24 August Saturday

കർണാടകം; വിമത എംഎൽഎമാരുടെ ഹർജി സുപ്രീംകോടതി ഇന്ന‌് പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

ന്യൂഡൽഹി > രാജി സ്വീകരിക്കാത്ത സ‌്പീക്കറുടെ നടപടിക്കെതിരെ 10 വിമത എംഎൽഎമാർ ഹർജി നൽകിയതോടെ കർണാടകത്തിലെ അധികാര വടംവലി സുപ്രീംകോടതിയിലെത്തി. ഹർജി വ്യാഴാഴ‌്ച പരിഗണിക്കുമെന്ന‌് ചീഫ‌് ജസ്റ്റിസ‌് രഞ്ജൻ ഗൊഗോയ‌് അധ്യക്ഷനായ ബെഞ്ച‌് പറഞ്ഞു. രാജി അംഗീകരിക്കാൻ സ‌്പീക്കറോട‌് നിർദേശിക്കണമെന്നും അംഗങ്ങളെ അയോഗ്യരാക്കാനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ടാണ‌് എംഎൽഎമാരുടെ ഹർജി. കോൺഗ്രസ‌്–-ജെഡിഎസ‌് സഖ്യ സർക്കാരിന‌് സ്ഥിരതയില്ല. വ്യാപക അഴിമതിയാണ‌് നടക്കുന്നത‌്. സംസ്ഥാന സർക്കാരിന‌് കേവലഭൂരിപക്ഷമില്ലെന്നും ബിജെപിയാണ‌് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും ഹർജിയിൽ പറയുന്നു.

കോൺഗ്രസ‌്–- ജെഡിഎസ‌് സർക്കാരിലെ തമ്മിലടിയും അഴിമതിയും മടുത്തിട്ടാണ‌് രാജിവച്ചതെന്ന‌് എംഎൽഎമാർ പറഞ്ഞു. രാജി തടസ്സപ്പെടുത്താനുള്ള സ‌്പീക്കർ കെ ആർ രമേശ‌് കുമാറിന്റെ ശ്രമം ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ‌്.

കേസ‌് ഉടൻ പരിഗണിക്കണമെന്ന‌് മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ‌്തഗി, അഭിഭാഷകരായ സുബ്രാൻഷു പഥി, ദേവാൻഷി സിങ‌് എന്നിവർ കോടതിയിൽ ആവശ്യപ്പെട്ടു. പ്രാധാന്യമുള്ള കേസാണെന്ന‌് നിരീക്ഷിച്ച ചീഫ‌് ജസ്റ്റിസ‌് വ്യാഴാഴ‌്ച പരിഗണിക്കാമെന്ന‌് അറിയിച്ചു.

രാജി സമർപ്പിച്ച കോൺഗ്രസ‌് എംഎൽഎമാരായ പ്രതാപ‌് ഗൗഡ പാട്ടീൽ, രമേഷ‌് ജർക്കിഹോളി, ബ്യാരതി ബസവരാജ‌്, ബി സി പാട്ടീൽ, എസ‌് ടി സോമശേഖർ, എ ശിവറാം ഹെബ്ബാർ, മഹേഷ‌് കുമതല്ലി, ജെഡിഎസ‌് എംഎൽഎമാരായ കെ ഗോപാലയ്യ, എച്ച‌് ഡി വിശ്വനാഥൻ, നാരായണ ഗൗഡ എന്നിവരാണ‌് ഹർജി നൽകിയത‌്.  എട്ടുപേരുടെ രാജി ചട്ടവിരുദ്ധമാണെന്ന‌ു പറഞ്ഞ സ‌്പീക്കർ ഇവർ നേരിട്ട‌് ഹാജരാകണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ, രാജി നൽകിയവരെ അയോഗ്യരാക്കണമെന്ന‌് കോൺഗ്രസ‌് ആവശ്യപ്പെട്ടു. ഇതിനാവശ്യമായ തെളിവുകൾ ഹാജരാക്കാൻ സ‌്പീക്കർ നിർദേശിച്ചു. ഈ പശ്ചാത്തലത്തിലാണ‌് എംഎൽഎമാർ സുപ്രീംകോടതിയിൽ എത്തിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top