21 February Friday

പൊയ്‌മുഖം അഴിഞ്ഞ്‌ മോഡി

സ്വന്തം ലേഖകൻUpdated: Sunday Jan 26, 2020

ന്യൂഡൽഹി
രാജ്യാന്തരതലത്തിൽ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായ തകർന്നടിഞ്ഞ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോകത്തെ തീവ്രവലതുപക്ഷ നേതാക്കളുടെ ഗണത്തിലായി വീണ്ടും മോഡിയുടെ സ്ഥാനം. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്‌ പൗരാവകാശങ്ങൾ നിഷേധിച്ചതോടെയാണ് ലോകത്തിനുമുന്നില്‍ മോഡിസർക്കാരിന്റെ തനിനിറം വെളിപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തോടെ സർക്കാരിന്റെ മുഖം പൂർണമായും വികൃതമായി. ജെഎൻയു അടക്കമുള്ള സർവകലാശാലകളിലെ സംഘപരിവാർ ആക്രമണം, രാജ്യാന്തര സംഭവവികാസങ്ങളിൽ മോഡിസർക്കാരിന്റെ നിലപാട്‌ എന്നിവ സ്ഥിതി കൂടുതല്‍ വഷളായി.

‘അസഹിഷ്‌ണുത പടർന്ന ഇന്ത്യ’ എന്ന മുഖലേഖനത്തോടെയാണ്‌  ‘ഇക്കണോമിസ്‌റ്റ്‌’ വാരിക പുതിയ ലക്കം ഇറങ്ങിയത്‌.‘ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർടിയും അപകടത്തിലാക്കിയത്‌ എങ്ങനെ’ എന്ന അടിക്കുറിപ്പോടെയാണ്‌ ‌ വാരിക ഈ ലേഖനം ട്വീറ്ററിൽ പരസ്യപ്പെടുത്തിയത്‌. ദീർഘകാലമായി ആസൂത്രണംചെയ്‌ത പദ്ധതിയുടെ ഭാഗമായാണ്‌ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്‌. മതത്തിന്റെയും ദേശീയതയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പ്‌ സൃഷ്ടിച്ച്‌ മോഡിയും ബിജെപിയും രാഷ്ട്രീയനേട്ടത്തിന്‌ ശ്രമിക്കുന്നത്‌ ദുഃഖകരമാണെന്നും വാരിക നിരീക്ഷിച്ചു.

 ‘ന്യൂയോർക്ക്‌ ടൈംസ്‌’, ‘ദി വാഷിങ്‌ടൺ പോസ്‌റ്റ്‌’, ‘ദി  ന്യൂയോർക്കർ’  എന്നീ പ്രമുഖ പത്രങ്ങൾ കശ്‌മീർ, പൗരത്വ ഭേദഗതി നിയമ  വിഷയങ്ങളിൽ മോഡിയെ തുടർച്ചയായി വിമർശിക്കുന്നു. പ്രതിഷേധങ്ങളോടുള്ള സർക്കാർ നിലപാടിനെ അപലപിച്ച്‌  ‘ദി വാഷിങ്‌ടൺ പോസ്‌റ്റ്’  കഴിഞ്ഞ 24ന്‌ മുഖപ്രസംഗം എഴുതി.
മോഡിസർക്കാർ ഹിന്ദു ദേശീയവാദം ഉയർത്തുമ്പോൾ  ഇന്ത്യയിലെ മതനിരപേക്ഷ ഭരണഘടന അപകടത്തിലാണെന്ന്‌ ‘ടൈം’ വാരിക മുന്നറിയിപ്പ്‌ നൽകി. ഇസ്രയേലി പത്രം ‘ഹാരേറ്റ്‌സ്‌’, ചൈനയിലെ ‘ ഗ്ലോബൽ ടൈംസ്‌’, ‘ റഷ്യ ടുഡെ’, ബംഗ്ലാദേശിലെ ‘ഡെയ്‌ലി സ്‌റ്റാർ’ നേപ്പാളിലെ‘ അന്നപൂർണ എക്‌സ്‌പ്രസ്‌’ പത്രങ്ങളും കേന്ദ്രസർക്കാരിനെ വിമർശിച്ച്‌ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.

ഗുജറാത്ത്‌ വംശഹത്യയുടെ കരിനിഴലിൽനിന്ന്‌ പുറത്തുവരാൻ 2014ൽ പ്രധാനമന്ത്രിയായശേഷം മോഡി ആസൂത്രിതനീക്കം നടത്തി. വിദേശപര്യടനങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത പൊയ്മുഖം ഇപ്പോള്‍ നഷ്ടമായി.


പ്രധാന വാർത്തകൾ
 Top