14 August Sunday

യെച്ചൂരി ജനറല്‍ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Sunday Apr 19, 2015

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ നായകത്വം ഇനി സീതാറാം യെച്ചൂരിക്ക്. ആറുദിവസമായി വിശാഖപട്ടണത്ത് നടന്ന സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 91 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്നാണ് സീതാറാം യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 16 അംഗ പൊളിറ്റ്ബ്യൂറോയെയും യോഗം തെരഞ്ഞെടുത്തു. എല്ലാ തെരഞ്ഞെടുപ്പും ഏകകണ്ഠമായിരുന്നു. സിസിയില്‍ 17 പേര്‍ പുതുമുഖങ്ങളാണ്. മൂന്ന് ടേം പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് കേന്ദ്രകമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് യെച്ചൂരിയുടെ പേര് നിര്‍ദേശിച്ചത്. പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള പിന്താങ്ങി.

പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്ത വിവരം പ്രകാശ് കാരാട്ട് അറിയിച്ചപ്പോള്‍ സമ്മേളനഹാളിലാകെ മുദ്രാവാക്യം മുഴങ്ങി. അനാരോഗ്യംമൂലം ബുദ്ധദേബ് ഭട്ടാചാര്യ, നിരുപം സെന്‍, കെ വരദരാജന്‍ എന്നിവരെ പൊളിറ്റ്ബ്യൂറോയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ നാലുപേരെ പിബിയില്‍ ഉള്‍പ്പെടുത്തി. ഹനന്‍മൊള്ള, മുഹമ്മദ് സലിം (ബംഗാള്‍), സുഭാഷിണി അലി (യുപി), തമിഴ്നാട് സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ എന്നിവരാണ് പുതിയ പിബി അംഗങ്ങള്‍. പുതിയ കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍നിന്ന് എ കെ ബാലന്‍, എളമരം കരീം എന്നിവരെ ഉള്‍പ്പെടുത്തി. 14 വനിതകള്‍ കേന്ദ്രകമ്മിറ്റിയിലുണ്ട്.

പാര്‍ടിയുടെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയാണ് ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ കാക്കിനഡ സ്വദേശിയായ യെച്ചൂരി. കെ വരദരാജന്‍ കേന്ദ്രകമ്മിറ്റിയില്‍ തുടരും. ബുദ്ധദേബ് ഭട്ടാചാര്യയും നിരുപം സെന്നും പ്രത്യേക ക്ഷണിതാക്കളാകും. ഇവരെ കൂടാതെ വി എസ് അച്യുതാനന്ദന്‍ (കേരളം), മുഹമ്മദ് അമീന്‍, സുകോമള്‍ സെന്‍ (പശ്ചിമബംഗാള്‍), മല്ലു സ്വരാജ്യം (തെലങ്കാന) എന്നിവരെ കേന്ദ്രകമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി പ്രത്യേക ക്ഷണിതാക്കളാക്കി. പാലോളി മുഹമ്മദുകുട്ടി, സുകോമള്‍ സെന്‍ എന്നിവരെ പ്രായാധിക്യം കണക്കിലെടുത്താണ് ഒഴിവാക്കിയത്.

ഒഡിഷ മുന്‍ സെക്രട്ടറി ജനാര്‍ദന്‍ പതി, ഹിമാചല്‍പ്രദേശ് മുന്‍ സെക്രട്ടറി രാകേഷ് സിംഗ, ഹരിയാന മുന്‍ സെക്രട്ടറി ഇന്ദ്രജിത് എന്നിവരെ പ്രവര്‍ത്തനസൗകര്യം കണക്കിലെടുത്തും കേന്ദ്രകമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി.സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, ബിമന്‍ ബസു, മണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, ബി വി രാഘവുലു, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, സൂര്യകാന്ത മിശ്ര, എ കെ പത്മനാഭന്‍ എന്നിവര്‍ നിലവില്‍ പിബി അംഗങ്ങളാണ്.

പുതുതായി കേന്ദ്രകമ്മിറ്റിയില്‍ എത്തിയ മറ്റുള്ളവര്‍: ശ്രീദീപ് ഭട്ടാചാര്യ, ഡോ. രാമചന്ദ്ര ഡോം, മിനാതി ഘോഷ്, അഞ്ജു കര്‍, ഗൗതംദാസ്, അവദേഷ് കുമാര്‍, അലി കിഷോര്‍ പട്നായിക്, സീതാരാമുലു, സുരേന്ദര്‍സിങ്, ഓംകാര്‍ ഷാദ്, വിജയ് മിശ്ര, സ്വദേശ് ദേബ്റോയ്, ജഗ്മതി സാങ്വാന്‍, മഹേന്ദ്രസിങ്, ഹിരാലാല്‍യാദവ്. കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളായി ഉത്തരാഖണ്ഡ് സംസ്ഥാന സെക്രട്ടറി രജിന്ദര്‍ നേഗി, ഛത്തീസ്ഗഡ് സംസ്ഥാന സെക്രട്ടറി സഞ്ജയ് പരാതെ, കേന്ദ്രകമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുരളീധരന്‍, അരുണ്‍കുമാര്‍, വിജൂ കൃഷ്ണന്‍ എന്നിവരെ തെരഞ്ഞെടുത്തു. അഞ്ചംഗ കണ്‍ട്രോള്‍ കമീഷനെയും തെരഞ്ഞെടുത്തു. സുകോമള്‍ സെന്നാണ് കണ്‍വീനര്‍. പി രാജേന്ദ്രന്‍ (കേരളം), ജി രാമുലു (തെലങ്കാന), ബനാനി ബിശ്വാസ് (പശ്ചിമബംഗാള്‍), എന്‍ ശ്രീനിവാസന്‍ (തമിഴ്നാട്) എന്നിവര്‍ അംഗങ്ങള്‍. ശനിയാഴ്ച എസ് രാമചന്ദ്രന്‍പിള്ള അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാ പ്രമേയത്തിലുള്ള ചര്‍ച്ചയും മറുപടിയും പൂര്‍ത്തിയാക്കിയശേഷമാണ് ഞായറാഴ്ച ഉച്ചയോടെ പുതിയ കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുത്തത്.

ക്രെഡന്‍ഷ്യല്‍ കമ്മിറ്റി റിപ്പോര്‍ട്ട് കണ്‍വീനര്‍ സുധ സുന്ദരരാമന്‍ അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ എണ്ണം 89ല്‍നിന്ന് 91 ആക്കുന്നതിനുള്ള നിര്‍ദേശത്തിന് സമ്മേളനം അംഗീകാരം നല്‍കി. കഴിഞ്ഞ സമ്മേളനം തെരഞ്ഞെടുത്ത കേന്ദ്രകമ്മിറ്റിയിലെ അംഗങ്ങളായിരുന്ന കെ എല്‍ ബജാജിന്റെയും ശ്യാമലി ഗുപ്തയുടെയും നിര്യാണത്തെതുടര്‍ന്ന് അംഗങ്ങളുടെ എണ്ണം എണ്‍പത്തേഴായി കുറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top