24 August Saturday

ആരു നയിക്കുമെന്ന‌് തീരുമാനിക്കേണ്ടതാര‌് ; എഐസിസി ആസ്ഥാനം മൂകം

പി ആര്‍ ചന്തുകിരണ്‍Updated: Friday Jul 5, 2019


ന്യൂഡൽഹി
രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിഞ്ഞെന്ന‌് പ്രഖ്യാപിച്ചതോടെ ഇനി ആരാണ‌് പുതിയ നേതാവ‌് എന്ന അനിശ്ചിതത്വത്തിലാണ‌് കോൺഗ്രസ‌്. പുതിയ അധ്യക്ഷനെ കണ്ടെത്താൻ ബുധനാഴ‌്ച പ്രവർത്തക സമിതിചേരും. സമവായത്തിലൂടെ കണ്ടെത്തുകയാണ‌് ലക്ഷ്യം. പ്രവർത്തകസമിതി അധ്യക്ഷനെ തീരുമാനിച്ചാൽ ആറ‌ു മാസത്തിനകം എഐസിസി അംഗീകാരം നൽകണം. എതിർപ്പുണ്ടായാൽ തെരഞ്ഞെടുപ്പിലേക്ക‌് പോകും. നെഹ‌്റു കുടുംബത്തിന‌ു പുറത്തുനിന്നുള്ള ഒരാളെ പൊതുവായി  അംഗീകരിക്കുമോ എന്നാണ‌് ഉയരുന്ന ചോദ്യം.

മുതിർന്ന നേതാക്കൾ ആത്മാർഥമായി പ്രവർത്തിച്ചില്ലെന്ന രാഹുലിന്റെ അതൃപ‌്തി ചൂണ്ടിക്കാട്ടി പൂർണമായ അഴിച്ചുപണിയാണ‌് യുവനേതാക്കൾ ആവശ്യപ്പെടുന്നത‌്. കാര്യമായ അഴിച്ചുപണി ഉണ്ടാകില്ലെന്ന‌് കോൺഗ്രസ‌് വൃത്തങ്ങൾ പറഞ്ഞു. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനെ തുടർന്നുള്ള സ്വഭാവിക മാറ്റം മാത്രമാണ‌് ഉണ്ടാകുക. കുടുംബത്തിന‌് പുറത്തുനിന്നുള്ളതാകണം പുതിയ അധ്യക്ഷൻ എന്ന‌് രാഹുൽ നിർദേശിച്ചിട്ടുണ്ട‌്. 21 വർഷത്തിനുശേഷം നെഹ‌്റു കുടുംബത്തിന‌് പുറത്തുനിന്നുള്ള അധ്യക്ഷൻ ഉണ്ടാകുമെന്ന‌് ഉറപ്പായി.

മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന നേതാവുമായ സുശീൽ കുമാർ ഷിൻഡേ, ലോകസഭാ കക്ഷി നേതാവായിരുന്ന മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ‌്നിക‌് എന്നിവരാണ‌് പരിഗണിക്കപ്പെടുന്നത‌്. യുവനേതാക്കളിൽനിന്ന‌് സച്ചിൻ പൈലറ്റിന്റെ പേരും സജീവമാണ‌്. മോത്തിലാൽ വോറ, ഗുലാംനബി ആസാദ‌് എന്നിവരിലൊരാൾ താൽക്കാലിക അധ്യക്ഷനായേക്കും.

രാഹുലിന്റെ രാജി തീരുമാനത്തെ  പ്രിയങ്ക ഗാന്ധി പിന്തുണച്ചു. അധികമാരും കാണിക്കാത്ത ധൈര്യമാണിതെന്നും തീരുമാനത്തെ ബഹുമാനിക്കുന്നെന്നും പ്രിയങ്ക ട്വീറ്റ‌് ചെയ‌്തു. അധികാരസ്ഥാനങ്ങൾ കടിച്ചുതൂങ്ങാനുള്ളതല്ല എന്നസന്ദേശമാണ‌് രാഹുൽഗാന്ധി നൽകുന്നതെന്ന‌് സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. രാജി പിൻവലിക്കണമെന്ന‌് നിരന്തരം അഭ്യർഥിച്ചിരുന്നവരാണ‌് സമ്മർദ്ദത്തിന‌് രാഹുൽ വഴങ്ങുന്നില്ലെന്ന‌് ഉറപ്പായപ്പോൾ ധീരമായ തീരുമാനമെന്നും മറ്റും പ്രകീർത്തിച്ച‌് രംഗത്തെത്തിയത‌്.


പ്രധാന വാർത്തകൾ
 Top