22 February Saturday

ബോൾസനാരോയെ അതിഥിയാക്കിയതിൽ പ്രതിഷേധം

സ്വന്തം ലേഖകൻUpdated: Sunday Jan 26, 2020

ജെയ്‌ർ ബോൾസനാരോയെ റിപ്പബ്ലിക്‌ ദിന പരേഡിലെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ കിസാൻ സഭയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ജന്തർ മന്ദറിൽ നടത്തിയ പ്രതിഷേധം

ന്യൂഡൽഹി
ഇന്ത്യന്‍ കരിമ്പുകർഷകർക്കെതിരെ രാജ്യാന്തരവേദികളിൽ പ്രചാരണം നടത്തുന്ന ബ്രസീൽ പ്രസിഡന്റ്‌ ജയ്‌ർ ബോൾസനാരോയെ റിപ്പബ്ലിക്‌ ദിനത്തിൽ മോഡിസർക്കാർ അതിഥിയായി സ്വീകരിച്ചാനയിക്കുന്നതിൽ പ്രതിഷേധം. രാജ്യത്തെ കർഷകരുടെ ശത്രുക്കളെ‌ മോഡിസർക്കാർ പരവതാനി വിരിച്ച്‌ സ്വീകരിക്കുകയാണെന്ന്‌ വർഗബഹുജന സംഘടനകള്‍ ജന്തർ മന്ദര്‍ ധർണയിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ കരിമ്പുകര്‍ഷകര്‍ക്ക് അനുവദനീയമായതിലും  കൂടുതൽ സംരക്ഷണം ലഭിക്കുന്നുവെന്നാണ്‌ ബോൾസനാരോയുടെ നിലപാട്‌. കരിമ്പിന്‌ നൽകുന്ന ആദായവിലയും സർക്കാർ നിശ്‌ചയിക്കുന്ന സംഭരണവിലയും ലോകവ്യാപാര സംഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് ആരോപണം. ഇതിനെതിരെ ലോകവ്യാപാര സംഘടനയിൽ  ബ്രസീലും ഓസ്‌ട്രേലിയയും മറ്റും പരാതി നൽകി.

ലോകവ്യാപാര സംഘടന പരാതി ശരിവച്ചാൽ  ഇന്ത്യയിൽ കർഷകർക്ക്‌ ആദായവില പ്രഖ്യാപിക്കാൻ കഴിയില്ല. നിലവിൽ  24,000 കോടിരൂപയുടെ   കുടിശ്ശിക കർഷകർക്ക്‌ കരിമ്പുവിലയിനത്തിൽ  ലഭിക്കാനുണ്ട്‌. ഇപ്പോൾ ലഭിക്കുന്ന സംരക്ഷണംപോലും ഇല്ലാതായാൽ അഞ്ച്‌ കോടി കരിമ്പുകർഷകരും അഞ്ച്‌ ലക്ഷം പഞ്ചസാര മിൽ തൊഴിലാളികളും കടുത്ത  ദുരിതത്തിലാകുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ, എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌, കർഷകത്തൊഴിലാളി യൂണിയൻ ജോയിന്റ്‌സെക്രട്ടറി എൻ കെ ശുക്ല തുടങ്ങിയവര്‍ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top