ന്യൂഡൽഹി
ജോഷിമഠിൽ എൻടിപിസിയുടെ ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തം. പദ്ധതിക്കായി തുരങ്കങ്ങൾ നിർമിച്ചതാണ് ജോഷിമഠിലെ ഭൂമി ഇടിഞ്ഞുതാഴൽ രൂക്ഷമാക്കിയതെന്നാണ് ആക്ഷേപം. എൻടിപിസി പദ്ധതിക്കെതിരെ നാട്ടുകാർ പ്രക്ഷോഭത്തിലാണ്. വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും എല്ലാം ‘എൻടിപിസി ഗോ ബാക്ക്’ പ്ലക്കാർഡുകളും പോസ്‌റ്ററുകളും നാട്ടുകാർ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി പ്രവർത്തനം പൂർണമായും ഉപേക്ഷിക്കണമെന്നാണ് ജോഷിമഠുകാരുടെ ആവശ്യം.
ജോഷിമഠിലെ വ്യാപാരി സമൂഹവും സർക്കാരിനെതിരെ പ്രതിഷേധത്തിലാണ്. ഭൂമി ഇടിഞ്ഞുതാഴലിനുശേഷം ജോഷിമഠിലേക്ക് തീർഥാടകരും വിനോദസഞ്ചാരികളുമെത്തുന്നത് കുറഞ്ഞു. വ്യാപാരികളും ചെറുകിട കച്ചവടക്കാരും കടക്കെണിയിലാണെന്ന് വ്യാപാരിസംഘടനാ ഭാരവാഹി നൈനി സിങ് ഭണ്ഡാരി പറഞ്ഞു. വീടിന് വിള്ളൽ വീണവർക്കും മറ്റും സർക്കാർ നഷ്ടപരിഹാരം നൽകുന്നുണ്ട്. എന്നാൽ, വ്യാപാരികൾക്ക് സഹായമില്ല. ജോഷിമഠിലെ അഞ്ഞൂറിലേറെ അംഗീകൃത വ്യാപാരികൾക്കും ധനസഹായം അനുവദിക്കണം–- ഭണ്ഡാരി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി കാര്യാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഗിൽഡിയാലും ദുരന്തനിവാരണ സെക്രട്ടറി രഞ്‌ജിത്ത് കുമാർ സിൻഹയും ഞായറാഴ്‌ച ജോഷിമഠ് സന്ദർശിച്ചു. സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിലെ (സിബിആർഐ) എൻജിനിയർമാർ വീടുകൾ പരിശോധിക്കുന്നത് തുടരുകയാണ്.
വീടുകളിൽനിന്ന് മാറേണ്ടി വന്നവർക്ക് അതേഭൂമിയിൽത്തന്നെ പ്രീഫാബ്രിക്കേറ്റഡ് കുടിലുകൾ നിർമിച്ചുനൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സിബിആർഐ അംഗീകരിച്ച നാല് ഏജൻസിക്കാകും നിർമാണച്ചുമതല. ചതുരശ്രഅടിക്ക് നാനൂറ് രൂപയാണ് നിർമാണച്ചെലവ്.
ഹർജി ഇന്ന് സുപ്രീംകോടതിയിൽ
ജോഷിമഠിൽ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞയാഴ്‌ച ഹർജി കോടതിയിൽ എത്തിയെങ്കിലും അടിയന്തര ഇടപെടൽ ആവശ്യമില്ലെന്നും അതിന് സർക്കാർ സംവിധാനങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി മാറ്റുകയായിരുന്നു. ഡൽഹി, ഉത്തരാഖണ്ഡ് ഹൈക്കോടതികൾ ജോഷിമഠ് വിഷയത്തിൽ വിവിധ ഹർജികൾ പരിഗണിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..