14 December Saturday

സംസ്കൃതം ഫിറോസിന്‌ ജീവിതംതന്നെ; നിലവിൽ ജീവന്‌ ഭീഷണിയും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

ബനാറസ്‌ ഹിന്ദു സർവകലാശാല(ഫയൽ ചിത്രം)

 ലഖ്‌നൗ >    മുസ്ലിമായിപ്പോയെന്ന ഒറ്റക്കാരണത്താൽ പഠിച്ച വിഷയത്തിലെ അധ്യാപകനാകാൻ കഴിയാതെ ഒളിവിൽ കഴിയേണ്ട അവസ്ഥയിലാണ്‌ ജയ്‌പുർ സ്വദേശി ഫിറോസ്‌ഖാൻ. ബനാറസ്‌ ഹിന്ദു സർവകലാശാലയിൽ സംസ്കൃത വിദ്യ ധരം വിഗ്യാൻ വിഭാഗത്തിൽ സംസ്കൃത അധ്യാപകനായി നിയമിതനായ ഫിറോസ്‌ ഖാനാണ്‌ ഒരുവിഭാഗം വിദ്യാർഥികളുടെ എതിർപ്പിനെത്തുടർന്ന്‌ അവമതിപ്പിനിരയാകുന്നത്‌.  കുറച്ചുദിവസമായി ഒളിവിലാണ്‌ ഫിറോസ്‌ഖാൻ. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സ്വിച്ച്‌ ഓഫും.

മുസ്ലിംവിഭാഗക്കാരനായ ഒരാൾ തങ്ങളെ സംസ്‌കൃതം പഠിപ്പിക്കേണ്ടെന്നുപറഞ്ഞ്‌ ഒരുവിഭാഗം വിദ്യാർഥികൾ സമരമാരംഭിക്കുകയായിരുന്നു. ഫിറോസ്‌ സർവകലാശാലയിൽ അധ്യാപകനായി എത്തിയത്‌ നവംബർ ഏഴിനാണ്‌. അന്നുതൊട്ട്‌ ക്യാമ്പസിൽ സംഘപരിവാർ അനുകൂലികൾ കടുത്ത പ്രതിഷേധമാണ്‌ സംഘടിപ്പിക്കുന്നത്‌. 

"ഞാൻ ഇത്രയുംകാലം പഠിച്ചത്‌ സംസ്കൃതമാണ്‌. ഞാനൊരു മുസ്ലിമാണെന്ന കാര്യം അപ്പോഴൊന്നും ഓർത്തിട്ടില്ല. എന്നാൽ, ഇന്ന്‌ അത്‌ പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഞാനൊരു മുസ്ലിം ആണന്നതുമാത്രമാണ്‌ എല്ലാവരുടെയും പ്രശ്നം'– ഫിറോസ്‌ പറഞ്ഞു.

ജയ്‌പുരിൽനിന്ന്‌ 30 കിലോമിറ്റർ ദൂരെയുള്ള ഫിറോസിന്റെ മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തിൽപ്പോലും ഇതുവരെ ആരും ഈ വിഷയത്തിൽ പ്രതിഷേധം അറിയിച്ചിട്ടില്ല. സംസ്കൃതം അറിയുന്നപോലെ തനിക്ക്‌ ഖുറാൻപോലും അറിയില്ലെന്നും ഫിറോസ്‌ ദുഃഖത്തോടെ പറഞ്ഞു. സംസ്കൃതംവിഭാഗത്തിലെ അധ്യാപകനും ആർഎസ്‌എസുകാരനുമായിരുന്ന കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിലാണ്‌ എബിവിപി പ്രവർത്തകരായ വിദ്യാർഥികൾ സർവകലാശാലയിൽ പ്രതിഷേധിക്കുന്നത്‌.  എന്നാൽ, ഫിറോസിനെ അനുകൂലിക്കുന്ന നിരവധി പേരും സർവകലാശാലയിലുണ്ട്‌ .

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top