16 June Sunday

"താഴ‌്‌വരയെ കലുഷിതമാക്കിയത‌് നയതന്ത്ര വീഴ‌്ചകൾ'; കശ‌്മീരിൽ തലകുനിക്കുന്ന എൻഡിഎ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

ന്യൂഡൽഹി > താഴ‌്‌വരയിലെ സംഘർഷം മൂർഛിപ്പിച്ചത‌് രാഷ‌്ട്രീയകരുനീക്കങ്ങളും അമിത ബലപ്രയോഗവും നയതന്ത്രവീഴ‌്ചകളും. 2014 മെയ‌് മാസത്തിൽ മോഡി സർക്കാർ അധികാരമേറ്റശേഷം കശ‌്മീരിലെ സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടെന്ന‌് കേന്ദ്രസർക്കാരും ബിജെപിയും അവസരം കിട്ടുമ്പോഴെല്ലാം ആവർത്തിച്ചു. എന്നാൽ, കശ‌്മീരിൽ സമാധാനവും വികസനവും ഉറപ്പാക്കുമെന്ന വാഗ‌്ദാനം പാലിക്കാൻ എൻഡിഎ സർക്കാർ ഒരു നീക്കവും നടത്തിയില്ല.

സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ, കശ‌്മീർ ജനതയിൽ വിശ്വാസം ജനിപ്പിക്കാനുള്ള നടപടികൾ, തൊഴിലില്ലായ‌്മ കുറയ‌്ക്കാനും വികസനം ഉറപ്പാക്കാനുമുള്ള പദ്ധതികൾ, സൈന്യത്തിന്റെ ഇടപെടൽ ഘട്ടംഘട്ടമായി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ–- തുടങ്ങി പ്രായോഗികമെന്ന‌് വിലയിരുത്തപ്പെടുന്ന കർമപരിപാടികൾ ഒന്നും ഉണ്ടായില്ല.

2016 ജൂലൈയിൽ ഹിസ‌്ബുൾ മുജാഹിദീൻ കമാൻഡറായ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെത്തുടർന്ന‌് കശ‌്മീർ മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്ക‌് സാക്ഷ്യംവഹിച്ചു. നൂറ്റിഇരുപതിലേറെ നാട്ടുകാർ കൊല്ലപ്പെടുകയും പെല്ലറ്റ‌് ഗൺ പ്രയോഗത്തിൽ നൂറിലധികം പേർ അന്ധരാകുകയും ചെയ‌്തു. പാർലമെന്റിൽ വിഷയം ചർച്ചയായപ്പോൾ ‘ഒരുതരത്തിലുമുള്ള വിട്ടുവീഴ‌്ചയ‌്ക്കും തയ്യാറല്ലെന്ന’ നിലപാടിൽ സർക്കാർ ഉറച്ചുനിന്നു. കശ‌്മീർവിഷയം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിന‌ു മുന്നിൽ ഒടുവിൽ സർക്കാരിന‌്  വഴങ്ങേണ്ടി വന്നു.
 
2016 സെപ‌്തംബറിൽ ആഭ്യന്തരമന്ത്രി രാജ‌്നാഥ‌് സിങ്ങിന്റെ നേതൃത്വത്തിൽ 20 പാർടികളിലെ 26 എംപിമാർ അംഗങ്ങളായ സർവകക്ഷിസംഘം കശ‌്മീർ സന്ദർശിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ കക്ഷികളെയും വിശ്വാസത്തിലെടുത്തുള്ള ചർച്ചകൾക്കുപകരം, മുഖ്യധാരയിലുള്ള ചില സംഘടനകളുമായി പേരിന‌് കൂടിക്കാഴ്ച നടത്തി ഈ സംഘം ചർച്ചകൾ അവസാനിപ്പിച്ചു.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, ജെഡിയു നേതാവായിരുന്ന ശരദ‌്‌ യാദവ‌്, ആർജെഡി നേതാവ‌് ജയ‌്പ്രകാശ‌് നാരായൺ എന്നിവരടങ്ങിയ സംഘം വീട്ടുതടങ്കലിലായിരുന്ന ഹുറിയത്ത‌് നേതാവ‌് സെയ‌്ദ‌് അലി ഷാ ഗീലാനി, ജെകെഎൽഎഫ‌് നേതാവ‌് യാസീൻ മാലിക‌് തുടങ്ങിയവരുമായി ചർച്ച നടത്താൻ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. സർവകക്ഷിസംഘത്തിലുള്ള വിശ്വാസക്കുറവ‌് പ്രകടിപ്പിച്ച‌് ഗീലാനിയടക്കമുള്ളവർ ചർച്ചകളിൽനിന്ന‌് വിട്ടുനിൽക്കുകയായിരുന്നു.

2017 ഏപ്രിലിൽ ശ്രീനഗർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട‌് നടന്ന പ്രതിഷേധങ്ങൾക്ക‌ുനേരെ സുരക്ഷാസേന നടത്തിയ വെടിവയ‌്പിൽ എട്ട‌് നാട്ടുകാർ കൊല്ലപ്പെട്ടതും കശ‌്മീരി യുവാവിനെ സൈന്യം ജീപ്പിന‌ു മുന്നിൽ മനുഷ്യകവചമായി ഉപയോഗിച്ച സംഭവവും താഴ‌്‌വരയെ വീണ്ടും കലുഷിതമാക്കി.

2017 ഒക്ടോബറിൽ കശ‌്മീർ ചർച്ചകൾക്ക‌് മധ്യസ്ഥനായി ഇന്റലിജൻസ‌് ബ്യൂറോ മുൻ മേധാവി ദിനേശ്വർ ശർമയെ നിയമിച്ചിട്ടും സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ ഒരടിപോലും മുന്നോട്ടുനീങ്ങിയില്ല. പിഡിപി സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ച‌് കശ‌്മീർ വീണ്ടും ഗവർണർഭരണത്തിന‌ു കീഴിലായതോടെ സംഘർഷങ്ങൾ വർധിച്ചേക്കുമെന്ന‌ പ്രവചനം എല്ലാഭാഗത്ത‌ുനിന്നും ഉണ്ടായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top