25 May Monday

ഡൽഹി കലാപം : മുഖം തിരിച്ചറിയൽ സാങ്കേതികത ഉപയോഗിക്കരുത്‌:- സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Mar 14, 2020


ന്യൂഡൽഹി 
ഡൽഹി കലാപത്തിന്‌ ഉത്തരവാദികളായവരെ കണ്ടെത്തുന്നതിന്‌ മുഖം തിരിച്ചറിയൽ സാങ്കേതികത ഉപയോഗിക്കുന്നതിൽനിന്ന്‌ ഡൽഹി പൊലീസും സർക്കാരും പിന്മാറണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ ആവശ്യപ്പെട്ടു. കുഴപ്പക്കാരെ കൃത്യമായി കണ്ടെത്താൻ ഈ സാങ്കേതികതയ്‌ക്കാവില്ലെന്നും പിബി പറഞ്ഞു.

പാർലമെന്റിൽ ഡൽഹി കലാപം ചർച്ചയ്‌ക്കുള്ള മറുപടിയിലാണ്‌ മുഖം തിരിച്ചറിയൽ സാങ്കേതികത ഉപയോഗിക്കുന്നതായി അമിത്‌ ഷാ പറഞ്ഞത്‌.
സിസിടിവി ക്യാമറകളും മറ്റും പൊലീസ്‌ തന്നെ അടിച്ചുതകർക്കുന്നതിന്റെ കൃത്യമായ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്‌. കലാപകാരികളെ സഹായിക്കുന്നതിനു പുറമെയാണ്‌ പൊലീസ്‌ ക്യാമറകൾ തകർത്തത്‌. അതുകൊണ്ട്‌ ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പക്ഷപാതപരമായി ഉപയോഗപ്പെടുത്താനുള്ള സാധ്യതയും വളരെയേറെയാണ്‌.

മുഖംതിരിച്ചറിയൽ സാങ്കേതികതയ്‌ക്ക്‌ രണ്ടു ശതമാനം മാത്രമാണ്‌ കൃത്യതയെന്ന്‌ ഡൽഹി പൊലീസും വനിത–- ശിശുക്ഷേമ മന്ത്രാലയവും 2018ൽ ഡൽഹി ഹൈക്കോടതി മുമ്പാകെ പറഞ്ഞിരുന്നു. ആഭ്യന്തര മന്ത്രി പറഞ്ഞ കാര്യത്തിനായി ഈ സാങ്കേതികത ഉപയോഗിക്കാൻ നിയമപരമായ എന്തെങ്കിലും പിൻബലമോ കോടതി ഉത്തരവോ നിലവിലില്ല.  ഈ സാങ്കേതികതയുടെ ഉപയോഗം സ്വകാര്യതയുടെ ലംഘനവും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തിനു വിരുദ്ധവുമാണ്‌.

കുഴപ്പക്കാരെ കണ്ടെത്തുന്നതിനായി ഈ സാങ്കേതികത ഉപയോഗിക്കുമ്പോൾ മത–-ജാതി ഭേദമുണ്ടാകില്ലെന്ന ആഭ്യന്തര മന്ത്രിയുടെ അവകാശവാദത്തെ തള്ളിക്കളയുകയാണ്‌. ഈ സാങ്കേതികത ദുരുപയോഗിക്കുമെന്നതിൽ സംശയമില്ലെന്നും- പിബി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top