24 July Wednesday

തെരഞ്ഞടുപ്പ് കമീഷൻ അന്വേഷണം: ത്രിപുര വെസ‌്റ്റ‌ിൽ ബൂത്തുപിടിത്തം തെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

ന്യൂഡൽഹി> ത്രിപുര വെസ‌്റ്റ‌് മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ വ്യാപകമായി ബൂത്ത‌് പിടിത്തവും അക്രമവും നടന്നെന്ന‌് കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷന്റെ അന്വേഷണത്തിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട‌്. ബിജെപി പ്രവർത്തകർ അക്രമം നടത്തി ബൂത്തുകൾ പിടിച്ചെടുത്തെന്ന സിപിഐ എമ്മിന്റെ പരാതിയിലായിരുന്നു അന്വേഷണം. അട്ടിമറി നടന്ന 464 ബൂത്തുകളിൽ റീ പോളിങ‌് നടത്തണമെന്ന‌ും സിപിഐ എം ആവശ്യപ്പെട്ടിരുന്നു.

ത്രിപുര വെസ‌്റ്റ‌് ലോക‌്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ‌് അസംബ്ലി മണ്ഡലങ്ങളിൽ ബൂത്ത‌് പിടിത്തവും ക്രമക്കേടുകളും നടന്നെന്ന‌് കണ്ടെത്തിയതായി ത്രിപുര വെസ‌്റ്റ‌് കലക്ടർ റിപ്പോർട്ട‌് നൽകി. എട്ട‌് പോളിങ‌് സ‌്റ്റേഷനുകളിൽ ക്രമക്കേട‌് നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചു. ബൂത്ത‌് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട‌് 10 കേസുകൾ രജിസ‌്റ്റർ ചെയ‌്തതായും കലക്ടർ   അറിയിച്ചു. ത്രിപുര വെസ‌്റ്റിൽ അട്ടിമറി ഉണ്ടായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ‌് 18ന‌് നടക്കാനിരുന്ന ത്രിപുര ഈസ‌്റ്റിലെ പോളിങ‌് 23ലേക്ക‌് മാറ്റാൻ തീരുമാനിച്ചതെന്ന‌് കമീഷൻ വൃത്തങ്ങൾ പറഞ്ഞു.

മോഹൻപൂർ അസംബ്ലി മണ്ഡലത്തിലെ ചെചൂരിയ ബിഎസ‌് സ‌്കൂൾ, കമലാസാഗർ മണ്ഡലത്തിലെ ദേബിപൂർ പഞ്ചായത്ത‌് എന്നിവിടങ്ങളിലെ ബൂത്തുകളിലെ പോളിങ‌് ഏജന്റ‌് ഒരു സ്ഥാനാർഥിക്ക‌് അനുകൂലമായി വോട്ട‌് ചെയ്യാൻ ഭീഷണിപ്പെടുത്തിയെന്ന‌് റിപ്പോർട്ട‌് പറയുന്നു. ചാരിലാം അസംബ്ലി മണ്ഡലത്തിലെ ബ്രാജാപൂർ ഹൈസ‌്ക്കൂളിലെ ബൂത്തിൽ വോട്ടുചെയ്യാനെത്തിയവരെ സ്വാധീനിച്ചതായി കണ്ടെത്തി.  സമാനമായ ഇടപെടൽ  ധൻപുര അസംബ്ലി മണ്ഡലത്തിലെ ഹിംപാട‌്പൂർ എസ‌്ബി സ‌്കൂളിലും ബാര നാരായണൻ എസ‌് സ‌്കൂളിലും നടത്തി. ബെലൊണിയ അസംബ്ലി മണ്ഡലത്തിലെ സുനാർ ടില്ല സ‌്കൂളിൽ ചിലർ ഒന്നിലേറെ വോട്ടുകൾ ഉദ്യോഗസ്ഥർ ചെയ‌്തെന്നും റിപ്പോർട്ടിലുണ്ട‌്.


പ്രധാന വാർത്തകൾ
 Top