28 September Thursday
മതം നോക്കാതെ നടപടിയെടുക്കണം

വിദ്വേഷപ്രസംഗത്തില്‍ 
സ്വമേധയാ കേസെടുക്കണം ; ശക്തമായ ഇടപെടലുമായി സുപ്രീംകോടതി

എം അഖിൽUpdated: Friday Oct 21, 2022


ന്യൂഡൽഹി
രാജ്യത്ത്‌ വർധിച്ചുവരുന്ന വിദ്വേഷപ്രസംഗങ്ങൾക്കെതിരെ ആഞ്ഞടിച്ച്‌ സുപ്രീംകോടതി. വിദ്വേഷപ്രസംഗം ശ്രദ്ധയിൽപ്പെട്ടാലുടൻ പരാതിക്ക് കാത്തുനില്‍ക്കാതെയും മതം നോക്കാതെയും നടപടിയെടുക്കണം. അതുണ്ടായില്ലെങ്കിൽ കോടതി അലക്ഷ്യത്തിന്‌ നടപടിയെടുക്കും–- ജസ്റ്റിസുമാരായ കെ എം ജോസഫ്‌, ഹൃഷികേശ്‌ റോയ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിർദേശിച്ചു. ഡൽഹി, ഉത്തരാഖണ്ഡ്‌, ഉത്തർപ്രദേശ്‌ സംസ്ഥാന സര്‍ക്കാരുകളോടാണ് നിര്‍ദേശം. മൂന്ന് സംസ്ഥാനത്തും മതസമ്മേളനങ്ങളിൽ വിദ്വേഷപ്രസംഗം നടത്തിയവർക്കെതിരെ എന്ത്‌ നടപടിയെടുത്തെന്ന് വിശദീകരിക്കാനും സുപ്രീംകോടതി നിർദേശിച്ചു.

അധികൃതർ നടപടി സ്വീകരിക്കാത്തതിനാലാണ്‌ വിദ്വേഷപ്രസംഗങ്ങൾ ആവർത്തിക്കുന്നത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയുള്ള രാജ്യത്ത്‌ ആവർത്തിക്കുന്ന വിദ്വേഷപ്രസംഗങ്ങൾ മനംമടുപ്പിക്കുന്നു. ശാസ്‌ത്രീയവീക്ഷണം ഉയർത്തിപ്പിടിക്കണമെന്നാണ്‌ ഭരണഘടന പറയുന്നത്‌. എന്നാൽ, 21–-ാം നൂറ്റാണ്ടിൽ മതങ്ങളുടെ പേരിൽ നാം എവിടെ എത്തിനിൽക്കുന്നു? ദയനീയമായ അവസ്ഥയാണ് ഇത്–  ജഡ്‌ജിമാർ ചൂണ്ടിക്കാട്ടി.

‘രാജ്യത്ത്‌ വിദ്വേഷത്തിന്റെ കാലാവസ്ഥയാണ്‌ നിലവിലുള്ളത്‌. വിവിധ ജാതികളും മതങ്ങളും സഹവർത്തിത്വത്തോടെ കഴിഞ്ഞാൽ മാത്രമേ സാഹോദര്യം പുലരുകയുള്ളു. മുസ്ലീം മതവിഭാഗത്തിന്‌ നേരെ പല സ്ഥലങ്ങളിലും തീവ്രവർഗീയവിദ്വേഷപ്രചരണ പ്രവാഹം നടക്കുന്നുവെന്നാണ്‌ ഹർജിക്കാരന്റെ പരാതി. ചില വിദ്വേഷപ്രസംഗങ്ങള്‍ കോടതിയും പരിശോധിച്ചു. വിദ്വേഷപ്രസംഗങ്ങൾക്ക്‌ എതിരെ ഉത്തരവാദിത്വപ്പെട്ടവർ നിയമപ്രകാരം നടപടി എടുത്തില്ലെങ്കിൽ അതൃപ്‌തിയും രോഷവും ഉടലെടുക്കും. മതമോ പേരോ നോക്കാതെ വിദ്വേഷപ്രസംഗങ്ങൾ നടത്തിയവർക്ക്‌ എതിരെ നടപടി എടുത്താൽ മാത്രമേ ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാൻ പറ്റു’– ജഡ്‌ജിമാർ നിരീക്ഷിച്ചു.

രാജ്യത്ത്‌ മുസ്ലിംസമുദായത്തെ ലക്ഷ്യമിട്ട്‌ വിദ്വേഷപ്രചാരണം ശക്തമാകുന്നത് ചൂണ്ടിക്കാട്ടി ഷഹീൻ അബ്ദുള്ള നൽകിയ ഹർജിയാണ് പരി​ഗണിച്ചത്. ആവർത്തിച്ച്‌ പരാതിപ്പെട്ടിട്ടും സുപ്രീംകോടതി ഇടപെടുന്നില്ലെന്ന്‌ ഹർജിക്കാരനുവേണ്ടി  മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പരാതിപ്പെട്ടു. മുസ്ലിങ്ങൾ നടത്തുന്ന കടകൾ ബഹിഷ്‌കരിക്കണമെന്ന്‌ ബിജെപി എംപി പർവേശ്‌ വർമ നടത്തിയ പരാമർശവും ശ്രദ്ധയിൽപ്പെടുത്തി. മൗലികാവകാശം സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള സ്ഥാപനമെന്ന നിലയിൽ ഇടപെടുമെന്ന്‌ സുപ്രീംകോടതി ഉറപ്പുനൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top