14 December Saturday

ജെഎൻയു: വിസി ചർച്ചയ്‌ക്ക്‌ തയാറാകും വരെ സമരം; തോക്കുമായി പൊലീസിനിടയിൽ സിവിൽ വസ്‌ത്രധാരികൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

ന്യൂഡൽഹി >  ജെഎൻയുവിൽ രണ്ടാഴ്‌ചയായി തുടർന്നുവന്ന വിദ്യാർഥി സമരമാണ്‌ ക്യാമ്പസിനു പുറത്തെ വലിയ പ്രക്ഷോഭമായി മാറിയത്‌. സാധാരണക്കാരായ വിദ്യാർഥികൾക്ക്‌ പഠനം അന്യമാക്കുന്ന ഫീസ്‌ വർധനയ്‌ക്കെതിരെയാണ്‌ വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ പ്രക്ഷോഭം. ക്യാമ്പസിന്റെയും അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിന്റെയും എല്ലാ കവാടങ്ങളും ചൊവ്വാഴ്‌ച മുതൽ അടച്ചിടണമെന്ന്‌ വിദ്യാർഥികൾ യൂണിയൻ നേതൃത്തത്തോട്‌ ആവശ്യപ്പെട്ടു. എബിവിപി ഒഴികെയുള്ള എല്ലാ വിദ്യാർഥി സംഘടനകളും പ്രതിഷേധത്തിന്‌ പിന്തുണയുമായി രംഗത്തുണ്ട്‌.

ഇത്‌ ചരിത്രദിനമാണെന്നും ബാരിക്കേഡുകൾ മറികടന്ന്‌ മന്ത്രിയുമായി ചർച്ച നടത്താൻ വിദ്യാർഥികൾക്കായെന്നും യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷ്‌ പറഞ്ഞു. വൈസ്‌ ചാൻസലർ എം ജഗദീഷ്‌ കുമാർ ചർച്ചയ്‌ക്ക്‌ തയാറാകുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും ഐഷി പറഞ്ഞു. തുല്യതയെന്ന സ്വപ്‌നത്തെയാണ്‌ ഞെരിച്ച്‌ ഇല്ലാതാക്കുന്നതെന്ന്‌ വിദ്യാർഥി യൂണിയൻ പ്രസ്‌താവനയിൽ പറഞ്ഞു. പണം നൽകി വിദ്യാഭ്യാസം നേടാനാകാത്ത പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ളവരെ അകറ്റിനിർത്താനുള്ള ശ്രമമാണിതെന്നും യൂണിയൻ പറഞ്ഞു.

ബിരുദദാന ചടങ്ങ്‌ നടന്ന എഐസിടിഇ ആഡിറ്റോറിയത്തിലേക്കുള്ള മാർച്ച്‌ തടഞ്ഞ പൊലീസുകവാർക്കിടയിൽ കണ്ണീർവാതതോക്കുമായി ഒന്നിലേറെ സിവിൽവസ്‌ത്ര ധാരികൾ. വിദ്യാർഥികൾക്കുനേരെ ഉയരത്തിൽനിന്ന്‌ കണ്ണീർവാതകതോക്ക്‌ ഉപയോഗിക്കാനുള്ള ഇവരുടെ ശ്രമം യൂണിഫോമിലുള്ള പൊലീസുകാർ തടഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ഇവർ ഉന്നംവെച്ചപ്പോൾ ആദ്യം ഡൽഹി പൊലീസുകാരനും തുടർന്ന്‌ സിആർപിഎഫ്‌ അംഗവും തടഞ്ഞു. തുടർന്ന്‌ തോക്കുമായിനിൽക്കുന്ന ഇയാൾക്കുമുമ്പിൽ ഇരുകയ്യും നീട്ടി പൊലീസുകാരൻ തടസം നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ചർച്ചയ്‌ക്ക്‌ തയാറാകാത്ത വി സിയെ കാണാനില്ലെന്ന്‌ ചൂണ്ടിക്കാട്ടി വസന്ത്‌ കുഞ്ച്‌ പൊലീസ്‌ സ്‌റ്റേഷനിൽ വിദ്യാർഥികൾ പരാതി നൽകിയിരുന്നു. ഹോസ്‌റ്റൽ പരിഷ്‌ക്കാരവിഷയത്തിൽ യൂണിയൻ വി സിക്ക്‌ കാരണം കാണിക്കൽ നോട്ടീസ്‌ നൽകിയ നീക്കവും ഉണ്ടായി. വിദ്യാർഥി യൂണിയൻ പ്രതിനിധികളെയും അധ്യാപകരെയും ഒഴിവാക്കി ഏകപക്ഷീയമായാണ്‌ ഐഎച്ച്‌എ യോഗം തീരുമാനമെടുത്തത്‌. ഹോസ്‌റ്റൽ ഫീസ്‌ വർധന, വിദ്യാർത്ഥികൾ യോജിച്ച വസ്‌ത്രം ധരിക്കണം, ഹോസ്‌റ്റലിൽ സമയ നിയന്ത്രണം എന്നിവയാണ്‌ സർക്കുലറിലൂടെ വിദ്യാർത്ഥികളെ അറിയിച്ചത്‌. വിദ്യാർഥി യൂണിയൻ ഓഫീസ്‌ ഓഫീസ്‌ പൂട്ടുമെന്ന്‌ അധികൃതർ നോട്ടീസ്‌ നൽകിയിരുന്നു. ഇതിനു പിന്നാലെ ഡീനിന്റെ ഓഫീസ്‌ വിദ്യാർഥി യൂണിയൻ താഴിട്ടുപൂട്ടി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top