ്ചിത കാലാവധിക്കുള്ളിൽ തൃപ്‌തികരമായ വിശദീകരണം നൽകാനായില്ലെങ്കിൽ അവരെ പൗരത്വ പട്ടികയിൽനിന്ന്‌ നീക്കംചെയ്യും.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top