അഹമ്മദാബാദ് > പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇത്തവണയും രണ്ട് മണ്ഡലത്തിൽ മത്സരിക്കുന്നു. നിലവിൽ പ്രതിനിധാനം ചെയ്യുന്ന ഉത്തർപ്രദേശിലെ വാരണാസിക്കുപുറമേ ഗുജറാത്തിലെ വഡോദരയിലാണ് മത്സരിക്കുക. 2014 ലെ തെരഞ്ഞെടുപ്പിൽ ഈ രണ്ട് മണ്ഡലത്തിൽനിന്നും വിജയിച്ച മോഡി വഡോദര ഒഴിവാക്കി വാരണാസി നിലനിർത്തുകയായിരുന്നു. യുപിയിൽ എസ്പി–-ബിഎസ്പി–-ആർഎൽഡി സഖ്യം നിലവിൽ വന്നതോടെയാണ് വാരണാസിക്കൊപ്പം വഡോദരയിൽക്കൂടി മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 25 സീറ്റും നേടിയ ബിജെപിക്ക് ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല.
അതുകൊണ്ട് മോഡിയെ സ്ഥാനാർഥിയാക്കിയാൽ സംസ്ഥാനത്ത് മേൽക്കൈ നിലനിർത്താനാകുമെന്നാണ് ബിജെപി നേതൃത്വം കണക്കുക്കൂട്ടുന്നത്. വഡോദരയിൽ മത്സരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടാൽ അത് നിരസിക്കാൻ നരേന്ദ്ര മോഡിക്കാകില്ലെന്ന് വഡോദര മണ്ഡലത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പങ്കജ് ദേശായി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡി ലോക്സഭയിലേക്ക് മത്സരിക്കുമ്പോൾ ഏറ്റവും സുരക്ഷിത മണ്ഡലമായാണ് വഡോദരയെ കണ്ടത്. 5.7 ലക്ഷം വോട്ടുകൾക്കാണ് വിജയിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് സീറ്റും ബിജെപി വിജയിച്ചെങ്കിലൂം ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായി. കോൺഗ്രസ് പ്രശാന്ത് പട്ടേലിനെ ഇവിടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..