06 December Friday
പിന്തുണയുമായി അധ്യാപകരും

ജെഎൻയു കത്തുന്നു ; ഹോസ്റ്റൽ ഫീസ്‌ വർധനയ്‌ക്കെതിരെ ജെഎൻയുവിൽ ഉജ്ജ്വല വിദ്യാർഥി പ്രക്ഷോഭം

പി ആർ ചന്തുകിരൺUpdated: Tuesday Nov 12, 2019

ന്യൂഡൽഹി >   ഹോസ്‌റ്റൽ ഫീസ്‌ വർധനയടക്കമുള്ള പരിഷ്‌ക്കാരങ്ങൾക്കെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ച്‌ പ്രതിഷേധം. സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കവെ തുടങ്ങിയ സമരം രാത്രി വൈകിയാണ്‌ അവസാനിച്ചത്‌. ചടങ്ങ്‌ നടന്ന എഐസിടിഇ ആഡിറ്റോറിയത്തിന്റെ ഗേറ്റ്‌ വിദ്യാർത്ഥികൾ ഉപരോധിച്ചു. പരിപാടിക്കെത്തിയ മാനവവിഭവശേഷി മന്ത്രി രമേഷ്‌ നിഷാങ്ക്‌ പൊഖ്രിയാൽ ആറ്‌ മണിക്കൂർ ആഡിറ്റോറിയത്തിൽ കുടുങ്ങി. വദ്യാർത്ഥികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്‌ത്‌ പരിഹരിക്കാമെന്ന്‌ മന്ത്രി ഉറപ്പുനൽകി. രണ്ടാഴ്‌ചയായി സമരം തുടരുന്ന വിദ്യാർത്ഥികളുമായി വൈസ്‌ ചാൻസിലർ എം ജഗദീഷ്‌ കുമാർ ചർച്ചയ്‌ക്ക്‌ തയാറാകണമെന്ന്‌ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതിന്‌ വി സി തയാറാകാതിരുന്നതോടെ ഒരുദിവസം നീണ്ട പ്രക്ഷോഭമായി സമരം മാറി.

വിദ്യാർഥികൾക്ക്‌ ക്രൂരമർദ്ദനം

രാവിലെ ക്യാമ്പസിലെ ഫ്രീഡംസ്വകയറിനു സമീപത്തുനിന്നാണ്‌ വിദ്യാർത്ഥികൾ വസന്ത്‌കുഞ്ചിലുള്ള എഐസിടിഇ ആഡിറ്റോറിയത്തിലേക്ക്‌ മാർച്ച്‌ നടത്തിയത്‌. നാലു കിലോമീറ്ററോളം വരുന്ന ദൂരത്തിനിടയ്‌ക്ക്‌ ഒന്നിലേറെയിടത്ത്‌ ബാരിക്കേഡുയർത്തി പൊലീസ്‌ മാർച്ച്‌ തടഞ്ഞു. പെൺകുട്ടികളടക്കമുള്ള നൂറുകണക്കിനു വിദ്യാർത്ഥികൾ ബാരിക്കേഡുകൾ മറികടന്ന്‌ ആഡിറ്റോറിയത്തിന്റെ ഗേറ്റിനു മുന്നിലെത്തി ധർണ്ണ നടത്തി. വിദ്യാർത്ഥികൾക്കെതിരെ പൊലീസ്‌ ലാത്തി വീശുകയും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്‌തു. പെൺകുട്ടികളെയടക്കം വലിച്ചിഴയ്‌ക്കുകയും പുരുഷപൊലീസുകാർ കയ്യേറ്റം ചെയ്യുകയും ചെയ്‌തു. ആഡിറ്റോറിയത്തിന്റെ ഗേറ്റിനുമുന്നിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ്‌ വളഞ്ഞിട്ട്‌ മർദ്ദിച്ചു. പൊലീസിന്റെ മർദ്ദനത്തിൽ നിരവധി വിദ്യാർത്ഥികൾക്ക്‌ പരിക്കേറ്റു. ഡൽഹിയിലെ അഭിഭാഷക–-പൊലീസ്‌ സംഘർഷവും പൊലീസുകാരുടെ പണിമുടക്കും ഒർമ്മിപ്പിച്ച്‌ വിദ്യാർത്ഥികൾ മുദ്രാവാക്യം മുഴക്കി.

ബിരുദദാന ചടങ്ങിനെത്തിയ ജെഎൻയു പൂർവ്വ വിദ്യാർത്ഥികൾ സമരക്കാർക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ ആഡിറ്റോറിയത്തിനുള്ളിൽ പ്രതിഷേധിച്ചു. വിദ്യാർത്ഥി പ്രതിഷേധം ശക്തമായതോടെ വിദ്യാർത്ഥിയൂണിയൻ നേതാക്കളുമായി പൊഖ്രിയാൽ  ചർച്ചനടത്തി. മന്ത്രാലയത്തിൽ ചേരുന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്‌ത്‌ പരിഹരിക്കാമെന്ന്‌ മന്ത്രി ഉറപ്പുനൽകിയെന്ന്‌ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷ്‌ പറഞ്ഞു. തുടർന്ന്‌ 5.30ഓടെയാണ്‌ മന്ത്രിക്ക്‌ പുറത്തേക്ക്‌ പോകാനായത്‌. വിദ്യാർത്ഥികൾക്കെതിരെ ഉണ്ടായ പൊലീസ്‌ അതിക്രമത്തെ സിപിഐ എം അപലപിച്ചു.

ആവശ്യങ്ങൾ

ഫീസ്‌ വർധന, ഡ്രസ്‌കോഡ്‌, ഹോസ്‌റ്റൽ സമയ നിയന്ത്രണം എന്നിവ പ്രഖ്യാപിച്ച ഐഎച്ച്‌എ യോഗ തീരുമാനം പിൻവലിക്കുക. ഒറ്റമുറിയുടെയും ഇരട്ടമുറിയുടെയും മാസവാടക യഥാക്രമം 20, 10 രൂപയിൽനിന്ന്‌ 600ഉം 300 ആക്കി വർധിപ്പിച്ചു. മെസ്സിനുള്ള ഡപ്പൊസിറ്റ്‌തുക 5500ൽനിന്ന്‌ 12000 രൂപയാക്കി ഉയർത്തി. സേവനഫീസ്‌ എന്നനിലയിൽ മാസം 1700 രൂപ പുതിയതായി കൊണ്ടുവന്നു. വി സി ചർച്ചയ്‌ക്ക്‌ തയാറാകണം. പാർത്ഥസാരഥി കുന്നുകളിലേക്കുള്ള വഴി അടച്ചത്‌ പിൻവലിക്കണം.
.

 


പ്രധാന വാർത്തകൾ
 Top