18 September Wednesday

കശ്മീര്‍: യുഎൻ രക്ഷാസമിതിയില്‍ പാക് തന്ത്രം പാളി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

ഐക്യരാഷ്ട്രസഭാകേന്ദ്രം> ജമ്മു കശ്മീര്‍ വിഷയം അന്താരാഷ്ട്രപ്രശ്‌നമാക്കി അവതരിപ്പിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് യുഎന്‍ രക്ഷാസമിതിയില്‍ ദയനീയ തിരിച്ചടി. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ഇന്ത്യന്‍ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന രക്ഷാസമിതി അംഗങ്ങളുടെ അടച്ചിട്ട മുറിയിലെ കൂടിക്കാഴ്ച പ്രത്യേക തീരുമാനമില്ലാതെ പിരിഞ്ഞു.

അഞ്ച് സ്ഥിരാംഗങ്ങളും 10 താൽക്കാലിക അംഗങ്ങളും പങ്കെടുത്ത ചര്‍ച്ചയില്‍ ബഹുഭൂരിപക്ഷവും കശ്മീര്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ പരിഹരിക്കേണ്ട പ്രശ്‌നംമാത്രമാണെന്ന നിലപാടെടുത്തു.  ആഫ്രിക്കന്‍ രാഷ്ട്രങ്ങളും ജര്‍മനി, അമേരിക്ക, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യന്‍ നിലപാടിനെ അംഗീകരിച്ചു. കശ്മീരിൽ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന നിലപാട് തിരുത്തിയാല്‍ ഇക്കാര്യത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നുമുള്ള ഇന്ത്യന്‍ നിലപാടിന് രക്ഷാസമിതിയില്‍ സ്വീകാര്യതയേറി.രക്ഷാസമിതി അപൂർവമായിമാത്രം നടത്താറുള്ള ഇത്തരം അനൗദ്യോഗിക കൂടിക്കാഴ്ചക്ക് തയ്യറായത് ചൈനയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ്. അരമണിക്കൂർ മാത്രം നീണ്ട ചര്‍ച്ചയ്‌ക്ക് ശേഷം പ്രസ്താവന ഇറക്കിക്കാനുള്ള പാകിസ്ഥാന്റെ നീക്കവും വിജയിച്ചില്ല.  

രക്ഷാസമിതിയുടെ നടപടിക്രമം അനുസരിച്ച് സ്ഥിരാംഗങ്ങള്‍ ഉന്നയിക്കുന്ന ഏതുവിഷയവും അടച്ചിട്ടമുറിയില്‍ ചര്‍ച്ച ചെയ്യാം. ഇതിന്‌ രേഖയോ മിനിറ്റ്‌സോ ഉണ്ടാകില്ല. പാകിസ്ഥാന്റെ ആരോപണങ്ങള്‍ കൃത്യമായി ഖണ്ഡിക്കാന്‍ ഇന്ത്യയ്ക്കായെന്ന് ആഗോളമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കശ്മീരില്‍ ഇന്ത്യന്‍ നിലപാട് അംഗീകരിച്ച  രക്ഷാസമിതിയെ ഇന്ത്യയുടെ യുഎന്‍ സ്ഥാനപതി സയ്യദ്അക്ബറുദ്ദീന്‍ നന്ദി അറിയിച്ചു.ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തിരുത്തിയാല്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍, കശ്മീർ വിഷയം രക്ഷാസമിതി ചര്‍ച്ച ചെയ്യാന്‍ തയ്യാറായത് തന്നെ ഇതൊരു അന്താരാഷ്ട്രപ്രശ്നമായതിനാലാണെന്ന്  യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട പാകിസ്ഥാന്റെ യുഎന്‍ സ്ഥാനപതി മലീഹ ലോധി പ്രതികരിച്ചു. പരസ്പരം കുറ്റപ്പെടുത്തി പ്രശ്‌നം വലിച്ചുനീട്ടാതെ ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്നും മേഖലയില്‍ സമാധാനം വേണമെന്നും കൂടിക്കാഴ്ചയ്‌ക്ക് ശേഷം ചൈനയുടെ യുഎന്‍ സ്ഥാനപതി സാംങ് ജുന്‍ പ്രതികരിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം കശ്മീരിനെ അന്താരാഷ്ട്രപ്രശ്‌നമെന്ന തലത്തിലേക്ക് ഉയര്‍ത്തിയെന്നും ഏകപക്ഷീയമായ നിലപാടുകക്ക് അംഗീകാരം ലഭിക്കില്ലെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. കശ്മീര്‍ പ്രശ്‌നം അവസാനം യുഎന്‍ രക്ഷാസമിതി ചര്‍ച്ച ചെയ്തത് 1965ലാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top