26 May Sunday

കമീഷനെ വെല്ലുവിളിച്ച്‌ യുപി മുഖ്യമന്ത്രി: സൈന്യം മോഡിയുടെ സേനയെന്ന‌് ആദിത്യനാഥ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 2, 2019

ന്യൂഡൽഹി
തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് സൈന്യത്തെ ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ‌് കമീഷന്റെ നിർദേശം കാറ്റിൽപറത്തി ബിജെപി. ഇന്ത്യൻ സൈന്യം മോഡിയുടെ സേനയെന്ന വിവാദ പരാമർശവുമായി ഉത്തർപ്രദേശ‌് മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌് തെരഞ്ഞെടുപ്പ‌് കമീഷനെ വെല്ലുവിളിച്ചു. ഗാസിയാബാദിൽ ഞായറാഴ‌്ച നടന്ന തെരഞ്ഞെടുപ്പ‌് പ്രചാരണ റാലിയിലാണ‌് ഒന്നിലേറെത്തവണ ആദിത്യനാഥ‌് വിവാദ പരാമർശം നടത്തിയത‌്. കോൺഗ്രസ‌് ഭീകരർക്ക‌് ബിരിയാണി വിതരണം ചെയ‌്തു, മോഡിയുടെ സേന വെടിയുണ്ടയും ബോംബുമാണ‌് നൽകിയത‌്–- ആദിത്യനാഥ‌് പറഞ്ഞു.

മസൂദ‌് അസറിനെപ്പോലെയുള്ള ഭീകരരെ ജി എന്നുചേർത്ത‌് ബഹുമാനത്തോടെയാണ‌് കോൺഗ്രസ‌് നേതാക്കൾ വി‌ളിക്കുക. മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അവരുടെ ക്യാമ്പുകൾ ആക്രമിച്ച‌് നട്ടെല്ല‌് തകർക്കുകയാണ‌് ചെയ‌്തതെന്നും ആദിത്യനാഥ‌് പറഞ്ഞു. ആദിത്യനാഥിന്റെ പരാമർശം സൈന്യത്തിനെതിരായ അധിക്ഷേപമാണെന്ന‌് പ്രതിപക്ഷ പാർടികൾ വിമർശിച്ചു. ആദിത്യനാഥ‌് മാപ്പ‌് പറയണമെന്ന‌് കോൺഗ്രസ‌് നേതാവ‌് പ്രിയങ്ക ചതുർവേദി പറഞ്ഞു. സൈന്യം ‘പ്രചാരണ മന്ത്രി’യുടെ സ്വകാര്യസേനയല്ല.  കാണ്ഡഹാറിൽ ഭീകരർ തട്ടിയെടുത്ത ഇന്ത്യൻ വിമാനത്തിലെ യാത്രക്കാരെ വിട്ടുകിട്ടാൻ തടവിലുണ്ടായിരുന്ന മസൂദ‌് അസറിനെ വിട്ടുകൊടുത്തത‌് ബിജെപിയാണ‌്. മസൂദ‌് അസറിനെക്കുറിച്ച‌് പറയുമ്പോൾ അയാൾക്ക‌് സുരക്ഷിതമായി മടങ്ങാൻ വഴിയൊരുക്കിയ ദേശീയ സുരക്ഷാ ഉപദേഷ‌്ടാവ‌് അജിത‌് ദോവലിനെക്കുറിച്ച‌ും പറയണമെന്ന‌് പ്രിയങ്ക ചതുർവേദി ട്വീറ്റ‌് ചെയ‌്തു. 

പുൽവാമ ഭീകരാക്രമണവും ഇന്ത്യയുടെ പ്രത്യാക്രമണവും ബിജെപി രാഷ‌്ട്രീയമായി ഉപയോഗിച്ചത‌് വൻ വിമർശത്തിനിടയാക്കിയിരുന്നു. ബിജെപി ഡൽഹി സംസ്ഥാന അധ്യക്ഷൻ മനോജ‌് തിവാരി സൈനിക യൂണിഫോമിൽ പ്രചാരണം നടത്തിയതും വിവാദമായി. ഇതിന‌ു പിന്നാലെയാണ‌് ആദിത്യനാഥിന്റെ പരാമർശം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top