24 October Thursday

മോഡിയുടെ ജന്മദിനത്തിൽ കുട്ടികളെ ‘കശ്മീര്‍ പഠിപ്പിക്കണം’: അഹമ്മദാബാദിലെ സ്കൂളുകള്‍ക്ക് നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

അഹമ്മദാബാദ്‌
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനമായ ബുധനാഴ്ച ഗുജറാത്തിലെ അഹമ്മദാബാദ്‌ ജില്ലയിലെ സ്കൂളുകളിൽ കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ് രണ്ടാക്കിയതിനെ കുറിച്ച്  ക്ലാസുകളും സംവാദവും ഉപന്യാസമത്സരവും സംഘടിപ്പിക്കാൻ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.

ഏകദേശം 2.75 ലക്ഷം വിദ്യാർഥികൾ പഠിക്കുന്ന 1,050 ഓളംസെക്കൻഡറി, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർക്കാണ്‌ നിർദേശം . പരിപാടിയുടെ വിശദവിവരങ്ങൾ ഫോട്ടോ സഹിതം സമർപ്പിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. അനുച്ഛേദം 370, 35 എ എന്നിവ ഹയർ സെക്കൻഡറി ക്ലാസുകളിൽ പഠന വിഷയമാണ്‌. അതിനാൽ അതുമായി ബന്ധപ്പെട്ട്‌ വിദ്യാർഥികൾക്കിടയിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കണം. രാവിലെയുള്ള അസംബ്ലിമുതൽ ഇക്കാര്യത്തില്‍ ചര്‍ച്ച  ആരംഭിക്കണം. വിദഗ്ധരുടെ ക്ലാസുകൾ നൽകി കുട്ടികളിൽ ഇതുമായി ബന്ധപ്പെട്ട അവബോധം സൃഷ്‌ടിക്കണം എന്നെല്ലാം വിജ്ഞാപനത്തിൽ പറയുന്നു.

അനുച്ഛേദം 370 റദ്ദാക്കിക്കൊണ്ടുള്ള മോഡി സർക്കാരിന്റെ നീക്കം രാജ്യത്ത്‌ ഐക്യം സൃഷ്‌ടിച്ചുവെന്നും വിജ്ഞാപനത്തിൽ പറയുന്നു. കശ്മീരിന്റെ കാര്യത്തിലുള്ള കേന്ദ്രതീരുമാനം ആഘോഷിക്കാനുള്ള ഏറ്റവും നല്ല ദിവസം മോഡിയുടെ ജന്മദിവസമായ സെപ്തംബര്‍ 17 ആണെന്ന്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ വ്യാസ്‌ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top