18 July Thursday

ബംഗാളിലെ അക്രമം: പണിമുടക്കിൽനിന്ന‌് പിന്നോട്ടില്ലെന്ന്‌ ഐഎംഎ

സ്വന്തം ലേഖകൻUpdated: Monday Jun 17, 2019

ന്യൂഡൽഹി > പശ്ചിമബംഗാളിൽ ഡോക്ടർമാർക്ക‌് എതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച‌് തിങ്കളാഴ്ച ആഹ്വാനംചെയ‌്ത 24 മണിക്കൂർ ദേശീയ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന‌് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തിങ്കളാഴ‌്ച രാവിലെ ആറ‌ുമുതൽ ചൊവ്വാഴ‌്ച രാവിലെ ആറ‌ുവരെ അടിയന്തര സേവനങ്ങൾ ഒഴികെ മുഴുവൻ വിഭാഗവും സ‌്തംഭിപ്പിച്ച‌് പണിമുടക്കും. എമർജൻസി, കാഷ്വാലിറ്റി സേവനങ്ങൾ പതിവ‌ുപോലെ നടക്കും. ഡോക്ടർമാരുടെയും മെഡിക്കൽമേഖലയിലെ മറ്റ‌് ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ  കേന്ദ്രതലത്തിൽതന്നെ നിയമം രൂപീകരിക്കണമെന്നാണ‌് ഐഎംഎയുടെ ആവശ്യം.

പശ്ചിമബംഗാളിലെ അതിക്രമങ്ങളിൽ പ്രതിഷേധിച്ച‌് ഡോക്ടർമാർ വെള്ളിയാഴ‌്ചമുതൽ രാജ്യവ്യാപക പ്രക്ഷോഭത്തിലാണ‌്. നിയമനിർമാണം ആവശ്യപ്പെട്ട‌് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത‌് ഷാ ഉൾപ്പെടെയുള്ളവർക്ക‌് ഡോക്ടർമാർ കത്ത‌് നൽകി.  ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുമായി തുറന്ന ചർച്ചയ‌്ക്ക‌് തയ്യാറാണെന്ന‌് സമരം ചെയ്യുന്ന ഡോക്ടർമാർ അറിയിച്ചു. എന്നാൽ സെക്രട്ടറിയറ്റിൽ അടച്ചിട്ടമുറിയിലല്ല, മാധ്യമങ്ങളുടെ ഉൾപ്പെടെ സാന്നിധ്യത്തിലാവണം ചർച്ചയെന്ന‌്  നേതാക്കൾ അറിയിച്ചു. സമരത്തിന‌് പിന്തുണയുമായി രാജിസന്നദ്ധതയിയിച്ച‌് കൂടുതൽ ഡോക്ടർമാർ രംഗത്തെത്തി.  തിങ്കളാഴ‌്ച  രാവിലെ ആറുമുതൽ ചൊവ്വാഴ‌്ച രാവിലെ ആറുവരെ കേരളത്തിലും ഡോക‌്ടർമാർ പണിമുടക്കും. അത്യാഹിതവിഭാഗങ്ങളെ ബാധിക്കില്ലെങ്കിലും സ്വകാര്യ ആശുപത്രികളിലെ ഒപി വിഭാഗം നിശ്ചലമാകും.  ഡോക്ടർമാർ തിങ്കളാഴ‌്ച രാവിലെ 10ന‌് രാജ‌്ഭവനിലേക്ക‌് മാർച്ച‌് നടത്തി   ഗവർണർക്ക‌് നിവേദനം നൽകും.  സർക്കാർ ഡോക്ടർമാർ രണ്ട‌് മണിക്കൂർ ഒപി ബഹിഷ‌്കരിക്കും. അത്യാഹിതവിഭാഗം സാധാരണപോലെ പ്രവർത്തിക്കും.


പ്രധാന വാർത്തകൾ
 Top