ന്യൂഡല്‍ഹി > വിദ്യാഭ്യാസ മേഖലയില്‍ കേരളം രാജ്യത്തിന് മാതൃകയെന്ന് ദേശീയ മാധ്യമം എന്‍ഡി ടിവി റിപ്പോര്‍ട്ട്. കേരളത്തിലെ വിദ്യാഭ്യാസ മികവിനെ പറ്റിയാണ് എന്‍ഡി ടിവി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തത്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച വിദ്യാഭ്യാസ പദ്ധതികളും പരിഷ്കാരങ്ങളും നിരത്തിയാണ് എന്‍ഡി ടിവി വിഷയം ചര്‍ച്ചയ്ക്കെടുത്തത്.
എന്‍ഡി ടിവിയിലെ 'റിയാലിറ്റി ചെക്ക്' എന്ന പരിപാടിയിലാണ് കേരളത്തിലെ വിദ്യാഭ്യാസ മികവിനെ പറ്റി ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചയില്‍ എം ബി രാജേഷ് എംപി, ആംആദ്മി എംഎല്‍എ അംമനദുല്ലാ ഖാന്, വിദ്യാഭ്യാസ നിരീക്ഷകനും നിയമ വിദഗ്ധനുമായ അശോക് അഗര്‍വാള്‍, ആംആദ്മി വക്താവ് ഹര്ദേശി മല്യേന എന്നിവരായിരുന്നു പങ്കെടുത്തത്. സുനിത്ര ചൗധരിയായിരുന്ന ചര്‍ച്ചയുടെ മോഡറേറ്റര്‍.
കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ കൂടുന്നത് വിദ്യാഭ്യാസ മേഖലയില്‍ സ്വീകരിച്ച നിലപാടുകളുടെ വിജയമാണെന്ന് പറഞ്ഞായിരുന്നു ചര്‍ച്ച ആരംഭിച്ചത്. തുടര്‍ന്ന് കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി.
രണ്ടു വര്‍ഷത്തിനിടയില്‍ കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 6.3 ശതമാനം വിദ്യാര്‍ഥികള്‍ വര്‍ധിക്കുകയുണ്ടായി. ഈ കാലയളവില്‍ സ്വകാര്യ സ്കൂളുകളില്‍ നിന്നും എട്ട് ശതമാനം കൊഴിഞ്ഞു പോക്കാണ് രേഖപ്പെടുത്തിയതെന്ന് എന്‍ഡി ടിവി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തില്‍ ജനപ്രതിനിധികള്‍ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി സ്വന്തം കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ചേര്‍ത്ത കാര്യം റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. എം ബി രാജേഷ് എംപിയുടെ രണ്ടു കുട്ടികളും മന്ത്രി ടി പി രാമകൃഷ്ണന്റെ രണ്ടു പേരക്കുട്ടികളും വി ടി ബല്‍റാം എംഎല്‍എയുടെ മകളും സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്നത് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രണ്ടു പേരക്കുട്ടികള്‍ക്കും സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രവേശനം നേടിക്കൊടുത്തതെന്ന് മന്ത്രി ടിപി വ്യക്തമാക്കി. പൊതു പ്രവര്‍ത്തകരുടെ ഈ സമീപനം അഭിനന്ദാര്ഹമാണെന്ന വിലയിരുത്തലാണ് ചര്‍ച്ചയില്‍ നിന്നുണ്ടായത്.
കേരളത്തില്‍ 45000 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സജ്ജമാക്കിയതും ഇതില്‍ ലാപ്ടോപ്, ഇന്റര്‍നെറ്റ്, പ്രൊജക്ടര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ കാര്യവും ചര്‍ച്ചയ്ക്ക് വിഷയമായിട്ടുണ്ട്. ഒരോ നിയോജക മണ്ഡലത്തിലേയും ഒരു സര്‍ക്കാര്‍ വിദ്യാലയം തെരഞ്ഞെടുത്ത് അത് ഉന്നത് നിലവാരത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനായി 149 വിദ്യാലയങ്ങള്‍ തെരഞ്ഞെടുക്കുകയും ഒരു വിദ്യാലയത്തിന് അഞ്ച് കോടി രൂപ ഇതിനായി മാറ്റിവെച്ചാണ് പ്രവൃത്തി മുന്നോട്ട് പോകുന്നത്.
ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ മടിക്കുന്ന അവസരത്തില്‍ കേരളത്തില്‍ അത്തരത്തിലൊരു പ്രശ്നവുമില്ലെന്നും ഈ കാര്യത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖല മാതൃകയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത അശോക് അഗര്‍വാള്‍ പറയുന്നു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ സര്‍ക്കാര്‍ നല്ല രീതിയില്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും അനുകൂല സമീപനം ലഭിക്കുന്നില്ലെന്ന് എം ബി രാജേഷ് എംപി ചര്‍ച്ചയക്ക് അവസാനം കുറിച്ച് കൊണ്ട് പറഞ്ഞു.