24 August Saturday

കൂട്ടബലാത്സംഗത്തിൽ കേസെടുത്തില്ല; യുവതി ആത്മഹത്യചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

ന്യൂഡൽഹി> കൂട്ടബലാത്സംഗത്തിൽ കേസെടുക്കാത്തതിൽ മനംനൊന്ത‌് യുവതി ആത്മഹത്യചെയ‌്തു. ഇരയായ ഇരുപത്തിനാലുകാരിയാണ‌് ഉത്തർപ്രദേശ‌് പൊലീസിന്റെ അനാസ്ഥയെത്തുടർന്ന‌് ആത്മഹത്യചെയ‌്തത‌്. ദത്താഗഞ്ച‌് പൊലീസ‌് സ‌്റ്റേഷൻ പരിധിയിലാണ‌് സംഭവം. ഇക്കഴിഞ്ഞ 15നാണ‌് യുവതി കൂട്ടബലാത്സംഗത്തിന‌് ഇരയായത‌്. പൊലീസിൽ പരാതി നൽകാനെത്തിയെങ്കിലും സ്വീകരിക്കാൻ തയ്യാറായില്ലെന്ന‌് ആത്മഹത്യക്കുറിപ്പിലുണ്ട‌്. പരാതി കൈകാര്യംചെയ്യുന്നതിൽ അനാസ്ഥകാട്ടിയ  ദത്താഗഞ്ച‌് സ‌്റ്റേഷനിലെ എസ‌്എച്ച‌്ഒ അമൃത‌് ലാലിനെ സസ‌്പെൻഡ‌് ചെയ‌്തു. പീഡനം നടന്നത‌് സെക്കന്തരാബാദിലായതിനാൽ പരാതി അവിടെ നൽകാനാണ‌് പൊലീസ‌് പറഞ്ഞത‌്.

അതേസമയം, യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന‌് മണിക്കൂറുകൾക്കുമുമ്പ‌് പൊലീസ‌് എഫ‌്ഐആർ രജിസ്റ്റർ ചെയ‌്തെന്ന‌് മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു. ബറേലി മേഖലയിലെ എഡിജിപിക്കും പരാതി നൽകിയിരുന്നെങ്കിലും നടപടിയുമുണ്ടായില്ലെന്ന‌് ബന്ധുക്കൾ പറഞ്ഞു. ഭർത്താവിൽനിന്ന‌് വേർപിരിഞ്ഞ‌് കഴിയുന്ന യുവതിയെ 15ന‌്  ബന്ധുക്കളായ മൂന്നുപേരെത്തി, ഭർത്താവിന‌് സുഖമില്ലെന്നറിയിച്ച‌് സെക്കന്തരാബാദിലേക്ക‌് കൊണ്ടുപോവുകയായിരുന്നു. തുടർന്ന്‌ ഇവർ ഒരാഴ‌്ചയോളം തടവിലിട്ട‌് പീഡിപ്പിച്ചു. പിന്നീട‌് യുവതി രക്ഷപ്പെട്ട‌് ഡൽഹിയിലെത്തി. പൊലീസ്‌ അന്വേഷണം ഊർജിതമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top