21 September Saturday

കേദാർനാഥിൽ ധ്യാനമിരുന്ന‌് മോഡി

സ്വന്തം ലേഖകൻUpdated: Saturday May 18, 2019

ന്യൂഡൽഹി 
കൈവീശിയും ഫോട്ടോയെടുക്കാൻ പോസ‌് ചെയ‌്തും പ്രധാനമന്ത്രി കേദാർനാഥിലെ ഗുഹയിൽ ധ്യാനമിരിക്കാനെത്തി. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഫലം 23 ന‌് വരാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേദാർനാഥ‌്, ബദരീനാഥ‌് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന‌് ഉത്തരാഖണ്ഡിലെത്തി.

സ്വന്തം മണ്ഡലമായ വാരാണസിയിൽ ഞായറാഴ‌്ച വോട്ടെടുപ്പ‌് നടക്കാനിരിക്കെ രാവിലെ ഹെലികോപ‌്ടറിൽ കേദാർനാഥിലെത്തിയ മോഡി ക്ഷേത്രത്തിൽ പ്രാർഥിച്ചു. പ്രളയത്തിൽ തകർന്ന കേദാർനാഥിലെ പുനർനിർമാണങ്ങൾ വിലയിരുത്തി. തുടർന്ന‌് രണ്ട‌് കിലോമീറ്റർ അകലെയായുള്ള ഗുഹയിൽ ധ്യാനത്തിനായി പോയി. മോഡിയുടെ സന്ദർശനം മുൻനിർത്തി വലിയ സുരക്ഷയാണ‌് കേദാർനാഥിൽ ഒരുക്കിയത‌്. ഉത്തരാഖണ്ഡിലെ പരമ്പരാഗത വേഷമായ പഹാരിയെന്ന നീളൻകുപ്പായവും തൊപ്പിയുമാണ‌് മോഡി ധരിച്ചത‌്. വലിയ മാധ്യമപ്പടയും അനുഗമിച്ചു. പ്രാർഥനയ‌്ക്ക‌് ശേഷം തീർഥാടകരെ അഭിവാദ്യംചെയ‌്ത മോഡി ഗുഹയിലേക്ക‌് നടന്നു.

കൈവീശിയും വിദൂരതയിലേക്ക‌് നോക്കിയും പലപ്പോഴും ക്യാമറകൾക്ക‌് പോസുചെയ‌്തു. ഗുഹയിലെത്തി വന്ദിച്ച മോഡി കാവി ഷാൾ പുതച്ച‌് ധ്യാനത്തിനിരുന്നു. ക്യാമറകൾക്ക‌് ചിത്രമെടുക്കാൻ സമയം നൽകിയശേഷം മാധ്യമ പ്രവർത്തകരെയും മറ്റാളുകളെയും ഒഴിവാക്കി. രാവിലെവരെയാണ‌് ധ്യാനം. ബദരീനാഥ‌് ക്ഷേത്രത്തിൽ മോഡി ഞായറാഴ‌്ച ദർശനം നടത്തും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top