18 February Monday

ഒരുങ്ങാന്‍ ഒരുക്കം

എം പ്രശാന്ത്‌Updated: Tuesday Jan 22, 2019

ന്യൂഡൽഹി >  രാജ്യം പതിനേഴാമത‌് ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് ഒരുങ്ങുന്നു. മാർച്ച‌് ആദ്യവാരം കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷൻ പൊതുതെരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കും. ലോക‌്സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ ആന്ധ്ര, ഒഡിഷ, അരുണാചൽ, സിക്കിം സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പുണ്ടാകും. നിലവിൽ ഗവർണർ ഭരണം നിലനിൽക്കുന്ന ജമ്മു–-കശ‌്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക‌്സഭ തെരഞ്ഞെടുപ്പിനൊപ്പം നടത്താനാകുമോയെന്ന ആലോചനയിലാണ‌് കമീഷൻ.

മുഖ്യതെരഞ്ഞെടുപ്പ‌് കമീഷണർ സുനിൽ അറോറയും കമീഷൻ അംഗങ്ങളും വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച‌് തയ്യാറെടുപ്പുകൾ വിലയിരുത്തി വരുന്നു. ചീഫ‌് ഇലക‌്ട്രൽ ഓഫീസർമാരുമായും മറ്റ‌് ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ പാർടി പ്രതിനിധികളുമായും  ചർച്ച നടത്തുന്നുണ്ട‌്. ഓരോ സംസ്ഥാനത്തെയും ഉത്സവ–- ആഘോഷ ദിവസങ്ങൾ, സ‌്കൂൾ–- കോളേജ‌് പരീക്ഷകൾ, കാലാവസ്ഥ, സുരക്ഷാ സേനകളുടെ ലഭ്യത, വോട്ടർ പട്ടികയടക്കമുള്ള മറ്റ‌്  തയ്യാറെടുപ്പുകൾ എന്നിവയാണ‌് കമീഷൻ മുഖ്യമായും വിലയിരുത്തുന്നത‌്. ഇതെല്ലാം വിശദമായി പരിശോധിച്ചാകും ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുപ്പ‌് തീയതി നിശ‌്ചയിക്കുക.

ജനുവരി 31 നകം എല്ലാ സംസ്ഥാനങ്ങളിലെയും അന്തിമ വോട്ടർ പട്ടിക തയ്യാറാക്കണമെന്ന‌്   കമീഷൻ നിർദേശിച്ചിട്ടുണ്ട‌്. കമീഷൻ താൽപ്പര്യപ്പെട്ടാൽ കശ‌്മീരിൽ  നിയമസഭ തെരഞ്ഞെടുപ്പും നടത്താൻ സർക്കാർ ഒരുക്കമാണെന്ന്‌ ആഭ്യന്തര മന്ത്രി രാജ‌്നാഥ‌് സിങ‌് അറിയിച്ചിട്ടുണ്ട്‌. 2018 നവംബർ മുതൽ ഗവർണർ ഭരണത്തിന‌് കീഴിലാണ‌് കാശ‌്മീർ. ആറുമാസത്തിനകം തെരഞ്ഞെടുപ്പ‌് നടത്തണമെന്നാണ‌് വ്യവസ്ഥ.

യന്ത്രത്തിൽ തുടരുന്ന തർക്കം


 തെരഞ്ഞെടുപ്പ‌് അടുത്ത ഘട്ടത്തിൽ വോട്ടിങ‌് യന്ത്രങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ വീണ്ടും സജീവമാകും. ഹാക്കർമാരുടെ പുതിയ വെളിപ്പെടുത്തൽ ഇത്‌  ശക്തിപ്പെടുത്തുന്നു. ഭരണകക്ഷിയായ ബിജെപി വോട്ടിങ‌് യന്ത്രങ്ങളിൽ കൃത്രിമം നടത്തുമെന്ന ആശങ്കയാണ്‌ ഉയരുന്നത്‌. അടുത്തുനടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടിങ‌് യന്ത്രങ്ങളുടെ ദുരുപയോഗം സംബന്ധിച്ച‌് ആരോപണങ്ങളുമുണ്ട്‌. മധ്യപ്രദേശിലെ ഭോപ്പാലിൽ വോട്ടിങ‌് യന്ത്രങ്ങൾ സൂക്ഷിച്ച മുറിക്ക‌് മുന്നിലെ ക്യാമറ പ്രവർത്തനരഹിതമായതും വാതിൽ തുറന്നുകിടന്നതുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വോട്ടിങ‌് യന്ത്രങ്ങളിൽ ഒരു ക്രമക്കേടും നടക്കില്ലെന്ന നിലപാടാണ‌് കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷനുള്ളത‌്.


പ്രധാന വാർത്തകൾ
 Top