25 June Tuesday

സിക്കറിൽ അംറാറാമിന്‌ വോട്ടുചോദിച്ച്‌ ജിഗ്‌നേഷ്‌ മേവാനിയും യോഗേന്ദ്ര യാദവും നടി സ്വരാ ഭാസ്‌കറും

വെബ് ഡെസ്‌ക്‌Updated: Friday May 3, 2019

ജയ്‌പുർ
സിക്കർ ലോക്‌സഭാ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥി അംറാറാമിന്റെ പ്രചരണത്തിൽ ദളിത്‌ നേതാവ്‌ ജിഗ്‌നേഷ്‌ മേവാനി, പ്രശസ്‌ത ബോളിവുഡ്‌ താരം സ്വര ഭാസ്‌കർ, കർഷകനേതാവ്‌ യോഗേന്ദ്ര യാദവ്‌ എന്നിവർ. വെള്ളിയാഴ്‌ച മണ്ഡലത്തിൽ നടന്ന വിവിധ പ്രചരണ പരിപാടികളിൽ സിക്കറിലെ ഐതിഹാസിക കർഷക സമരത്തിന്റെ സംഘാടകൻ കൂടിയായ അംറാറാമിനായി  വോട്ടുചോദിച്ചു. ബിജെപി സർക്കാരിന്റെ കർഷകവിരുദ്ധ‐ജനവിരുദ്ധ നയങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച മൂവരും ജനപക്ഷ‐മതനിരപേക്ഷ ബദൽ ഉയർന്നുവരേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയാണ്‌ സംസാരിച്ചത്‌.

തന്റെ ജീവിതത്തിലുടനീളം കർഷക ജനതയ്‌ക്കായി നടത്തിയ പോരാട്ടങ്ങളുടെ പേരിൽ അംറാറാമിന്‌ പ്രണാമമർപ്പിച്ച സ്വര ഭാസ്‌കർ കർഷകരുടെ ശബ്ദം ലോക്‌സഭയിൽ മുഴങ്ങാൻ അദ്ദേഹത്തിന്റെ വിജയം അനിവാര്യമാണെന്നും പറഞ്ഞു. അവർ(ബിജെപി സർക്കാർ) നിങ്ങളോട്‌ പാകിസ്ഥാൻ എന്നുപറയും, നിങ്ങൾ കിസാൻ(കർഷകൻ) എന്ന്‌ മറുപടി നൽകണം. അവർ ജവാൻ എന്ന്‌ പറയും, നിങ്ങൾ കിസാൻ എന്ന്‌ മറുപടി നൽകണം. അതിർത്തിയിൽ ജീവൻ ബലയർപ്പിക്കുന്ന സൈനികരിൽ ബഹുഭൂരിപക്ഷവും കർഷകരുടെ മക്കളാണ്‌. അതിർത്തിയിലും സ്വന്തം കുടുംബത്തിലും ബലിനൽകേണ്ട ഗതികേടിലാണവർ‐ സ്വര ഭാസ്‌കർ പറഞ്ഞു.

രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങൾ ജനങ്ങളുടെ പ്രശ്‌നങ്ങൾ അവഗണിച്ച്‌ മോഡി അനുകൂല വാർത്തകൾ മാത്രം നൽകുകയാണെന്ന്‌ ജിഗ്‌നേഷ്‌ മേവാനി പറഞ്ഞു. ഗുജറാത്തിൽ നാല്‌ മാസത്തിനകം 25 കർഷകർ ആത്മഹത്യ ചെയ്‌തു. അത്‌ വാർത്തയല്ല. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ മുഖ്യധാരാ മാധ്യമങ്ങൾ തയ്യാറല്ല. നാം ദിവസേന ഉപയോഗിക്കുന്നതെല്ലാം തൊഴിലാളികളുടെ വിയർപ്പിന്റെ ഫലമാണ്‌. അവരുടെ ശബ്ദം മാധ്യമങ്ങളിൽ എവിടെയുമില്ല. ഹിന്ദു‐മുസ്ലീം, പാകിസ്ഥാൻ‐ഹിന്ദുസ്ഥാൻ, റാം‐റഹീം, പശു തുടങ്ങിയ വിഷയങ്ങൾ മാത്രമാണവർക്ക്‌ വാർത്ത‐ ജിഗ്‌നേഷ്‌ മേവാനി പറഞ്ഞു. 

സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം സുഭാഷിണി അലി, കർഷക നേതാവ്‌ യോഗേന്ദ്ര യാദവ്‌ എന്നിവരും പൊതുയോഗത്തിൽ സംസാരിച്ചു.

  


പ്രധാന വാർത്തകൾ
 Top