21 February Thursday

ദേശേർകഥ: അരങ്ങേറിയത‌് ഉന്നത ഗൂഢാലോചന

സ്വന്തം ലേഖകൻUpdated: Tuesday Oct 2, 2018

ന്യൂഡൽഹി
ത്രിപുരയിലെ ഇടതുപക്ഷ ദിനപത്രമായ ദേശേർകഥയുടെ രജിസ‌്ട്രേഷൻ റദ്ദാക്കാൻ അഗർത്തലയും ഡൽഹിയും കേന്ദ്രീകരിച്ച‌് നടന്നത‌് ഉന്നതതല രാഷ്ട്രീയ ഗൂഢാലോചന. തിങ്കളാഴ‌്ച രാവിലെ ആർഎൻഐ ദേശേർകഥയ‌്ക്ക‌് അനുവദിച്ച പുതുക്കിയ രജിസ‌്ട്രേഷൻ രാഷ്ട്രീയ സമ്മർദങ്ങളെത്തുടർന്ന‌് രാത്രിയോടെ നാടകീയമായി പിൻവലിക്കുകയായിരുന്നു. ഇതോടെ 40 വർഷത്തെ പാരമ്പര്യമുള്ള പത്രത്തിന്റെ പ്രസിദ്ധീകരണം ആദ്യമായി നിലച്ചു.

ത്രിപുരയിൽ ബിജെപി അധികാരത്തിലെത്തിയത‌ു മുതൽ ദേശർ കഥയെ ലക്ഷ്യംവച്ചിരുന്നു. 1979ലെ സ്വാതന്ത്ര്യദിനത്തിൽ അഗർത്തലയിൽനിന്ന‌് പ്രസിദ്ധീകരണം ആരംഭിച്ച ദേശേർകഥ  ചുരുങ്ങിയ കാലയളവിൽ ത്രിപുരയിൽ രണ്ടാമ‌ത‌് പ്രചാരണമുള്ള പത്രമായി വളർന്നു. ആദ്യ നാളുകളിൽ കോൺഗ്രസിന്റെ ദുർഭരണത്തിനെതിരായും തീവ്രവാദത്തിനെതിരായും ശക്തമായ നിലപാട‌് സ്വീകരിച്ചു. ഇത‌് പത്രത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു.  ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയശേഷം ദേശേർകഥയെ ലക്ഷ്യംവച്ച‌് വലിയ നീക്കമാരംഭിച്ചു. ദേശേർകഥയിലെ അഞ്ച‌് മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ടു. പത്രവിതരണം പലയിടത്തും തടസ്സപ്പെടുത്തി. എല്ലാ സർക്കാർ ബസ‌് ഡിപ്പോകളിലും ദേശേർകഥയ‌്ക്ക‌് വിലക്കേർപ്പെടുത്തി. ബസുകളിൽ ദേശേർകഥ കയറ്റാൻ പാടില്ലെന്നായിരുന്നു നിർദേശം. പത്രവിതരണത്തിനിടെ സിപിഐ എം പ്രവർത്തകർ പലയിടത്തും ആക്രമിക്കപ്പെട്ടു.

മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണവും പത്രവിതരണത്തിൽ സർക്കാർ സൃഷ്ടിക്കുന്ന തടസ്സങ്ങളും ചൂണ്ടിക്കാട്ടി പ്രസ‌്കൗൺസിലിന‌് ദേശേർകഥ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര സെക്രട്ടറിക്ക‌് പ്രസ‌് കൗൺസിൽ നോട്ടീസയച്ചു. ഇതോടെ സർക്കാർ കൂടുതൽ വൈരാഗ്യബുദ്ധിയോടെ നീങ്ങി.
വെസ്റ്റ‌് ത്രിപുര ജില്ലാ കലക്ടറെ ഉപയോഗപ്പെടുത്തിയായിരുന്നു കരുനീക്കങ്ങൾ. ദേശേർകഥയ‌്ക്കെതിരായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കലക്ടർ വിശദീകരണം തേടി. തൃപ‌്തികരമായ മറുപടി നൽകിയെങ്കിലും പുതുക്കിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ‌് എത്രയുംവേഗം സമർപ്പിക്കണമെന്നും അല്ലെങ്കിൽ പ്രസിദ്ധീകരണം തടയുമെന്നും കലക്ടർ ഭീഷണിമുഴക്കി. കലക്ടർ അന്ത്യശാസനം നൽകിയ ഒക്ടോബർ ഒന്നിന‌ുതന്നെ ആർഎൻഐയുടെ പുതുക്കിയ സർട്ടിഫിക്കറ്റ‌് സമർപ്പിച്ചു. അഡീഷണൽ പ്രസ‌് രജിസ‌്ട്രാർ കെ സതീഷ‌് നമ്പൂതിരിപ്പാട‌ിന്റെ ഒപ്പോടെയുള്ളതാണ‌് തിങ്കളാഴ‌്ച രാവിലെ അനുവദിച്ച പുതിയ സർട്ടിഫിക്കറ്റ‌്.
നീക്കം പൊളിഞ്ഞെന്ന‌് ബോധ്യപ്പെട്ട ബിജെപി നേതൃത്വം കലക്ടർക്ക‌ുമേൽ സമ്മർദം ശക്തമാക്കി. മുഖ്യമന്ത്രി ബിപ്ലവ‌് ദേ‌വ‌് നേരിട്ട‌് ഇടപെട്ടു. സബ‌്കലക്ടറുടെ സാക്ഷ്യപ്പെടുത്തലോടെയുള്ള രേഖകളാണ‌് സർട്ടിഫിക്കറ്റിനായി സമർപ്പിച്ചിട്ടുള്ളതെന്നും ഇത‌് അനുവദിക്കാനാകില്ലെന്നും കലക്ടർ ആർഎൻഐ അധികൃതരെ അറിയിച്ചു. ചട്ടപ്രകാരം സബ‌്കലക്ടറുടെ സാക്ഷ്യപ്പെടുത്തൽ സാധുവാണെങ്കിലും കലക്ടർ നേരിട്ട‌് എതിർപ്പ‌് അറിയിച്ചതോടെ ആർഎൻഐയും നിലപാട‌് മാറ്റി. അനുവദിച്ച സർട്ടിഫിക്കറ്റ‌് പിൻവലിക്കുന്നതായി ആർഎൻഐ അറിയിച്ചു. പ്രസിദ്ധീകരണം ഉടൻ അവസാനിപ്പിക്കാൻ നിർദേശിച്ചുള്ള കലക്ടറുടെ സന്ദേശം തിങ്കളാഴ‌്ച രാത്രി 9.45നാണ‌് ദേശേർകഥയ‌്ക്ക‌് ലഭിച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top