അസമത്വം പെരുകുന്നു; മാനവശേഷി വികസനത്തിൽ ഇന്ത്യ 129-ാമത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2019, 11:05 PM | 0 min read

ന്യൂഡൽഹി >   ഇന്ത്യയിൽ എല്ലാ മേഖലയിലും അസമത്വം പെരുകുന്നതായി ഐക്യരാഷ്ട്രസംഘടന റിപ്പോർട്ട്‌. 189 രാജ്യം ഉൾപ്പെട്ട മാനവശേഷിവികസന സൂചിക പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 129–-ാമതാണെന്ന്‌ യുഎൻ വികസന ഏജൻസിയായ യുഎൻഡിപിയുടെ മാനവശേഷി വികസന റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം, ലിംഗപദവി, നവീന സാങ്കേതികവിദ്യകളുടെ പ്രയോജനം തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ അസമത്വം ഭയാനകമാണ്‌. സുസ്ഥിരവികസനം അസാധ്യമാകുന്നതായും യുഎൻഡിപി ഇന്ത്യ പ്രതിനിധി ഷോക്കോ നോദ  റിപ്പോർട്ടിൽ മുന്നറിയിപ്പ്‌ നൽകി.
ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വർധിക്കുന്നു.

 മൊത്തം ദേശീയവരുമാനത്തിൽ ഏറ്റവും ദരിദ്രരായ 40 ശതമാനം പേരുടെ വിഹിതം 19.8 ശതമാനംമാത്രമാണ്‌. ധനികരായ 10 ശതമാനത്തിന്റെ വിഹിതം 30.1 ശതമാനവും. ഇതിൽ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റേതാണ്‌ 21.3 ശതമാനമാണ്‌. 50,000 രൂപയാണ്‌ പ്രതിശീർഷവരുമാനം. 58 ശതമാനം പേരുടെ വരുമാനം ഇതിലും വളരെ താഴെയാണ്‌. ഏറ്റവും ധനികരായ ഒരു ശതമാനത്തിന്റെ വരുമാനം പലമടങ്ങും. 130 കോടി ജനങ്ങളിൽ 28 ശതമാനവും ദാരിദ്ര്യം അനുഭവിക്കുന്നു.

സ്‌ത്രീവിരുദ്ധ മനോഭാവം വർധിക്കുന്നു. 25 വയസ്സിനു മുകളിലുള്ള സ്‌ത്രീകളിൽ സെക്കൻഡറി വിദ്യാഭ്യാസം ലഭിച്ചവർ 39 ശതമാനം മാത്രമാണ്‌. തൊഴിലെടുക്കുന്നവരിൽ സ്‌ത്രീകളുടെ പങ്ക്‌  23.6 ശതമാനവും. പാർലമെന്റിൽ സ്‌ത്രീപ്രാതിനിധ്യം 11.7 ശതമാനത്തിൽ ഒതുങ്ങുന്നു. കാലാവസ്ഥവ്യതിയാനത്തിന്റെ കെടുതി കൂടുതൽ അനുഭവിക്കുന്നത് ദരിദ്രരാണെന്നും റിപ്പോർട്ട്‌ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home