14 December Saturday

തീരുമാനം കണ്ണിൽ പൊടിയിടാൻ; ജെഎൻയു സമരവുമായി മുന്നോട്ടുപോകുമെന്ന്‌ വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

ന്യൂഡൽഹി > രണ്ടാഴ്ചയോളമായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നടത്തി വരുന്ന സമരം മുന്നോട്ടുപോകുമെന്ന്‌ വിദ്യാര്‍ഥികള്‍. സമരം വിജയിച്ചുവെന്നും തീരുമാനങ്ങൾ അംഗീകരിച്ചുവെന്നും ഉള്ള രീതിയിൽ വാർത്തകൾ വന്നതോടെയാണ്‌ വിദ്യാർഥികളുടെ പ്രതികരണം. ഹോസ്‌റ്റൽ ഫീസ്‌ ഒരുവിഭാഗത്തിന്റെ മാത്രം കുറക്കുവാനുള്ള നടപടികൾ എടുക്കുമെന്ന്‌ മാത്രമേ വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യത്തിന്റെ ട്വീറ്റിൽ ഒള്ളൂ. ഇതും പര്യാപ്‌തമായ കുറവല്ല വരുത്തിയിട്ടുള്ളത്‌. ജെഎന്‍യു എക്‌സിക്യുട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം.

എന്നാൽ മറ്റുള്ള ആവശ്യങ്ങളിലൊന്നും കമ്മിറ്റി തീരുമാനം അറിയിച്ചിട്ടില്ല. ഹോസ്റ്റല്‍ ഫീസില്‍ വര്‍ധനവ് വരുത്തിയതിനെതിരെ ബുധനാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. കർഫ്യൂ, യൂണിഫോം വിഷയങ്ങളെപ്പറ്റി സെക്രട്ടറി പരാമർശിച്ചിട്ടില്ല.

സമരം മുന്നോട്ട്‌ കൊണ്ടുപോകുമെന്നും ജെഎൻയു വിദ്യാർഥികൾ തയ്യാറായിരിക്കണമെന്നും യൂണിയൻ പ്രസിഡന്റ്‌ ഐഷെ ഘോഷ്‌ പറഞ്ഞു.

ഡബിള്‍ റൂമുകള്‍ക്ക് മാസവാടക 10 രൂപയായിരുന്നത് 200 ആക്കി വര്‍ധിപ്പിച്ചത് 100 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. സിംഗിള്‍ റൂമുകളുടെ വാടക 20ല്‍ നിന്നും 600 ആക്കിയത് 200 ആക്കി കുറച്ചു. മെസ് സെക്യൂരിറ്റി ഫീസ് 5,500ല്‍ നിന്ന് 12,00 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. ആദ്യമായി ഏര്‍പ്പെടുത്തിയ 1,700 രൂപയുടെ 'യൂട്ടിലിറ്റി ചാര്‍ജസ്' ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്തിട്ടില്ല. ഫീസ് വര്‍ധനകള്‍ക്കൊപ്പം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഡ്രസ് കോഡും നിരോധനാജ്ഞകളും പിന്‍വലിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുണ്ട്. വസ്ത്ര ധാരണത്തിലും ക്യാംപസിലെ സഞ്ചാര സ്വാതന്ത്ര്യത്തിലും കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ ജനാധിപത്യ വിരുദ്ധവും വിദ്യാര്‍ത്ഥി വിരുദ്ധവുമാണെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. രാത്രി സഞ്ചാരം നിഷേധിച്ചിട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈബ്രറി എന്തിനാണെന്നും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നുണ്ട്.


പ്രധാന വാർത്തകൾ
 Top