19 September Thursday

മോഡി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം; കർഷകർക്കും വ്യാപാരികൾക്കും പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Friday May 31, 2019

ന്യൂഡൽഹി> ചെറുകിട, ഇടത്തരം കർഷകർക്കും  വ്യാപാരികൾക്കും പെൻഷൻ പദ്ധതിക്ക‌് രൂപം നൽകി രണ്ടാം മോഡി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം. പ്രധാനമന്ത്രി കിസാൻ പദ്ധതിയിൽ രണ്ട‌് ഹെക്ടർവരെ ഭൂമിയുള്ള ചെറുകിട, ഇടത്തരം കർഷകർക്കായിരുന്നു ധനസഹായം. ഭൂപരിധി നോക്കാതെ എല്ലാ കർഷകർക്കും മൂന്ന‌് ഗഡുക്കളായി 6000 രൂപ നൽകാനാണ‌് മന്ത്രിസഭായോഗ തീരുമാനം. രണ്ട‌് കോടിയിലധികം കർഷകർക്ക‌ുകൂടി പദ്ധതിയുടെ ഗുണഫലം ലഭിക്കും. നിലവിൽ 12.5 കോടി കർഷകർക്ക‌് ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ടെന്നാണ‌് സർക്കാരിന്റെ അവകാശവാദം.

രാജ്യത്തെ ചെറുകിട, ഇടത്തരം കർഷകർക്കായി പ്രധാനമന്ത്രി കിസാൻ പെൻഷൻ പദ്ധതി നടപ്പാക്കാനും തീരുമാനമായി. ചെറുകിട, ഇടത്തരം കർഷകർക്ക‌് 60 വയസ്സാകുമ്പോൾ 3000 രൂപ പെൻഷൻ ഉറപ്പാക്കുന്നതാണ‌് പദ്ധതി. കർഷകർ പദ്ധതിയിലേക്ക‌് അടയ്ക്കുന്നതിന‌ു തുല്യമായ വിഹിതം സർക്കാരും അടയ‌്ക്കും. ഗുണഭോക്താവ‌് മരണമടയുന്ന സാഹചര്യത്തിൽ ഭാര്യക്ക‌് 50 ശതമാനം പെൻഷൻതുക ലഭിക്കും. പ്രധാനമന്ത്രി കിസാൻ സമ്മാനപദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന തുക പെൻഷൻ പദ്ധതിയിലേക്ക‌് നേരിട്ട‌് അടയ‌്ക്കാനുള്ള സൗകര്യവുമുണ്ടാകും. ആദ്യ മൂന്ന‌ുവർഷം അഞ്ച‌ുകോടിയോളം ചെറുകിട, ഇടത്തരം കർഷകർക്ക‌് പദ്ധതിയുടെ ഗുണം ലഭിക്കും. കടയുടമകൾ, റീട്ടെയിൽ വ്യാപാരികൾ, സ്വയംതൊഴിലിൽ ഏർപ്പെടുന്നവർ എന്നിവർക്ക‌് 60 വയസ്സിന‌ുശേഷം 3000 രൂപ പെൻഷൻ ലഭിക്കുന്ന പദ്ധതിക്കും ആദ്യ മന്ത്രിസഭായോഗം അംഗീകാരം നൽകി.

18–-40 പ്രായപരിധിയിലുള്ള, 1.5 കോടി ജിഎസ‌്ടി വരുമാനമുള്ള കടയുടമകൾ, റീട്ടെയിൽ വ്യാപാരികൾ, സ്വയംതൊഴിലിൽ ഏർപ്പെടുന്നവർ തുടങ്ങിയവർക്ക‌് പദ്ധതിയുടെ ഭാഗമാകാൻ കഴിയും. കൃത്യനിർവഹണത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ കുട്ടികൾക്കുള്ള സ‌്കോളർഷിപ‌് വർധിപ്പിക്കും. പെൺകുട്ടികൾക്കുള്ള സ‌്കോളർഷിപ‌് 2250 രൂപയിൽനിന്ന‌് 3000 രൂപയായും ആൺകുട്ടികളുടേത‌് 2000ൽനിന്ന‌് 2500 ആയും ഉയർത്തും. നക്സൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന പൊലീസുകാരുടെ കുട്ടികൾക്കും ലഭ്യമാകുന്ന രീതിയിൽ സ‌്കോളർഷിപ‌് വിപുലീകരിച്ചു. 
കേന്ദ്രമന്ത്രിസഭയുടെ സുപ്രധാന സമിതിയായ സുരക്ഷാകാര്യങ്ങൾക്കുള്ള സമിതിയിൽ പ്രധാനമന്ത്രിക്ക‌ു പുറമെ  ആഭ്യന്തരമന്ത്രി, ധനമന്ത്രി, പ്രതിരോധമന്ത്രി, വിദേശമന്ത്രി എന്നിവർ അംഗങ്ങളാകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top