10 August Monday

കെട്ടിടനിർമാണം: കേരളം ബദൽ മാർഗം തേടും

സ്വന്തം ലേഖകൻUpdated: Sunday Aug 25, 2019

ന്യൂഡൽഹി > തുടർപ്രളയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ പരിസ്ഥിതിക്കും ഭൂമിശാസ്‌ത്രത്തിനും ഇണങ്ങുന്ന മട്ടിൽ നിർമാണരീതികളിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. കോൺക്രീറ്റ്‌ നിർമിതികളിൽനിന്ന്‌ പിന്മാറി ബദൽനിർമാണസാധ്യതയെ പരമാവധി ഉപയോഗപ്പെടുത്തുന്ന ശൈലി ആവിഷ്‌കരിക്കാനാണ്‌ നീക്കം. പ്രീ ഫാബ്രിക്കേഷൻ, സ്‌റ്റീൽ ഫാബ്രിക്കേഷൻ, ജിഎഫ്‌ആർജി (ഗ്ലാസ്‌ ഫൈബർ റീഇൻഫോഴ്‌സ്‌ഡ്‌ ജിപ്‌സം) തുടങ്ങി വിദേശരാജ്യങ്ങളിലുൾപ്പെടെ വിജയിച്ച ബദൽനിർമാണരീതികൾ വ്യാപകമാക്കാനാണ്‌ ആലോചന. ഇതുസംബന്ധിച്ച്‌ ദേശീയ തലത്തിലുള്ള വിദഗ്‌ദ്ധരുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചർച്ചകൾ നടത്തും.

 പ്രകൃതിവിഭവങ്ങളെ ചൂഷണംചെയ്യുന്നത്‌ പരമാവധി കുറച്ചുള്ള നിർമാണരീതിക്കായിരിക്കും പ്രാധാന്യം കൊടുക്കുക. പാറപൊട്ടിക്കലും മണലെടുപ്പുംപോലെ പ്രകൃതിയെ പ്രതികൂലമായി ബാധിക്കുന്ന പ്രവൃത്തികൾ ഘട്ടംഘട്ടമായി കുറയ്‌ക്കും. ബദൽ നിർമാണരീതികളിലൂടെ നിർമാണച്ചെലവ്‌ കാര്യമായി കുറയ്‌ക്കാനാകും. അനാവശ്യ സമയനഷ്ടവും സാധനസാമഗ്രികളുടെ ധൂർത്തും ഒഴിവാക്കാം. ഒരോ ഭൂവിഭാഗത്തിനും അനുയോജ്യമായ കെട്ടിടനിർമാണസാമഗ്രികൾ ഉപയോഗിക്കും. പ്രീ ഫ്രാബിക്കേഷനും ജിഎഫ്‌ആർജിയും കേരളത്തിൽ പ്രയോഗിച്ച്‌ വിജയിച്ചിട്ടുണ്ട്‌. മദ്രാസ്‌ ഐഐടി ജിഎഫ്‌ആർജി പാനലുകൾ ഉപയോഗിച്ച്‌ മാതൃകാവീട്‌ നിർമിച്ചിരുന്നു. ഹരിപ്പാട്‌ കെഎസ്‌ഇബി ഓഫീസിന്റെ നിർമാണവും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നടത്തും. 
കോൺക്രീറ്റ്‌ വീടുകൾക്ക്‌ മാത്രമേ ആയുസ്സുണ്ടാകൂവെന്ന തെറ്റിദ്ധാരണയാണ്‌ ബദൽ നിർമാണ രീതി വ്യാപിപ്പിക്കുന്നതിനുള്ള പ്രധാന തടസ്സമെന്ന്‌ കേരള സ്‌റ്റേറ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിസൈൻ (കെഎസ്‌ഐഡി) പ്രിൻസിപ്പൽ മനോജ്‌കുമാർ  കിണി പ്രതികരിച്ചു. ബദൽ നിർമാണരീതികൾവഴി നിർമിക്കുന്ന കെട്ടിടങ്ങൾക്ക്‌ 80–- 100 കൊല്ലംവരെ ആയുസ്സുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പരിസ്ഥിതിക്ക്‌ കോട്ടമുണ്ടാക്കുന്ന  നിർമാണപ്രവർത്തനങ്ങളിൽനിന്ന്‌ വിദേശരാഷ്ട്രങ്ങൾ പൂർണമായും പിൻവാങ്ങുകയാണ്‌.

 തുടർപ്രളയങ്ങളുടെ പശ്ചാത്തലത്തിൽ കേരളവും ഈ മാറ്റത്തെ ഉൾക്കൊള്ളേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയെയും പരിസ്ഥിതിയെയുംകൂടി കണക്കിലെടുത്താണ്‌ കെയർ കേരള പദ്ധതിയുടെ ഭാഗമായ വീടുകൾ നിർമിക്കുന്നത്‌. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന രീതിയിലാണ്‌ ഇത്തരം വീടുകളുടെ രൂപകൽപ്പന.
കഴിഞ്ഞവർഷത്തെ പ്രളയത്തിൽ വീട്‌ നഷ്ടമായ ചെറുതല ചെറുവള്ളിത്തറയിൽ ഗോപാലകൃഷ്‌ണനും കുടുംബത്തിനും സഹകരണവകുപ്പ്‌ കെയർഹോം പദ്ധതിയിൽ നൽകിയ വീട്‌ ഇത്തവണത്തെ പ്രളയത്തെ അതിജീവിച്ചത്‌ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
താഴ്‌ന്ന പ്രദേശങ്ങളിൽ തൂണുകൾ ഉപയോഗിച്ചാണ്‌ ഈ വീട്‌ നിർമിച്ചത്‌. ഇത്തരം ഗൃഹനിർമാണരീതി സ്വീകരിക്കാൻ കൂടുതൽപേർ എത്തിയാൽമാത്രമേ ബദൽനിർമാണരീതി വ്യാപകമാക്കാനാകൂവെന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തൽ.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top