കോയമ്പത്തൂർ > ഭീകരർ എത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് തമിഴ്നാട്ടിലും കോയമ്പത്തൂരും കനത്ത സുരക്ഷ. ശനിയാഴ്ച പ്രധാനകേന്ദ്രങ്ങളിൽ കർശന പരിശോധന നടത്തി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, മാളുകൾ, വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റ്, സിനിമാ തിയറ്റർ എന്നിവിടങ്ങളിൽ പരിശോധനകൾ ശക്തമായി തുടരുകയാണ്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും കൂടുതൽ പരിശോധനകൾ നടത്തി.
ഞായറാഴ്ച ക്രിസ്ത്യൻ പള്ളികളിൽ കൂടുതൽ ആളുകൾ എത്തുന്നതിനാൽ മുഴുവൻ പള്ളികളിലെയും സുരക്ഷ വർധിപ്പിച്ചു.പരിശോധനകൾക്ക് ശേഷമേ വിശ്വാസികളെ പ്രവേശിപ്പിക്കു എന്ന് പൊലീസ് അറിയിച്ചു. ബോംബ് സ്ക്വാഡ് പള്ളികളിൽ പരിശോധന നടത്തി. റെയിൽവേ സ്റ്റേഷനിൽ മുഴുവൻ യാത്രക്കാരെയും പരിശോധനകൾക്ക് വിധേയമാക്കി. ഇതിനെ തുടർന്ന് അര മണിക്കൂർവരെ ട്രെയിനുകള്‍ വൈകി. കോയമ്പത്തൂരിലെ വിവിധ ഭാഗങ്ങളിലായി 50ഓളം ചെക്ക് പോസ്റ്റുകൾ പുതുതായി സ്ഥാപിച്ചു.
സൂലൂർ വ്യോമസേനാകേന്ദ്രം, ഊട്ടി, വെല്ലിങ്ടൺ സൈനിക കേന്ദ്രം എന്നിവിടങ്ങളിൽ സുരക്ഷ ബലപ്പെടുത്തി. ചെക്പോസ്റ്റിൽ നിന്നും മേട്ടുപ്പാളയം ബസ് സ്റ്റാൻഡ് വരെ കമാന്‍ഡോകള്‍ റൂട്ട് മാര്‍ച്ചും നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..