ന്യൂഡൽഹി
വികല മാനസികാവസ്ഥയുള്ളവരാണ് അതിർത്തി കൈയേറുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 18–-ാം നൂറ്റാണ്ടിലെ ചിന്തയാണ് ഇതിന് കാരണം. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കുന്നുണ്ടെന്നും രാജസ്ഥാനിലെ ജയ്സാൽമറിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
പരസ്പരം മനസ്സിലാക്കുകയും വിശദീകരിക്കുകയുമാണ് ഇന്ത്യയുടെ നയം. ആരെങ്കിലും ഇന്ത്യയുടെ ശേഷി പരീക്ഷിക്കാൻ ശ്രമിച്ചാൽ തക്ക മറുപടി നൽകും. ധീരരായ സൈനികരാണ് രാജ്യത്തെ സംരക്ഷിക്കുന്നത്. ആവശ്യമുള്ള സന്ദർഭങ്ങളിൽ ഇന്ത്യ കരുത്തും രാഷ്ട്രീയ ഇച്ഛാശക്തിയും പ്രകടിപ്പിച്ചിട്ടുണ്ട്. ഭീകരരെ താവളങ്ങളിൽ കയറി ഇന്ത്യ ഇല്ലാതാക്കുന്നു.
ആയുധഇറക്കുമതി കുറച്ചുകൊണ്ടുവരികയാണ്. തദ്ദേശീയമായി പരമാവധി നിർമിക്കും. 1971ൽ പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ രാജസ്ഥാനിലെ ലോംഗെവാല അതിർത്തിപോസ്റ്റിൽ ഇന്ത്യൻസൈന്യം വീരഗാഥ രചിച്ചതിന്റെ 50–-ാം വാർഷികം അടുത്തവർഷം ആചരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സൈനികർക്ക് മൂന്ന് ഉപദേശവും പ്രധാനമന്ത്രി നൽകി. പുതിയ കാര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും അവ ജീവിതത്തിൽ പകർത്തുകയും ചെയ്യണം. യോഗ പതിവായി അഭ്യസിക്കണം. മാതൃഭാഷ, ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്ക് പുറമെ മറ്റൊരു ഭാഷകൂടി പഠിക്കണം.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി രാവിലെ അതിർത്തിയിൽ എത്തിയത്. സംയുക്തസേനാ തലവൻ ബിപിൻ റാവത്ത്, കരസേന മേധാവി എം എം നരവനെ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..