16 June Sunday

മസൂദ‌് അസറിനെ മോചിപ്പിച്ചത‌് ബിജെപി സർക്കാർ; രാജ്യം ഇന്നും വലിയവില നൽകുകയാണ‌് ആ തീരുമാനത്തിന‌്

എം പ്രശാന്ത‌്Updated: Friday Feb 15, 2019

ന്യൂഡൽഹി> വാജ‌്പേയ‌ിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ കാലത്ത‌് സംഭവിച്ച ഗുരുതരമായ സുരക്ഷ–- ഇന്റലിജൻസ‌് വീഴ‌്ചയാണ‌് ജെയ‌്ഷെ മുഹമ്മദ‌് എന്ന ഭീകരസംഘടനയുടെ സൃഷ്ടിക്ക‌് കാരണമായത‌്. ഇന്നിപ്പോൾ മോഡി സർക്കാരിന‌് സംഭവിച്ച ഗുരുതരമായ ഇന്റലിജൻസ‌് പിഴവ‌് ജെയ‌്ഷെ മുഹമ്മദ‌് ആസൂത്രണംചെയ‌്ത ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നിന‌് വഴിയൊരുക്കുകയും ചെയ‌്തു.രണ്ട‌ു ഘട്ടങ്ങളിലും നിലവിലെ ദേശ‌ീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ദോവലിന്റെ സാന്നിധ്യമുണ്ടെന്നതും ശ്രദ്ധേയം.

1999ൽ ഒന്നാം എൻഡിഎ സർക്കാരിന്റെ കാലത്ത‌് ഇന്ത്യൻ ഇന്റലിജൻസ‌് ഏജൻസികൾക്കും സുരക്ഷാ സംവിധാനത്തിനുമുണ്ടായ പാളിച്ചയാണ‌് ജെയ‌്ഷെ മുഹമ്മദിന്റെ സ്ഥാപകനായ മസൂദ‌് അസറെന്ന ഭീകരന്റെ ജയിൽ മോചനത്തിന‌് വഴിയൊരുക്കിയത‌്.  തീവ്രവാദപ്രവർത്തനങ്ങളിൽ ഏർപ്പെട്ട കുറ്റത്തിന‌് ജയിലിൽ അടയ‌്ക്കപ്പെട്ട മസൂദ‌് അസറിനെ 1999ലെ ഇന്ത്യൻ എയർലൈൻസ‌് വിമാന റാഞ്ചലിനെ തുടർന്ന‌് വാജ‌്പേയി സർക്കാരിന‌് മോചിപ്പിക്കേണ്ടിവന്നു.

പാകിസ്ഥാനിലെത്തിയ മസൂദ‌് അസർ ജെയ‌്ഷെ മുഹമ്മദെന്ന ഭീകരസംഘടനയ‌്ക്ക‌് രൂപംനൽകുകയാണ‌് ആദ്യം ചെയ‌്തത‌്.  2001ൽ ഡിസംബറിൽ പാർലമെന്റ‌് ആക്രമണം ആസൂത്രണംചെയ‌്ത‌ അസർ ഇന്ത്യക്കെതിരായ പ്രവർത്തനങ്ങൾക്ക‌് തുടക്കമിട്ടു. 2008 ഡിസംബറിൽ ലോകത്തെ തന്നെ ഞെട്ടിച്ച മുംബൈ ആക്രമണം നടത്തി. 2016ൽ പത്താൻകോട്ടെ വ്യോമ താവളം ആക്രമിച്ചു. 1999ൽ അസറിനെ മോചിപ്പിച്ച ബിജെപി സർക്കാരിന്റെ നടപടിക്ക‌് രാജ്യം ഇന്നും വലിയവില നൽകുകയാണ‌്.

1999 ഡിസംബർ 24നാണ‌് കാഠ‌്മണ്ഡുവിൽനിന്ന‌്  ഡൽഹിയിലേക്ക‌് പറന്ന ഇന്ത്യൻ എയർലൈൻസ‌് വിമാനം ഹർക്കത്തുൽ മുജാഹിദീൻ ഭീകരർ റാഞ്ചിയത‌്. അന്ന‌്   ഭീകരരുമായി വിലപേശലിന‌ു പോയത‌് ഇന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ‌് അജിത് ദോവലും മറ്റ‌ു രണ്ടുപേരും. അസറിനെയടക്കം മൂന്ന‌ു ഭീകരരെ വിട്ടുകിട്ടുക, ഭീകരപ്രവർത്തനങ്ങൾക്കായി വൻതുക ബിജെപി സർക്കാർ നൽകുക എന്നീ ആവശ്യങ്ങളാണ‌് ഭീകരർ മുന്നോട്ടുവച്ചത‌്.

ദോവൽ ഇതെല്ലാം അംഗീകരിച്ചു. അസർ അടക്കമുള്ള ഭീകരരെയും പണംനിറച്ച പെട്ടിയുമായി അന്നത്തെ വിദേശമന്ത്രി ജസ്വന്ത‌് സിങ‌് കാണ്ഡഹാറിലേക്ക‌് പറന്നു. അന്ന‌് രക്ഷപ്പെട്ട അസർ ഇന്നും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു. കശ‌്മീരിൽ തീവ്രവാദപ്രവർത്തനങ്ങൾ ഇല്ലാതാക്കുമെന്ന അവകാശവാദവുമായി അധികാരത്തിലെത്തിയ മോഡി സർക്കാരിന്റെയും സുരക്ഷാ ഉപദേഷ്ടാവ‌് അജിത് ദോവലിന്റെയും പിഴവുകൾ അസറിന‌് കാര്യങ്ങൾ എളുപ്പമാക്കുകയുമാണ‌്.


പ്രധാന വാർത്തകൾ
 Top