25 June Tuesday

മധ്യപ്രദേശ്‌ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കം

സ്വന്തം ലേഖകൻUpdated: Tuesday May 21, 2019

ന്യൂഡൽഹി
എക്സിറ്റ‌്പോളുകൾ മധ്യപ്രദേശിൽ കോൺഗ്രസിന‌് കനത്ത തിരിച്ചടി പ്രവചിച്ചതോടെ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കം. കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ‌് സർക്കാരിന‌് ഭൂരിപക്ഷം നഷ്ടമായതായി ബിജെപി അവകാശപ്പെട്ടു. വിശ്വാസവോട്ടിനായി എത്രയുംവേഗം നിയമസഭ വിളിച്ചുചേർക്കാൻ ഗവർണർ ആനന്ദിബെൻ പട്ടേലിന‌് ഉടൻ കത്തയ‌ക്കുമെന്ന‌് പ്രതിപക്ഷനേതാവ‌് ഗോപാൽ ഭാർഗവ പറഞ്ഞു.

230 സീറ്റുള്ള മധ്യപ്രദേശ‌് നിയമസഭയിൽ കോൺഗ്രസിന‌് 114 എംഎൽഎമാരാണുള്ളത‌്. ബിജെപിക്ക‌് 109. ബിഎസ‌്പിക്ക‌് രണ്ടും എസ‌്പിക്ക‌് ഒരു സീറ്റുമുണ്ട‌്, നാല‌് സ്വതന്ത്രരും. ബിഎസ‌്പിയും എസ‌്പിയും നിലവിൽ കമൽനാഥ‌് സർക്കാരിനെ പിന്തുണയ‌്ക്കുന്നു. കോൺഗ്രസിലെ ഉൾപ്പോരിലാണ‌് ബിജെപി പ്രതീക്ഷവയ്ക്കുന്നത‌്. മുതിർന്ന നേതാക്കളായ ദിഗ‌്‌വിജയ‌് സിങും ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമൽനാഥുമായി യോജിപ്പിലല്ല. സർക്കാരിന‌് ഭൂരിപക്ഷമുണ്ടോയെന്ന‌് പരിശോധിക്കേണ്ടതുണ്ടെന്ന‌് ഗോപാൽ ഭാർഗവ പറഞ്ഞു.

കോൺഗ്രസ‌് സർക്കാരിനെ തങ്ങളായി താഴെയിറക്കില്ലെന്ന‌ും കോൺഗ്രസ‌് തന്നെ പല തട്ടിലാണെന്നും  മുൻ മുഖ്യമന്ത്രി ശിവ‌്‌രാജ‌്സിങ‌് ചൗഹാൻ പറഞ്ഞു. ബിഎസ‌്പി ലോ‌ക‌്സഭാ സ്ഥാനാർഥിയായി തീരുമാനിച്ചിരുന്ന ലോകേന്ദ്ര സിങ‌് രാജ‌്പുത‌് കഴിഞ്ഞമാസം കോൺഗ്രസിൽ ചേർന്നു. സിന്ധ്യക്ക‌് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഇത‌്. ഈ നീക്കത്തിൽ ക്ഷുഭിതയായ മായാവതി കോൺഗ്രസ‌് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന‌് ഭീഷണി ഉയർത്തി. കമൽനാഥ‌് ഇടപെട്ടാണ‌് സ്ഥിതി ശാന്തമാക്കിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top