ന്യൂഡൽഹി> മണിപ്പുരിൽ പടിഞ്ഞാറൻ ഇംഫാലിലെ ലാംസങ്ങിൽ മെയ്‌ത്തീ അക്രമിസംഘം ചുട്ടുകൊന്നത് മെയ്‌ത്തീ ക്രൈസ്‌തവ കുടുംബത്തിലെ ഏഴു വയസ്സുകാരനടക്കം മൂന്നുപേരെ. മീന ഹാങ്‌സിങ് (45), മകൻ ടോൻസിങ് ഹാങ്‌സിങ് (ഏഴ്), ഇവരുടെ ബന്ധു ലിഡിയ ലൂറെംബാം (37) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. മെയ്‌ത്തീ തീവ്രവാദികളുടെ വെടിയേറ്റ ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുവരവെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. നൂറുകണക്കിനുപേർ ആംബുലൻസ് വളഞ്ഞ് തീയിട്ടു. മൂന്നുപേരുടെയും ശരീരം കത്തിക്കരിഞ്ഞുപോയി. നഴ്‌സും ഡ്രൈവറും ഓടി രക്ഷപ്പെട്ടു. ഇംഫാൽ നഗരത്തിൽനിന്ന് അഞ്ചു കിലോമീറ്റർമാത്രം അകലെയാണ് സംഭവം. അസം റൈഫിൾസിന്റെ നിയന്ത്രണത്തിലുള്ള ക്യാമ്പിൽ കഴിയവെയാണ് വർക്കുനേരെ മെയ്‌ത്തീ തീവ്രവാദികൾ വെടിയുതിർത്തത്.
മെയ് മൂന്നിന് കലാപം തുടങ്ങിയതുമുതൽ ഇവർ മൂന്നുപേരും ഇംഫാൽ നഗരത്തിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള കാങ്‌ചുപ്പിലെ ക്യാമ്പിൽ കഴിയുകയായിരുന്നു. മീനയും ലിഡിയയും ക്രൈസ്‌തവരാണെങ്കിലും ഇവർ മെയ്‌ത്തീകളായതിനാൽ ആക്രമണം ഉണ്ടാകില്ലെന്ന് കരുതിയെന്നും എന്നാൽ ആ വിശ്വാസം തെറ്റിയെന്നും ഇവരോടൊപ്പം ക്യാമ്പിൽ തങ്ങിയവർ പറഞ്ഞു. പൊലീസിൽനിന്ന് തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും പൊലീസ് സ്‌റ്റേഷനിൽ പോകാൻ ഭയമാണെന്നും ഭാര്യയെയും മകനെയും നഷ്ടപ്പെട്ട ജോഷ്വ ഹാങ്‌സിങ് പറഞ്ഞു. കുക്കി വംശജനായ ജോഷ്വ ബന്ധുക്കൾക്കൊപ്പം മറ്റൊരിടത്താണ് കഴിയുന്നത്.ആംബുലൻസിനുനേരെ ആക്രമണം പ്രതീക്ഷിക്കാത്തതിനാൽ സുരക്ഷ നൽകിയിരുന്നില്ലെന്നും അസം റൈഫിൾസ് വക്താവ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..