17 January Friday

ജാമിയ പൊലീസ്‌ നിയന്ത്രണത്തിൽ; അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന്‌ വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2019

ന്യൂഡൽഹി >  ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയുടെ നിയന്ത്രണം ഞായറാഴ്ച രാത്രി പൊലീസ്‌ ഏറ്റെടുത്തു. ക്യാമ്പസിന്റെ എല്ലാ ഗേറ്റുകളും പൂട്ടി. അക്രമം നടത്തിയ പുറത്തുനിന്നുള്ളവർ ക്യാമ്പസിൽ ഉണ്ടെന്നും അവരെ പിടികൂടാനാണ്‌ നടപടിയെന്നുമാണ്‌ പൊലീസ്‌ ഭാഷ്യം. ക്യാമ്പസിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന്‌ വിദ്യാർഥികൾ പറഞ്ഞു. ആർക്കും പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്‌.

ജാമിയയിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ വിവിധ സംഘടനകളും വിദ്യാർഥി യൂണിയനുകളും ആഹ്വാനം ചെയ്‌തു. ഐടിഒയിലെ പൊലീസ്‌ ആസ്ഥാനത്തിനുമുന്നിലേക്ക്‌ മാർച്ച്‌ നടത്തി.പൊലീസ്‌ അനുവാദമില്ലാതെ ക്യാമ്പസിൽ കടന്ന്‌ അക്രമം നടത്തുകയായിരുന്നെന്ന്‌ ജാമിയ മിലിയ ഇസ്ലാമിയ ചീഫ്‌ പ്രോക്‌ടർ വസീം അഹമ്മദ്‌ ഖാൻ പറഞ്ഞു. വിദ്യാർഥികളെയും ജീവനക്കാരെയും മർദിച്ച പൊലീസ്‌ അവരെ ക്യാമ്പസിന്‌ പുറത്താക്കാൻ ശ്രമിച്ചെന്നും വസിം പറഞ്ഞു.  

വിദ്യാർത്ഥികളും അധ്യാപകരും ജാമിയ നഗറിൽനിന്ന്‌ ജന്തർ മന്ദറിലേക്ക്‌ നടത്തിയ മാർച്ച്‌ പൊലീസ്‌ തടഞ്ഞതോടെയാണ്‌ സംഘർഷമുണ്ടായത്. ലാത്തിചാർജ്ജിലും കണ്ണീർ വാതക പ്രയോഗത്തിലും നിരവധിപ്പേർക്ക്‌ പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ചിലരുടെ നില ഗുരുതരം.
മഥുര റോഡ്‌, കാളിന്ദികുഞ്ച്‌ റോഡ്‌, ന്യൂ ഫ്രണ്ട്‌സ്‌ കോളനി എന്നിവിടങ്ങളിലാണ്‌ സംഘർഷമുണ്ടായത്.  ഒക്‌ല അണ്ടർപാസ് മുതൽ സരിത വിഹാർ വരെയുള്ള പാതയിലൂടെയുള്ള ഗതാഗതം പൊലീസ്‌ തടഞ്ഞു. പ്രതിഷേധം അട്ടിമറിക്കാൻ  ചിലർ കരുതിക്കൂട്ടി അക്രമം നടത്തിയതെന്ന്‌ വിദ്യാർത്ഥികൾ പ്രസ്‌താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top