05 December Thursday

ജെഎൻയു പ്രക്ഷോഭം;കേന്ദ്രമന്ത്രി ഉറപ്പ് പാലിക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

ന്യൂഡല്‍ഹി >  ഹോസ്റ്റല്‍ഫീസ് കുത്തനെ ഉയര്‍ത്തിയതില്‍ സമാധാനപരമായി പ്രതിഷേധിച്ച ജെഎൻയു വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടി സിപിഐ എം പൊളിറ്റ് ബ്യൂറോ അപലപിച്ചു. ഭിന്ന പശ്ചാത്തലമുള്ള വിദ്യാര്‍ഥികള്‍ക്ക് താങ്ങാവുന്ന ചെലവില്‍ ഉന്നതവിദ്യാഭ്യാസം സാധ്യമാക്കുന്ന സ്ഥാപനമെന്ന സ്വഭാവഗുണം നഷ്ടപ്പെടുത്തി, ജെഎൻയു വിനെ വരേണ്യസർവകലാശാലയാക്കിമാറ്റാന്‍ മാത്രമേ ഫീസ് വര്‍ധന വഴിവയ്ക്കൂ. ജെഎൻയു വിന്റെ  വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, 2017ല്‍ പ്രവേശനം നേടിയ ഏകദേശം 40 ശതമാനം വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കളുടെ മാസവരുമാനം 12,000 രൂപയില്‍ താഴെയാണ്. 

അരികുവല്‍ക്കരിക്കപ്പെട്ടവിഭാഗങ്ങളില്‍ നിന്നും പിന്നോക്ക മേഖലയില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് താങ്ങാവുന്നതരത്തില്‍ ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുന്നതാണ് ജെഎൻയുവിന്റെ സവിശേഷത. സാമൂഹ്യബോധമുള്ള പൗരന്മാരുടെ തലമുറയെ വളര്‍ത്തിയെടുക്കാനും രാഷ്ട്ര നിര്‍മാണത്തിന് സംഭാവന നല്‍കിവരെ സൃഷ്ടിക്കാനും ജെഎൻയുവിന് കഴിഞ്ഞത് ഈ സവിശേഷത കൊണ്ടാണ്. ചുരുങ്ങിയ ചെലവില്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്ന പ്രക്രിയയാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല.

വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളോടുപോലും ചര്‍ച്ചയ്ക്ക് തയാറാകില്ലെന്ന വൈസ് ചാന്‍സലറുടെ നിര്‍ബന്ധബുദ്ധിയാണ് സാഹചര്യം ഈ നിലയില്‍ എത്തിച്ചത്. വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താന്‍ വി സിയോട് നിര്‍ദേശിക്കാമെന്നാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി വിദ്യാര്‍ഥികള്‍ക്കുനല്‍കിയ ഉറപ്പ്. ഇത് ഉടന്‍ പാലിക്കപ്പെടണമെന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍
ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top