21 November Thursday

ബിജെപിയെ വെല്ലുവിളിച്ച്‌ ശിവസേന: മഹാരാഷ്ട്ര: ഇന്ന്‌ സോണിയ- പവാർ കൂടിക്കാഴ്‌ച

സ്വന്തം ലേഖകൻUpdated: Monday Nov 4, 2019

ന്യൂഡൽഹി
മഹാരാഷ്ട്രയിൽ ബിജെപി–- ശിവസേന സഖ്യസർക്കാർ രൂപീകരണ ചർച്ചകൾ വഴിമു‌ട്ടിനിൽക്കെ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും എൻസിപി അധ്യക്ഷൻ ശരത്‌ പവാറും തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തും. ചർച്ചയ്‌ക്കായി പവാർ ഞായറാഴ്‌ച  ഡൽഹിയിലെത്തി. രണ്ടരവർഷത്തേക്ക്‌ മുഖ്യമന്ത്രിപദം ലഭിക്കണമെന്ന്‌ ശിവസേനയും സ്ഥാനം വിട്ടുനൽകില്ലെന്ന്‌ ബിജെപിയും നിലപാടെടുത്തതോടെയാണ്‌ മഹാരാഷ്ട്രയിൽ പുതിയ മന്ത്രിസഭ രൂപീകരണം പ്രതിസന്ധിയിലായത്‌. മുഖ്യന്ത്രിസ്ഥാനം രണ്ടരവർഷത്തേക്ക്‌ ലഭിക്കണമെന്ന നിലപാടിൽ വിട്ടുവീഴ്‌ചയില്ലെന്ന്‌ ശിവസേനാ മുഖപത്രം സാമ്‌ന ഞായറാഴ്‌ചയും  വ്യക്തമാക്കി.

ഒന്നുകിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കുകയോ അതല്ലെങ്കിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തുകയോ ചെയ്യാൻ സാമ്‌ന ബിജെപിയെ വെല്ലുവിളിച്ചു. ബിജെപിക്ക്‌ സഭയിൽ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ ശിവസേന സർക്കാർ രൂപീകരിക്കും. എൻസിപിയുടെ 54 ഉം കോൺഗ്രസിന്റെ 44 ഉം ഏതാനും സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയോടെ സേന സഭയിൽ  ഭൂരിപക്ഷം ഉറപ്പിക്കും. മുഖ്യമന്ത്രിയെ സേന മുന്നോട്ടുവയ്‌ക്കും. മൂന്ന്‌ കക്ഷികൾ ചേർന്ന്‌ എല്ലാവർക്കും അംഗീകരിക്കാവുന്ന നയങ്ങൾക്ക്‌ രൂപം നൽകും. ശിവസേന എന്തായാലും ഇക്കുറി വിട്ടുവീഴ്‌ചയ്‌ക്ക്‌ ഇല്ല–- സാമ്‌ന മുഖപ്രസംഗത്തിൽ പറഞ്ഞു.

ശിവസേനയുടെ രാജ്യസഭാംഗം സഞ്‌ജയ്‌ റാവത്ത്‌ തന്നെ ബന്ധപ്പെട്ടതായി എൻസിപി നേതാവും ശരത്‌ പവാറിന്റെ അനന്തരവനുമായ അജിത് പവാർ വെളിപ്പെടുത്തി. നേരത്തെ ശരത്‌ പവാറുമായും റാവത്ത്‌ കൂടിക്കാഴ്‌ച നടത്തിയിരുന്നു. സോണിയ–- പവാർ കൂടിക്കാഴ്‌ചയ്‌ക്ക്‌ മുമ്പാണ്‌ അജിത് പവാറിനെ ബന്ധപ്പെട്ടതെന്നതും ശ്രദ്ധേയമാണ്‌.
ശിവസേനയുമായി സഹകരിക്കുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്‌. തീവ്രവലതുപക്ഷ നിലപാടുള്ള സേനയുമായി സഹകരിച്ചാൽ അത്‌ കോൺഗ്രസിന്റെ മതേതര പ്രതിച്‌ഛായയെ ബാധിക്കുമെന്ന ആശങ്കയിലാണ്‌ പല നേതാക്കളും. ഈ വിഷയം ചർച്ചചെയ്യാൻ സോണിയ ഗാന്ധി വെള്ളിയാഴ്‌ച  മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top