28 February Friday

കശ്‌മീർ: വരിഞ്ഞുമുറുക്കപ്പെട്ട താഴ്‌വര

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

ശ്രീനഗർ വിമാനത്താവളത്തിനുപുറത്ത്‌ പ്രീപെയ്‌ഡ്‌ ടാക്സി ബൂത്ത്‌ കണ്ടു. രാജ്‌ബാഗിലെ ഒരു ഹോട്ടൽവിലാസം കൈവശമുണ്ടായിരുന്നു. ഹോട്ടലുകളെല്ലാം അടഞ്ഞുകിടക്കുകയാണെന്നും സഞ്ചാരികൾക്ക്‌ മുറി നൽകുന്നില്ലെന്നും ടാക്‌സി ഡ്രൈവർ ഗുലാം മുഹമ്മദ്‌ പറഞ്ഞു. മാധ്യമപ്രവർത്തകനാണെന്ന്‌ അറിയിച്ചപ്പോൾ ആരായാലും മുറി കിട്ടില്ലെന്ന്‌ ഗുലാം തീർത്തുപറഞ്ഞു. ഒടുവിൽ, ഇവിടെ അടുത്ത്‌ ഒരു ഹോട്ടലുണ്ടെന്നും പോയിനോക്കാമെന്നുമായി.

റോഡിലേക്ക്‌ കടന്നപ്പോൾമുതൽ എങ്ങും ശക്തമായ സേനാവിന്യാസം പ്രകടമായി. ഹെൽമെറ്റും ബുള്ളറ്റ്‌പ്രൂഫ്‌ ജാക്കറ്റും ധരിച്ച്‌ യന്ത്രത്തോക്കേന്തിയ സൈനികരാണ്‌ റോഡിനിരുവശവും. കടകൾ തുറക്കുന്നില്ല. വാഹനങ്ങളും കുറവ്‌. വിമാനത്താവളത്തിൽനിന്ന്‌ പുറത്തേക്കുവരുന്ന വാഹനങ്ങളുടെ വേഗം കുറയ്‌ക്കാൻ റോഡിൽ അടിക്കടി ബാരിക്കേഡുകൾ.

വിമാനത്താവളം സ്ഥിതിചെയ്യുന്ന ഹംഹമയിൽനിന്ന്‌ നഗരത്തിലേക്കുള്ള പ്രധാനപാതയിൽ അൽപ്പം ഉള്ളിലേക്ക്‌ മാറി ഒരു ഹോട്ടലിലാണ്‌ ഗുലാം എത്തിച്ചത്‌. റിസപ്‌ഷനിൽ ചുറുചുറുക്കുള്ള ഒരു കശ്‌മീരി യുവാവ്‌, പേര്‌ പർവേശ്‌. കേരളത്തിൽനിന്നുള്ള മാധ്യമപ്രവർത്തകനെന്ന്‌ പറഞ്ഞപ്പോൾ പർവേശിന്‌ സന്തോഷം. കേരളം നല്ല സ്ഥലമെന്നും നല്ലയാളുകളെന്നും പർവേശിന്റെ സർട്ടിഫിക്കറ്റ്‌. ദേശീയമാധ്യമങ്ങളിൽനിന്നുള്ള ചിലർ ഹോട്ടലിൽ താമസിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ്‌ മുറിയൊഴിഞ്ഞത്‌. കശ്‌മീരിലെ സ്ഥിതിഗതികളെക്കുറിച്ച്‌ ചില ചാനലുകളിലെ റിപ്പോർട്ടുകളോടുള്ള അസ്വാരസ്യവും പർവേശ്‌ പ്രകടമാക്കി. കശ്‌മീരിൽ ആളുകൾ സന്തോഷത്തിലാണെന്ന്‌ പറഞ്ഞ ചാനൽ ലേഖകനെ ലാൽചൗക്കിൽ ആളുകൾ കൈകാര്യംചെയ്‌തതും ആ യുവാവ്‌ വിശദീകരിച്ചു.

യൂസുഫ്‌ തരിഗാമിയുടെയും കശ്‌മീരിലെ ചില മാധ്യമപ്രവർത്തകരുടെയും നമ്പർ കൈവശമുണ്ടെങ്കിലും പ്രയോജനമില്ല. ഹോട്ടലിലെ ലാൻഡ്‌ലൈനും ഇന്റനെറ്റും പ്രവർത്തനരഹിതമാണ്‌. ‘കശ്‌മീർ ഹൊറൈസൺ’ പത്രാധിപർ ഷഫ്‌ഖത്ത്‌ ബുഖാരി അടുത്തുതന്നെയാണ്‌ താമസമെന്ന്‌ ഹോട്ടലുകാർ പറഞ്ഞു. അദ്ദേഹത്തെ വീട്ടിലെത്തി കണ്ടു.
ആഗസ്‌ത്‌ അഞ്ചുമുതലുള്ള താഴ്‌വരയിലെ ഭയാനകസാഹചര്യങ്ങൾ അദ്ദേഹം വിവരിച്ചു. രാഷ്ട്രീയ–- സാമൂഹ്യ പ്രവർത്തകരായ ആയിരക്കണക്കിനാളുകൾ വീട്ടുതടങ്കലിലോ ജയിലിലോ ആണ്‌. വിഘടനവാദിനേതാക്കളെയും പ്രവർത്തകരെയും കൂട്ടത്തോടെ സംസ്ഥാനത്തിന്‌ പുറത്തേക്കുമാറ്റി.

യുപിയിലും രാജസ്ഥാനിലും മറ്റുമായി തടവിലാണവർ. സയ്യിദ്‌ അലി ഷാ ഗീലാനിയും മിർവായിസ്‌ ഒമർ ഫാറൂഖും മാത്രമാണ്‌ ശ്രീനഗറിൽ തടങ്കലിലുള്ളത്‌. ജമ്മു -കശ്‌മീർ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ മിയാൻ അബ്ദുൾ ഖയ്യൂം ഉൾപ്പെടെ നിരവധിപേരെ കഴിഞ്ഞദിവസം യുപിയിലെ ആഗ്ര ജയിലിലടച്ചു.  താഴ്‌വരയിൽ ഒരാൾപോലും കേന്ദ്രസർക്കാരിന്റെ തീരുമാനത്തോട്‌ യോജിക്കില്ല. ഈ നടപടിയോടെ മുഖ്യധാരാ പാർടികളിലുള്ള വിശ്വാസം ചോരുകയാണ്‌. പലയിടത്തും ഉയരുന്ന പ്രക്ഷോഭത്തിന്റെ വിവരങ്ങൾ പുറത്തറിയാതിരിക്കാനാണ്‌ വാർത്താവിനിമയ ബന്ധങ്ങൾ പൂർണമായും വിച്ഛേദിച്ചിരിക്കുന്നത്‌–- ബുഖാരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top