24 October Thursday

ജെയ്‌റ്റ്‌ലി അറിഞ്ഞിരുന്നോ നോട്ടുനിരോധനം

എം അഖിൽUpdated: Sunday Aug 25, 2019

ന്യൂഡൽഹി > ‘നോട്ട്‌ അസാധുവാക്കലിനെക്കുറിച്ച്‌ ജെയ്‌റ്റ്‌ലിതന്നെ അറിയുന്നത്‌ ഏറെ വൈകിയാണ്‌. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം അതിനെ എതിർക്കുമായിരുന്നുവെന്ന്‌ ഉറപ്പാണ്‌’– രാജ്യസഭയിൽ ശരദ്‌ യാദവ്‌ ഇങ്ങനെ പറഞ്ഞപ്പോള്‍ ജെയ്‌റ്റ്‌ലി എതിർക്കാന്‍ മുതിര്‍ന്നില്ല. ഏത്‌ രീതിയിലും വ്യാഖാനിക്കാവുന്ന പുഞ്ചിരിമാത്രമായിരുന്നു മറുപടി. രാജ്യം കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക്‌ നീങ്ങുമ്പോഴാണ് ഒന്നാം മോഡി സർക്കാരിന്റെ സാമ്പത്തികനയങ്ങൾക്ക്‌ ചുക്കാൻപിടിച്ച അരുൺ ജെയ്‌റ്റ്‌ലിയുടെ വിയോഗം. നോട്ടുനിരോധനവും ജിഎസ്‌ടിയും ഉൾപ്പെടെ ഇന്ത്യൻ സമ്പദ്‌ഘടനയുടെ അടിത്തറ പിടിച്ചുകുലുക്കിയ ആഘാതങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ ജെയ്‌റ്റ്‌ലിയായിരുന്നു ധനമന്ത്രി. നോട്ട്‌ അസാധുവാക്കൽപോലെയുള്ള ഹിമാലയൻ അബദ്ധങ്ങളിൽ ജെയ്‌റ്റ്‌ലിക്ക്‌ പങ്കുണ്ടായിരുന്നോ എന്നത് ഇപ്പോഴും തർക്കവിഷയം.

നോട്ട്‌ അസാധുവാക്കൽ ജെയ്‌റ്റ്‌ലിയുടെ കൈയൊപ്പ്‌ കാണാവുന്ന നടപടി അല്ലെന്ന്‌ അദ്ദേഹത്തോടുപ്പമുള്ള  സാമ്പത്തിക വിദഗ്‌ധരും വിലയിരുത്തിയിട്ടുണ്ട്‌. ജെയ്‌റ്റ്‌ലിയുടെ വിശ്വസ്‌തനും ഒന്നാം മോഡി സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന അരവിന്ദ്‌ സുബ്രഹ്മണ്യൻ നോട്ട്‌ അസാധുവാക്കൽ നടപടിയെ ‘കിരാതവും പൈശാചികവുമായ സാമ്പത്തിക ആഘാതം’ –- എന്ന്‌ വിശേഷിപ്പിച്ചതും ശ്രദ്ധേയം. തുടക്കത്തിൽ മൗനം പാലിച്ചെങ്കിലും ധനമന്ത്രിയെന്ന നിലയില്‍ നടപടിയെ പ്രതിരോധിക്കുകയെന്ന കടമ പിന്നീട്‌ അദ്ദേഹം നിറവേറ്റി.

പിന്തുടര്‍ന്നത് നവ ഉദാരനയങ്ങള്‍

ജിഎസ്‌ടി നടപ്പാക്കാൻ കഴിഞ്ഞത്‌ വലിയ നേട്ടമായി അരുൺ ജെയ്‌റ്റ്‌ലി അവകാശപ്പെട്ടിരുന്നു. പൊതുമേഖലയുടെ ഓഹരി വിൽപ്പന തീവ്രമാക്കിയ ജെയ്‌റ്റ്‌ലി ബജറ്റില്‍ ആദായനികുതി ഇളവുകളിലൂടെ സാധാരണക്കാരെ കൈയിലെടുക്കാനും ശ്രമിച്ചു. റെയിൽ ബജറ്റിനെ പൊതുബജറ്റുമായി ലയിപ്പിച്ചതും പൊതുബജറ്റ് ഫെബ്രുവരി ഒന്നിലേക്ക്‌ ആക്കിയതും പാപ്പർച്ചട്ടം കൊണ്ടുവന്നതും സാമ്പത്തിക സർവേ വിപുലീകരിക്കുന്നതും ജെയ്‌റ്റ്‌ലിയുടെ കാലയളവിലാണ്‌. സാമൂഹ്യസുരക്ഷാപദ്ധതികൾ വെട്ടിക്കുറയ്‌ക്കുകയും കോർപറേറ്റുകൾക്ക്‌ വൻ നികുതിഇളവുകൾ പ്രഖ്യാപിക്കുകയും മധ്യവർഗത്തെ പ്രീണിപ്പിക്കുകയും ചെയ്യുന്ന നവഉദാരവൽക്കരണ സാമ്പത്തികനയങ്ങളാണ് ജെയ്‌റ്റ്‌ലി പിന്തുടർന്നത്‌.


പ്രധാന വാർത്തകൾ
 Top